സാമൂഹ്യസുരക്ഷാപദ്ധതികളില്‍ ജില്ലയിലെ അര്‍ഹരായ മുഴുവന്‍ ആളുകളെയും ഉള്‍പ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ലീഡ് ബാങ്ക് നടപ്പിലാക്കുന്ന ‘സുരക്ഷ -2023’ പദ്ധതി പൂര്‍ത്തീകരിച്ച ജില്ലയിലെ ആദ്യ ട്രൈബല്‍ സെറ്റില്‍മെന്റ് ഏരിയയായി ചീങ്ങേരി.

സെറ്റില്‍മെന്റിലെ മുഴുവന്‍ പേര്‍ക്കും 2 ലക്ഷം രൂപയുടെ അപകട ഇന്‍ഷുറന്‍സ് നല്‍കിയാണ് നേട്ടം കൈവരിച്ചത്. 20 രൂപ വാര്‍ഷിക പ്രീമിയത്തില്‍ 2 ലക്ഷം രൂപയുടെ പരിരക്ഷ നല്‍കുന്ന പ്രധാന്‍ മന്ത്രി സുരക്ഷ ബീമാ യോജനയാണ് ലീഡ് ബാങ്കിന്റെ നേതൃത്വത്തില്‍ ചീങ്ങേരിയില്‍ വിതരണം ചെയ്തത്. ബ്രഹ്മഗിരി ഡെവലപ്പ്മെന്റ് സൊസൈറ്റിയുടെ സഹകരണത്തോടെ അമ്പലവയല്‍ ഗ്രാമപഞ്ചായത്തിലെ 3,4,6,19,20 വാര്‍ഡുകള്‍ ഉള്‍പ്പെടുന്ന ട്രൈബല്‍ സെറ്റില്‍മെന്റ് ഏരിയയിലെ മുഴുവന്‍ വീടുകളും സന്ദര്‍ശിച്ചാണ് ഗുണഭോക്താക്കളെ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയത്.

അപേക്ഷകള്‍ ബ്രഹ്മഗിരി ചെയര്‍മാന്‍ ടി. സുകുമാരന്‍ നായരില്‍ നിന്ന് ജില്ലാ കളക്ടര്‍ ഡോ.രേണുരാജ്, ലീഡ് ബാങ്ക് മാനേജര്‍ ബിബിന്‍ മോഹന്‍ എന്നിവര്‍ ഏറ്റുവാങ്ങി. ബ്രഹ്മഗിരി ഡെവലപ്പ്മെന്റ് സൊസൈറ്റിയെ മെമെന്റോ നല്‍കി ജില്ലാ കളക്ടര്‍ അനുമോദിച്ചു.

ചേമ്പറില്‍ നടന്ന ചടങ്ങില്‍ എ.ഡി.എം എന്‍.ഐ ഷാജു, നബാര്‍ഡ് ഡി.ഡി. എം വി.ജിഷ, തരിയോട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ ഷമീം പാറക്കണ്ടി തുടങ്ങിയവര്‍ പങ്കെടുത്തു. സുരക്ഷ സ്‌കീം പൂര്‍ത്തീകരിച്ച ജില്ലയിലെ ആദ്യ വാര്‍ഡ് തരിയോട് ഗ്രാമപഞ്ചായത്തിലെ ചെന്നലോട് ആണ്. ജില്ലാ ഭരണകൂടത്തിന്റെയും,നബാര്‍ഡിന്റെയും, ഭാരതീയ റിസര്‍വ് ബാങ്കിന്റെയും സംയുക്ത ആഭിമുഖ്യത്തിലാണ് ലീഡ് ബാങ്ക് സുരക്ഷ പദ്ധതി നടപ്പിലാക്കുന്നത്.