വയനാട്: പ്രളയാനന്തര സര്‍വ്വേ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് വിജയപ്പിച്ച് മാതൃകയാവുകയാണ് വയനാട് എന്‍ജിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥികള്‍. തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്തിന്റെ അപേക്ഷ പ്രകാരം വിദ്യാര്‍ത്ഥികള്‍ പഞ്ചായത്തിലെ സമഗ്ര സര്‍വ്വേ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുകയായിരുന്നു. കോളേജിലെ എന്‍.എസ്.എസ് വളണ്ടിയര്‍മാരും മറ്റു വിദ്യാര്‍ത്ഥികളും അദ്ധ്യാപകരുമടങ്ങുന്ന ടീമാണ് സര്‍വ്വേ നടത്താന്‍ മുന്നിട്ടെത്തിയത്. 50 വിദ്യാര്‍ത്ഥികളും പത്ത് ജീവനക്കാരുമടങ്ങുന്ന സംഘം 800 മണിക്കൂര്‍ ജോലി ചെയ്താണ് സര്‍വ്വേ പൂര്‍ത്തീകരിച്ചത്. ഗ്രാമപഞ്ചായത്ത് വാര്ഡുമെമ്പര്മാരുമായി സംസാരിച്ച് ആഗസറ്റ് ഇരുപത്തിയൊന്നോടെയാണ് സര്‍വ്വേ തീരുമാനിച്ചത്. തുടര്‍ന്ന് 22ന് എല്ലാ വിവരങ്ങളും ഉള്‍ക്കൊള്ളുന്ന പ്രിന്റഡ് അപേക്ഷാഫോം ഉപയോഗിച്ചു 23ന് തുടങ്ങിയ സര്‍വ്വേ പ്രവര്‍ത്തനങ്ങള്‍ സെപ്റ്റംബര്‍ ഏഴിന് പൂര്‍ത്തിയാക്കുകയായിരുന്നു.
നഷ്ടപ്പെട്ട രേഖകള്‍, തകര്‍ന്ന വഴി – പാലം – കിണര്‍ – വീട്, കേടുപാടു സംഭവിച്ച വീട്ടുപകരണങ്ങള്‍ – ഇലക്ട്രോണിക്സ് – വസ്ത്രങ്ങള്‍ – വാഹനങ്ങള്‍ – പഠനോപകരണങ്ങള്‍ കൂടാതെ സ്ഥലം, സര്‍വ്വേ നമ്പര്‍, കൃഷി, മണ്ണിടിച്ചില്‍, വളര്‍ത്തുമൃഗങ്ങള്‍ തുടങ്ങി മുഴുവന്‍ നഷ്ട വിവരങ്ങളും ഫോമില്‍ ഉള്‍പ്പെടുത്തിയായിരുന്നു സര്‍വ്വേ. എന്‍ജിനീയറിംഗ് കോളേജ് ഫ്ളഡ് റിലീഫ് കോ – ഓര്‍ഡിനേറ്റര്‍ ടി. ജ്യോതിയുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത്. കോളേജിലെ മുഴുവന്‍ ജീവനക്കാരുടെയും പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍മാരുടെയും ജീവനക്കാരുടെയും സഹകരണവും കണക്കെടുപ്പ് സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ സഹായിച്ചു.
