കൊച്ചി: പ്രളയക്കെടുതിയെ തുടര്‍ന്നുണ്ടായ നാശനഷ്ടങ്ങള്‍ വിലയിരുത്താന്‍ ജില്ലയിലെത്തിയ എട്ട് പേരടങ്ങുന്ന ലോകബാങ്ക്, എഡിബി സംഘം മൂന്ന് ടീമുകളായി തിരിഞ്ഞാണ് സന്ദര്‍ശനം പൂര്‍ത്തിയാക്കിയത്. ലോകബാങ്ക് പ്രതിനിധികളായ വിനായക് ജഖാട്ടെ, യാഷിക്ക മാലിക്, എഡിബി പ്രതിനിധി ജയകുമാര്‍ എന്നിവരടങ്ങുന്ന ടീമാണ് പറവൂരിലെയും ചേന്ദമംഗലത്തെയും പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചത്. പ്രിയങ്ക ദേശ്പാണ്ഡെ, പി.ജി. കുര്യന്‍ എന്നിവരടങ്ങുന്ന സംഘവും ദീപ, പീയുഷ്, അലോക് ഭരദ്വാജ് എന്നിവരുടെ മറ്റൊരു സംഘവും സന്ദര്‍ശനം നടത്തി. പറവൂര്‍, ആലുവ, കൊച്ചി, കുന്നത്തുനാട്, മുവാറ്റുപുഴ താലൂക്കുകളിലാണ് സംഘം സന്ദര്‍ശനം നടത്തിയത്.
ഡെപ്യൂട്ടി കളക്ടര്‍ എം.വി. സുരേഷ് കുമാറിന്റെ നേതൃത്വത്തില്‍ വിനായക് ജഖാട്ടെ ഉള്‍പ്പടെയുള്ള ലോകബാങ്ക് സംഘം കൊച്ചി താലൂക്കില്‍ പള്ളിപ്പുറം പഞ്ചായത്ത് 13 ാം വാര്‍ഡ് ചെറായിയിലെ പൊക്കാളി പാടശേഖരത്തിലെ കൃഷിനാശമാണ് ആദ്യം സന്ദര്‍ശിച്ചത്. ജൂണ്‍ മാസം മുതല്‍ പാടങ്ങള്‍ വെള്ളത്തിനടിയിലാണെന്നും വെള്ളം പമ്പ് ചെയ്ത് കളയുകയാണ് ചെയ്തിരുന്നതെന്നും കര്‍ഷകര്‍ പറഞ്ഞു. എന്നാല്‍ ഇടയ്ക്കിടെ വൈദ്യുതി മുടക്കവും വോള്‍ട്ടേജ് ക്ഷാമവും മൂലം വെള്ളം പമ്പ് ചെയ്യുന്നത് ഫലപ്രദമായില്ല. തുടര്‍ന്ന് മഴ കനത്തതോടെ പമ്പ് ഹൗസുകള്‍ വരെ മുങ്ങുകയും പാടശേഖരം പൂര്‍ണ്ണമായി വെള്ളത്തിനടിയിലായി. ആറുമാസം മത്സ്യകൃഷിയും ആറു മാസം പൊക്കാളി നെല്‍കൃഷിയും ചെയ്തിരുന്ന പാടശേഖരങ്ങളാണിവ. 90% പൊക്കാളി പാടശേഖരങ്ങളും വെള്ളം കയറി നശിച്ച നിലയിലാണ്.
കരിമ്പാടം കൈത്തറി നെയ്ത്ത് സഹകരണ സംഘത്തിന്റെ ചേന്ദമംഗലം കൈത്തറി സെയില്‍സ് ഡിപ്പോയിലെത്തിയ ലോകബാങ്ക് സംഘം തറികളുടെ നഷ്ടവും നെയ്ത്ത് ഉപകരണങ്ങളുടെ നാശവും നേരില്‍ക്കണ്ടു. കൈത്തറി മേഖലയില്‍ ആകെ നാലു കോടിയുടെ നാശനഷ്ടമാണ് കണക്കാക്കിയിരിക്കുന്നത്. 264 തറികള്‍ നശിച്ചു. 182 കോട്ടേജ് തറികളും നശിച്ചു. 5628 ജീവനക്കാരെ നഷ്ടം നേരിട്ട് ബാധിച്ചു. കരിമ്പാടത്തെ നെയ്ത്ത് സംഘത്തില്‍ 24 ലക്ഷത്തിന്റെ നാശമാണുണ്ടായത്. 56 തറികളാണ് ഇവിടെ നശിച്ചത്. നെയ്ത്ത് സഹകരണ സംഘത്തിന്റെ പ്രവര്‍ത്തനത്തെക്കുറിച്ചുള്ള പൂര്‍ണ്ണ വിവരങ്ങള്‍ സംഘം ചോദിച്ചറിഞ്ഞു. കൈത്തറി വസ്ത്രങ്ങളുടെ നിര്‍മ്മാണം, നെയ്ത്ത്, വില്‍പ്പന, തൊഴിലാളികള്‍ക്ക് ലഭിക്കുന്ന വരുമാനം, പ്രതിവര്‍ഷ വരുമാനം തുടങ്ങിയ വിവരങ്ങള്‍ തൊഴിലാളികള്‍ സംഘത്തിന് വിശദീകരിച്ചു നല്‍കി.
