· 530.63 ടണ്‍ അജൈവ മാലിന്യം സംസ്‌കരണത്തിനായി കൈമാറി
പ്രളയാനന്തര ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയില്‍ നിന്നും ശേഖരിച്ച 530.63 ടണ്‍ അജൈവ മാലിന്യം സംസ്‌കരണത്തിനായി ക്ലീന്‍ കേരള മിഷന് കൈമാറി. ജില്ലയിലെ 24 തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ പരിധിയില്‍ നിന്നാണ് ഇത്രയും മാലിന്യം ശേഖരിച്ചത്. ആഗസ്റ്റ് 30 ന് നടത്തിയ മിഷന്‍ ക്ലീന്‍ വയനാട് ശുചീകരണ യജ്ഞത്തിലൂടെയാണ് മാലിന്യശേഖരണം നടന്നത്. വാര്‍ഡ് അടിസ്ഥാനത്തില്‍ ശേഖരിച്ച അജൈവ മാലിന്യങ്ങള്‍ ഗ്രാമപഞ്ചായത്ത് തലത്തില്‍ പൊതു കേന്ദ്രത്തില്‍ സൂക്ഷിക്കുകയായിരുന്നു. ഇവയാണ് ക്ലീന്‍ കേരള കമ്പനി, കേരള സ്‌ക്രാപ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ എന്നിവ മുഖേന നീക്കം ചെയ്തത്. മാനന്തവാടി, കല്‍പ്പറ്റ നഗരസഭകളില്‍ നിന്ന് ശേഖരിക്കപ്പെട്ട മാലിന്യങ്ങള്‍ നഗരസഭകളുടെ സ്വന്തം ഉത്തരവാദിത്വത്തിലാണ് നീക്കം ചെയ്തത്. ശേഖരിക്കപ്പെട്ട ജൈവ മാലിന്യങ്ങള്‍ അതാതിടങ്ങളില്‍ തന്നെ സംസ്‌കരിച്ചു. സെപ്തംബര്‍ ഒന്നിന് കമ്പളക്കാട് ബസ്സ് സ്റ്റാന്റ് പരിസരത്ത് ജില്ലാ കളക്ടര്‍ എ.ആര്‍.അജയകുമാര്‍ ആദ്യ ലോഡിന് ഫ്‌ളാഗ് ഓഫ് ചെയ്തു. ഇതുവരെ 77 ലോഡ് മാലിന്യങ്ങളാണ് ജില്ലയില്‍ നിന്നും കൈമാറിയത്. ജില്ലാ ഭരണകൂടം ഹരിത കേരളം മിഷന്‍, ശുചിത്വമിഷന്‍ എന്നിവയുടെ നേതൃത്വത്തില്‍ തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടുകൂടിയാണ് മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നത്.
തദ്ദേശ ഭരണ സ്ഥാപനങ്ങളില്‍ നിന്ന് നീക്കം ചെയ്ത അജൈവ മാലിന്യത്തിന്റെ അളവ് കിലോഗ്രാമില്‍: അമ്പലവയല്‍ – 21580 , മുളളന്‍ക്കൊല്ലി—5980, നെന്മേനി 19310, നൂല്‍പ്പുഴ 8290 , പൂതാടി 53205, പുല്‍പ്പള്ളി 8390, വെളളമുണ്ട 6335, പനമരം 11955, തിരുനെല്ലി 6580, തൊണ്ടര്‍നാട് 8105, തവിഞ്ഞാല്‍ 6000, എടവക 5710, കോട്ടത്തറ 21780, മേപ്പാടി 19135, മൂപ്പൈനാട് 22950, വൈത്തിരി 22560, പൊഴുതന 26730, കണിയാമ്പറ്റ 134725, മുട്ടില്‍ 18820, തരിയോട് 29325, പടിഞ്ഞാറത്തറ 7875, വെങ്ങപ്പള്ളി 8110, മീനങ്ങാടി 8415, സുല്‍ത്താന്‍ ബത്തേരി നഗരസഭ 48770.
വികേന്ദ്രികൃത മാലിന്യ ശേഖരണ സംസ്‌കരണ സംവിധാനങ്ങള്‍ക്ക് ജില്ലയിലെ ഭൂരിഭാഗം തദ്ദേശഭരണ സ്ഥാപനങ്ങളും പദ്ധതികള്‍ ആവിഷ്‌കരിച്ചു വരികയാണ്. വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും വൃത്തിയാക്കിയ അജൈവ മാലിന്യങ്ങള്‍ നിശ്ചിത തുക യൂസര്‍ ഫീ ഈടാക്കി ശേഖരിക്കാനാണ് തീരുമാനം. ഹരിത കര്‍മ്മ സേനകള്‍ വഴിയാണ് മാലിന്യം ശേഖരിക്കുക. കല്‍പ്പറ്റ നഗരസഭയിലും, മീനങ്ങാടി, മൂപ്പൈനാട്, വൈത്തിരി ഗ്രാമപഞ്ചായത്തുകളിലും ഹരിത കര്‍മ്മ സേനയുടെ നേതൃത്വത്തില്‍ മാലിന്യ ശേഖരണം തുടങ്ങി. നവംബര്‍ മാസത്തോടുകൂടി ജില്ലയിലെ മുഴുവന്‍ തദ്ദേശ ഭരണ സ്ഥാപനങ്ങളിലും ഹരിത കര്‍മ്മ സേനകളുടെ പ്രവര്‍ത്തനം വിപുലപ്പെടുത്തും. സ്വച്ഛ് ഭാരത് മിഷന്‍ ഗ്രാമീണ്‍ പദ്ധതിയുടെ ഭാഗമായി മുഴുവന്‍ ഗ്രാമപഞ്ചായത്തുകള്‍ക്കും 20 ലക്ഷം രൂപയുടെ മാലിന്യ സംസ്‌കരണ പദ്ധതികള്‍ നടപ്പിലാക്കുന്നതിന് ജില്ലാ ശുചിത്വമിഷന്‍ ഫണ്ട് അനുവദിച്ചിട്ടുണ്ട്.