കുമ്പളങ്ങി ഗ്രാമ പഞ്ചായത്തിലെ വേലിയേറ്റത്തിന് ശാശ്വത പരിഹാരമായി ആധുനിക ഷട്ടര്‍ സ്ലൂയിസ് നിര്‍മ്മിക്കുന്നു. സ്ലൂയിസിന്റെ നിര്‍മ്മാണ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ലീജ തോമസ് ബാബു നിര്‍വഹിച്ചു. പഞ്ചായത്തിലെ 13, 14, 15, 16 വാര്‍ഡുകളില്‍ ഓരു വെള്ളം കയറാതിരിക്കാന്‍ 19 ലക്ഷം രൂപ മുടക്കിയാണ് ഷട്ടര്‍ സ്ലൂയിസ് നിര്‍മ്മിക്കുന്നത്.

കുമ്പളങ്ങിയുടെ പടിഞ്ഞാറന്‍ മേഖലകളിലൂടെ കടന്നുപോകുന്ന നാട്ടു തോടിനെ കായലുമായി ബന്ധിപ്പിക്കുന്ന പ്രധാന ഭാഗങ്ങളില്‍ ഒന്നാണ് ചാലാ വീട്ടില്‍. ഓരു വെള്ളം കയറുന്നതിന് പരമ്പരാഗത രീതിയില്‍ വിവിധ സ്ഥലത്ത് ബണ്ട് കെട്ടിയാണ് ഇതുവരെ വേലിയേറ്റത്തിനെതിരെ നടപടി സ്വീകരിച്ചിരുന്നത്. ആധുനിക രീതിയിലുള്ള ഷട്ടര്‍ സ്ലുയിസ് വേലിയേറ്റദുരിതത്തില്‍ നിന്നും പ്രദേശത്തെ ജനങ്ങള്‍ക്ക് ഏറെ ആശ്വാസമാകും.

പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എ സഗീര്‍ ജില്ലാ പഞ്ചായത്ത് അംഗം ദീപു കുഞ്ഞു കുട്ടി, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജാസ്മിന്‍ രാജേഷ്, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജെന്‍സി ആന്റണി എന്നിവര്‍ പങ്കെടുത്തു.