ആലപ്പുഴ: പ്രളയത്തിൽ തകർന്നടിഞ്ഞ കുട്ടനാടുൾപ്പടെയുള്ള ആലപ്പുഴയെ കൈപിടിച്ചുയർത്തുന്നതിന് സഹായം സ്വീകരിക്കുന്നതിനായി ഐ.ആം ഫോർ ആലപ്പി എന്ന പേരിൽ ഫേസ്ബുക്ക് പ്രചരണത്തിന് തുടക്കമായി. ജില്ലയുടെ ചുമതലയുള്ള പൊതുമരാമത്തുമന്ത്രി ജി.സുധാകരൻ ഫേസ്ബുക്ക് പേജും ധനമന്ത്രി ഡോ.ടി.എം.തോമസ് ഐസക് വീഡിയോപേജും പ്രകാശനം ചെയ്തു. ഫേസ്ബുക്കിലെ കുന്നുമ്മ ഫാമിലി ഹെൽത്ത് സെന്ററിന്റെ അവസ്ഥ കണ്ടാണ് തെലുങ്ക് അവതാരകയും നടിയുമായ സുമ എട്ടു ലക്ഷം രൂപ ഇതിന്റെ പുനർനിർമാണത്തിനായി സംഭാവനയായി നൽകിയത്. ഒട്ടേറെ മലയാളം സിനിമകളിലും അഭിനയിച്ചിട്ടുണ്ട് സുമ. സബ് കളക്ടർ വി.ആർ.കൃഷ്ണതേജയുടെ നേതൃത്വത്തിലാണ് ഐ ആം ഫോർ ആലപ്പി പ്രചരണം.
മൂന്നു ലക്ഷത്തോളം ആളുകളെ ഭവനരഹിതരാക്കുകയും ആയിരക്കണക്കിന് കെട്ടിടങ്ങൾക്ക് നാശനഷ്ടങ്ങൾ വരുത്തുകയും ചെയ്ത ഒരു മഹാപ്രളയമാണ് കടന്നുപോയത്. അംഗനവാടികൾ,ആശുപത്രികൾ, വിദ്യാലയങ്ങൾ തുടങ്ങി നിരവധി പൊതുസ്ഥാപനങ്ങളെ പ്രളയം സാരമായി  ബാധിച്ചു. ഫർണീച്ചറുകൾ, വൈദ്യുതി- ഇലക്ട്രോണിക്‌സ് ഉപകരണങ്ങൾ പ്ലംബ്ബിങ്ങ് കണക്ഷനുകൾ തുടങ്ങിയവയെല്ലാം പൂർണമായോ ഭാഗികമായോ നശിപ്പിക്കപ്പെട്ടു. ജില്ല ഭരണകൂടത്തിന്റെ ഒപ്പം നിന്നു പുനരുദ്ധാരണ പ്രവർത്തനങ്ങളിൽ പങ്കാളിയാകാൻ ഏവരേയും  ക്ഷണിക്കുന്നതോടൊപ്പം ഇതൊരു വലിയ പ്രചരണമാക്കി വളർത്തുകയുമാണ് ഈ ഫേസ് ബുക്ക് പേജിലൂടെ. https://www.facebook.com/Iamforalleppey/ എന്ന പേജിൽ കൊടുത്തിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് രജിസ്റ്റർ ചെയ്യാവുന്നതാണ്.