പിശകുകളില്ലാത്ത വോട്ടര്‍ പട്ടിക ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ദേശീയ തിരഞ്ഞെടുപ്പ്‌ കമ്മീഷൻ നടത്തുന്ന ബൂത്ത് ലെവൽ ഓഫീസർമാരുടെ പരിശീലനം 17 ന് അവസാനിക്കും. ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസര്‍മാരുടെ മേല്‍നോട്ടത്തിൽ എല്ലാ നിയമസഭാ മണ്ഡലങ്ങളിലുമായി ഏകദേശം 10.5 ലക്ഷം ബി.എൽ.ഒമാര്‍ക്കാണ്‌ പരിശീലനം നല്‍കുന്നത്‌. പ്രധാന ഉത്തരവാദിത്തങ്ങളായ ഫീല്‍ഡ്‌ വെരിഫിക്കേഷൻ, യോഗ്യതയില്ലാത്ത എന്‍ട്രികൾ തിരിച്ചറിയൽ, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുമായുള്ള ഏകോപനം തുടങ്ങിയവയെക്കുറിച്ചുള്ള വിശദമായ മാര്‍ഗ്ഗനിര്‍ദേശങ്ങൾ പരിശീലനത്തിൽ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. ഓരോ ബാച്ചിലും ഏകദേശം 50 പേർക്കാണ് പരിശീലനം. ഓരോ നിയോജകമണ്ഡലത്തിലെ എല്ലാ ബിഎൽഒമാരെയും ഉള്‍പ്പെടുത്തി വിവിധ ദിവസങ്ങളിലായാണ് പരിശീലനം. റോള്‍ പ്ലേകൾ, ചര്‍ച്ചകൾ, ഫോമുകൾ (6, 6A, 7, 8) പൂരിപ്പിക്കുന്ന പ്രായോഗിക സെഷനുകള്‍ എന്നിവ ഈ പരിപാടിയിലുണ്ട്‌. IIDEM (India International Institute of Democracy and Election Management) പ്രാദേശിക ഭാഷയില്‍ രൂപകല്‍പ്പന ചെയ്ത പവര്‍പോയിന്റ്‌ പ്രസന്റേഷനുകളുടെ സഹായത്തോടെയാണ്‌ പരിശീലനം.