തുടര്‍ന്ന് മുസിരിസ് പൈതൃക പദ്ധതിയില്‍ ഉള്‍പ്പെട്ട ചേന്ദമംഗലം പാലിയം കൊട്ടാരത്തില്‍ ലോക ബാങ്ക് സംഘമെത്തി പ്രളയം മൂലമുണ്ടായ നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് നടത്തി. കൊട്ടാരത്തിന്റെ ഒന്നാം നിലയില്‍ വെള്ളം കയറിയതോടെ പ്രദര്‍ശന വസ്തുക്കള്‍ക്കെല്ലാം കേടുപാടുകള്‍ സംഭവിച്ചു. ഒന്നും തന്നെ നഷ്ടപ്പെട്ടിട്ടില്ല. രണ്ടായിരത്തോളം താളിയോല ഗ്രന്ഥങ്ങള്‍, പാലിയം അമ്പലവുമായി ബന്ധപ്പെട്ട ആഭരണപ്പെട്ടികള്‍, വെളളിപ്പാത്രങ്ങള്‍, നെറ്റിപ്പട്ടം, എഴുന്നള്ളിപ്പിന് ഉപയോഗിക്കുന്ന വെള്ളിക്കുടകള്‍ എന്നിവയെല്ലാം വെള്ളത്തില്‍ നശിച്ചു. യുനെസ്‌കോ അംഗീകാരമുള്ള ഐകോമോസ് എന്ന സംഘടന ഇപ്പോള്‍ പ്രദര്‍ശന വസ്തുക്കള്‍ക്ക് സംഭവിച്ച കേടുപാടുകള്‍ നീക്കം ചെയ്ത് വരികയാണ്. മുസിരിസ് പൈതൃക പദ്ധതിയുടെ ആസ്ഥാനമായ കൊടുങ്ങല്ലൂര്‍ പുല്ലൂറ്റിലെ ഓഫീസിലാണ് നാശനഷ്ടം സംഭവിച്ച താളിയോലകള്‍ സൂക്ഷിച്ചിരിക്കുന്നത്. പ്രളയത്തിന് ശേഷമുള്ള കൊട്ടാരത്തിന്റെ വീണ്ടെടുപ്പിനായി ആവശ്യമായ സഹായം നല്‍കാമെന്ന് ലോക ബാങ്ക് സംഘം പാലിയം ഈശ്വര സേവ ട്രസ്റ്റ് മാനേജര്‍ കൃഷ്ണ ബാലന്‍ പാലിയത്തിനോട് പറഞ്ഞു.
ചേന്ദമംഗലം കൊറ്റിയാട്ടാല്‍ ഭാഗത്ത് വാഴകൃഷിക്കുണ്ടായ നാശനഷ്ടം നേരില്‍ കാണാനും സംഘമെത്തി. ഈ പ്രദേശത്ത് എട്ടടിയോളം വെള്ളം ഉയര്‍ന്നതിനെ തുടര്‍ന്ന് രണ്ടായിരത്തോളം വാഴകളാണ് നശിച്ചത്. അടുത്ത പത്ത് ദിവസങ്ങള്‍ക്കുള്ളില്‍ കേടായ വാഴകള്‍ നീക്കം ചെയ്ത് പുതിയ തൈകള്‍ ഉപയോഗിച്ച് കൃഷി ആരംഭിക്കാനാണ് കര്‍ഷകരുടെ തീരുമാനം.
പ്രളയത്തില്‍ പൂര്‍ണ്ണമായി തകര്‍ന്ന ഏലൂര്‍ പിഎച്ച്‌സിയിലായിരുന്നു സംഘത്തിന്റെ അവസാനത്തെ സന്ദര്‍ശനം. ആര്‍ഡിഒ എസ്. ഷാജഹാന്‍, എന്‍എച്ച്എം ജില്ല പ്രോഗ്രാം മാനേജര്‍ ഡോ. മാത്യൂസ് നമ്പേലി എന്നിവര്‍ ലോകബാങ്ക് സംഘത്തിനു മുന്നില്‍ പിഎച്ച്‌സിക്കുണ്ടായ നാശനഷ്ടങ്ങള്‍ വിവരിച്ചു. 40 ലക്ഷം രൂപയുടെ നാശമാണ് പിഎച്ച്‌സിക്കുണ്ടായത്. മരുന്നുകള്‍, ഉപകരണങ്ങള്‍, അടിസ്ഥാന സൗകര്യം എന്നിവ നശിച്ചു. ആശുപത്രിക്കു മുന്നിലെ ജലസംഭരണി പ്രളയജല പ്രവാഹത്തിന്‍ ഒരടിയോളം തെന്നി മാറിയത് സംഘം നിരീക്ഷിച്ചു. രാവിലെ 10.30 ന് ആരംഭിച്ച സന്ദര്‍ശനം വൈകിട്ട് അഞ്ചിന് അവസാനിച്ചു.
മുവാറ്റുപുഴ ആര്‍ഡിഒ എം.ടി. അനില്‍ കുമാര്‍, മുവാറ്റുപുഴ തഹസില്‍ദാര്‍ മധുസൂദനന്‍, ഡെപ്യൂട്ടി കളക്ടര്‍ എം.വി. സുരേഷ് കുമാര്‍, പറവൂര്‍ തഹസില്‍ദാര്‍ ഹരീഷ്, എന്‍ആര്‍എച്ച്എം ഡിപിഎം ഡോ. മാത്യൂസ് നമ്പേലി, പറവൂര്‍ ബിഡിഒ കമലാകാന്ത പൈ, ഡെപ്യൂട്ടി തഹസില്‍ദാര്‍ ചന്ദ്രശേഖരന്‍ നായര്‍, കുന്നത്തുനാട് തഹസില്‍ദാര്‍ സാബു കെ. ഐസക്,  ഇടപ്പള്ളി ബിഡിഒ ഇ.എസ്. കുഞ്ഞുമോന്‍ എന്നിവരുടെ നേതൃത്വത്തിലാണ് ജില്ലയില്‍ ലോകബാങ്ക് സംഘം സന്ദര്‍ശനം നടത്തിയത്.