മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ഫണ്ട് ശേഖരണത്തിനായി നെയ്യാറ്റിൻകര താലൂക്കിൽ സംഘടിപ്പിച്ച ധനശേഖരണ യജ്ഞത്തിലൂടെ ലഭിച്ചത് 2.48 കോടി രൂപ. നെയ്യാറ്റിൻകര ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിൽ 14 സെപ്റ്റംബർ രാവിലെ പത്തു മുതൽ ഒരുമണി വരെ നീണ്ടുനിന്ന ധനശേഖരണത്തിലൂടെയാണ് 2,48,32,980 രൂപ പിരിഞ്ഞുകിട്ടിയത്. ദേവസ്വം-സഹകരണം-ടൂറിസം വകുപ്പു മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നേതൃത്വത്തിലായിരുന്നു ധനശേഖരണ യജ്ഞം.

നെയ്യാറ്റിൻകര താലൂക്ക് ഓഫീസിന്റെ നേതൃത്വത്തിൽ റവന്യു വകുപ്പ് 54.46 ലക്ഷം രൂപയാണ് ധനസഹായമായി നൽകിയത്. താലൂക്കിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ 1.34 കോടി രൂപ നൽകി. ഇതിൽ പാറശ്ശാല പഞ്ചായത്തിന്റെ നേതൃത്വത്തിൽ മാത്രം 25.79 ലക്ഷം രൂപ സമാഹരിച്ചു. വെള്ളറട പഞ്ചായത്ത് 15 ലക്ഷവും അതിയന്നൂർ, കൊല്ലയിൽ, ബാലരാമപുരം, ചെങ്കൽ, കാരോട് ഗ്രാമപഞ്ചായത്തുകൾ 10 ലക്ഷം വീതവും നൽകി.

കുന്നത്തുകാൽ പഞ്ചായത്ത് 7.35 ലക്ഷം രൂപ നൽകിയപ്പോൾ പെരുങ്കടവിള, കോട്ടുകാൽ, പള്ളിച്ചൽ പഞ്ചായത്തുകൾ ഏഴു ലക്ഷം വീതവും പാറശാല ബ്ലോക്ക് 7.5 ലക്ഷവും നെയ്യാറ്റിൻകര മുൻസിപ്പാലിറ്റി അഞ്ച് ലക്ഷവും പൂവാർ പഞ്ചായത്ത് 3.7 ലക്ഷവും പെുരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത് 10 ലക്ഷവും കേരളത്തിന്റെ പുനർനിർമിതിക്കായി നൽകി. നിംസ് ഫൗണ്ടേഷൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ നൽകി. ഫൗണ്ടേഷൻ പ്രതിനിധികളും വിദ്യാർഥികളും ചേർന്ന് ചെക്ക് മന്ത്രി കടകംപള്ളി സുരേന്ദ്രനു കൈമാറി.

എം.എൽ.എ മാരായ സി.കെ ഹരീന്ദ്രൻ, കെ. ആൻസലൻ, ഐ.ബി. സതീഷ്, ജില്ലാ കളക്ടർ ഡോ. കെ. വാസുകി, എ.ഡി.എം വി.ആർ. വിനോദ് തുടങ്ങിയവർ ധനശേഖരണ യജ്ഞത്തിനു നേതൃത്വം നൽകി.