പറവൂര്‍: തുടര്‍ച്ചയായി നടക്കുന്ന ഊര്‍ജിത ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഫലമായി ചേന്ദമംഗലം പ്രളയാനന്തര മാലിന്യ മുക്ത ഗ്രാമമാകും. ഈ മാസം 13ന് ആരംഭിച്ച ശുചീകരണ പ്രവര്‍ത്തനങ്ങളിലൂടെ 150 ലോഡ് മാലിന്യമാണ് ഇവിടെ നിന്നും നീക്കം ചെയ്തത്. പതിനേഴ് ടോറസുകളും അഞ്ച് ടിപ്പറുകളും ഇതിനായി നിരന്തരം സേവനം നടത്തി. ബ്രഹ്മപുരം, കളമശേരി എന്നിവിടങ്ങളിലെ സംഭരണ കേന്ദ്രങ്ങളിലേക്കാണ് മാലിന്യങ്ങള്‍ കൊണ്ടു പോയത്. ചേന്ദമംഗലം പാലിയം ജംഗ്ഷന് മുതല്‍ ഗോതുരുത്ത് വരെ പൊതുനിരത്തുകളിലും പറമ്പുകളിലും വലിയ മാലിന്യ കൂമ്പാരങ്ങളാണ് ഉണ്ടായിരുന്നത്. ഇതില്‍ പല്ലംതുരുത്ത്, ഭരണിമുക്ക്, കരിമ്പാടം, കൊട്ടത്താല്, പാലിയം നട, ചേന്ദമംഗലം പഞ്ചായത്ത് ഓഫീസിന് മുന്‍വശം, വടക്കുംപുറം, കൊച്ചങ്ങാടി, ഗോതുരുത്ത് എന്നിവിടങ്ങളിലെ മാലിന്യ കൂമ്പാരങ്ങള്‍ നീക്കം ചെയ്തു. വലിയ പഴമ്പിള്ളി തുരുത്ത്, കരിമ്പാടം എന്നിവിടങ്ങളിലെ മാലിന്യം അടുത്ത ദിവസങ്ങളില്‍ നീക്കും.
ജില്ലയിലെ ഏറ്റവും വലിയ പ്രളയ ബാധിത പഞ്ചായത്തുകളായ കുന്നുകര, കാലടി, കാഞ്ഞൂര്‍, മലയാറ്റൂര്‍, നീലേശ്വരം, കൂവപ്പടി എന്നിവിടങ്ങളിലെ നൂറ് ശതമാനം ജൈവ അജൈവ മാലിന്യങ്ങളും ഇമാലിന്യങ്ങളും നിര്‍മാര്‍ജനം ചെയ്തു. കടമക്കുടി, നെടുമ്പാശേരി, വരാപ്പുഴ, വടക്കേക്കര, ചെങ്ങമനാട്, പുത്തന്‍വേലിക്കര, ശ്രീമൂലനഗരം, പാറക്കടവ്, ഒക്കല്‍ എന്നീ പഞ്ചായത്തുകളിലെ മാലിന്യ നിര്‍മാര്‍ജനം ഞായറാഴ്ചയോടെ നൂറ് ശതമാനം കൈവരിക്കും. അടുത്ത ദിവസങ്ങളില്‍ ചേരാനല്ലൂര്‍, ആലങ്ങാട്, കടുങ്ങല്ലൂര്‍, കരുമാല്ലൂര്‍, കോട്ടുവള്ളി, ചൂര്‍ണിക്കര, ചിറ്റാറ്റുകര, ചേന്ദമംഗലം എന്നീ പഞ്ചായത്തുകളും മാലിന്യ മുക്തമാകുമെന്ന് നോഡല്‍ ഓഫീസര്‍ ടിമ്പിള്‍ മാഗി പറഞ്ഞു. പകര്‍ച്ച വ്യാധികളെ ഒരു പരിധി വരെ നേരിടാന്‍ ഇത്തരം ഊര്‍ജിത ശുചീകരണ പ്രവര്‍ത്തനങ്ങളിലൂടെ കഴിഞ്ഞു എന്നത് പ്രശംസനീയമാണ്.
ക്യാപ്ഷന്‍: ചേന്ദമംഗലം പഞ്ചായത്ത് ഓഫീസിന് മുന്നിലുള്ള മാലിന്യങ്ങള്‍ ജെ.സി.ബി ഉപയോഗിച്ച് നീക്കം ചെയ്യുന്നു.