പ്രളയബാധിതരായവര്‍ക്ക് പകുതി വിലയ്ക്ക് മെത്തകള്‍ നല്‍കി നല്‍കി സംസ്ഥാന കയര്‍ കോര്‍പ്പറേഷന്‍. വെള്ളം കയറി വീടുകളിലെ കിടക്കകള്‍ നഷ്ടപ്പെട്ടവര്‍ക്കാണ് പകുതി വിലയ്ക്ക് കയര്‍ കോര്‍പ്പറേഷന്‍ കിടക്കകള്‍ വിതരണം ചെയ്യുന്നത്. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ആറന്മുള എംഎല്‍എ വീണാജോര്‍ജ്ജ് നിര്‍വഹിച്ചു. വീടുകളിലെ മെത്തകള്‍ ഉപയോഗശൂന്യമായതിനാല്‍ സംസ്ഥാന കയര്‍ഫെഡിന്റെ നേതൃത്വത്തിലുള്ള ഈ സേവനം ജനങ്ങള്‍ക്ക് കൂടുതല്‍ ഉപകാരപ്രദമാകുമെന്ന് എംഎല്‍എ പറഞ്ഞു. രാവിലെ 10 മുതല്‍ വൈകിട്ട് ഏഴ് മണി വരെയാണ് വില്‍പ്പന. കോഴഞ്ചേരി ബസ് സ്റ്റാന്‍ഡിന് സമീപം മാര്‍ക്കറ്റ് റോഡിലുള്ള മുളമൂട്ടില്‍ ബില്‍ഡിങ്ങിലാണ് മെത്തകള്‍ വിതരണം ചെയ്യുന്നത്. കൂടാതെ,  കയര്‍ ഉല്‍പ്പന്നങ്ങളും കുറഞ്ഞനിരക്കില്‍ വില്‍പ്പനയ്ക്കായി എത്തിച്ചിട്ടുണ്ട്. സാധനങ്ങള്‍ കൈപ്പറ്റുന്നതിനായി രേഖകള്‍ ആവശ്യമില്ല. നേരിട്ടെത്തി സാധനങ്ങള്‍ ആവശ്യാനുസരണം വാങ്ങാം. മെത്തകളുടേയും മറ്റ് ഉല്‍പ്പന്നങ്ങളുടേയും വില്‍പ്പന രണ്ടാഴ്ച വരെ നീളും. കയര്‍ കോര്‍പ്പറേഷന്‍ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ആര്‍. അശ്വിന്‍, കോഴഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് മിനി ശ്യാംമോഹന്‍, ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്തംഗം ബിജിലി പി.ഈശോ, പഞ്ചായത്തംഗങ്ങളായ ക്രിസ്റ്റഫര്‍ ദാസ്, ലതാ ചെറിയാന്‍  തുടങ്ങിയവര്‍ പങ്കെടുത്തു.