റോഡ് വികസനം നാടിന്റെ വികസനത്തിന്റെ പ്രധാന ഘടകമാണെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. പാണ്ടിപ്പാടം ചീർപ്പിങ്ങൽ പാലക്കൽ റോഡ്, കലം കൊള്ളിപ്പടന്ന റോഡ് എന്നിവയുടെ നവീകരണ പ്രവൃത്തി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. അരീക്കോട് മീഞ്ചന്ത വട്ടകിണർ മേൽപ്പാലം, ഫറോക്ക് പേട്ട ജംഗ്ഷൻ നവീകരണം, ഫറോക്ക് മിനി സിവിൽ സ്റ്റേഷൻ തുടങ്ങി മണ്ഡലത്തിലെ വിവിധ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്ക് ഭരണാനുമതി ലഭിച്ചതായും മന്ത്രി അറിയിച്ചു. ഫറോക്ക് നഗരസഭ ചെയർമാൻ എൻ.സി റസാഖ് അധ്യക്ഷത വഹിച്ചു.

പാണ്ടിപ്പാടം ചീർപ്പിങ്ങൽ പാലക്കൽ റോഡിന് 89 ലക്ഷവും കലം കൊള്ളിപ്പടന്ന റോഡിന് 42.14 ലക്ഷവുമാണ് നവീകരണ പ്രവൃത്തിക്കായി അനുവദിച്ചത്. തീരദേശ റോഡുകളുടെ നവീകരണ പ്രവൃത്തിയിൽ ഉൾപെടുത്തിയാണ് പദ്ധതിക്ക് തുക വകയിരുത്തിരിക്കുന്നത്. ഹാർബർ എഞ്ചിനീയറിങ് വകുപ്പിനാണ് നിർമ്മാണ ചുമതല.അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എൻജിനീയർ ഡാരിസ് പോൾ റിപ്പോർട്ട് അവതരിപ്പിച്ചു. കൗൺസിലർമാരായ ലിനിഷ എ, ലൈല കെ പി, മുൻ കൗൺസിലർ ചന്ദ്രമതി എന്നിവർ സംസാരിച്ചു. വാർഡ് കൗൺസിലർ ദീപിക പി സ്വാഗതവും സംഘാടകസമിതി കൺവീനർ ജയേഷ് നന്ദിയും പറഞ്ഞു.