വയനാട് ബാണാസുരസാഗര്‍ ഡാം റിസര്‍വോയറിന്റെ സമീപം റിസോര്‍ട്ട് നിര്‍മാണം നടക്കുന്ന സ്ഥലത്ത് ഉരുള്‍പൊട്ടലും മണ്ണിടിച്ചിലുമുണ്ടായ സാഹചര്യത്തില്‍ ഇനി ഒരു അറിയിപ്പുണ്ടാകുന്നതുവരെ നിര്‍മാണ പ്രവൃത്തികള്‍ നിറുത്തിവയ്ക്കാന്‍ റവന്യൂവകുപ്പ് ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കി. കഴിഞ്ഞ ദിവസം സബ് കളക്ടര്‍ എന്‍.എസ്.കെ ഉമേഷ് സ്ഥലം സന്ദര്‍ശിച്ചിരുന്നു. വില്ലേജ് ഓഫിസ് അധികാരികള്‍ മുഖേനെയാണ് സ്റ്റോപ്പ് മെമ്മോ നല്‍കിയത്. ജിയോളജിസ്റ്റ് സ്ഥലം സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് നല്‍കിയതിനുശേഷം മാത്രമേ ഇവിടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടരാന്‍ അനുമതി നല്‍കണോ വേണമോ എന്നു തീരുമാനിക്കുകയുള്ളുവെന്നും സബ് കളക്ടര്‍ അറിയിച്ചു.
നിര്‍മാണത്തിലിരിക്കുന്നതും പ്രവര്‍ത്തിക്കുന്നതുമായ നിരവധി റിസോര്‍ട്ടുകളുള്‍പ്പെട്ട സ്വകാര്യ ഭൂമിയിലാണ് കനത്ത മഴയോടൊപ്പം ഉരുള്‍പൊട്ടലും മണ്ണിടിച്ചിലുമുണ്ടായത്. ഡാമിലേക്കാണ് മണ്ണും വെള്ളവും കുത്തിയൊഴുകിയെത്തിയത്. പടിഞ്ഞാറെത്തറ കുറ്റിയാംവയല്‍ താണ്ടിയോട് ഭാഗത്ത് നിര്‍മാണം നടന്നുവരുന്ന റിസോര്‍ട്ടിന്റെ ഭാഗത്തുണ്ടായ മണ്ണിടിച്ചില്‍ പുറംലോകം അറിയാതിരിക്കാന്‍ ഇവിടം പൂര്‍ണ്ണമായും പ്ലാസ്റ്റിക് ഷീറ്റുപയോഗിച്ച് മറച്ച നിലയാണെന്നു റവന്യൂവകുപ്പ് കണ്ടെത്തി. കുന്നിന്‍മുകളില്‍ 75 വില്ലകളാണ് നിര്‍മിച്ചു കൊണ്ടിരിക്കുന്നത്.