അമ്പലപ്പുഴ: അമ്പലപ്പുഴ മണ്ഡലത്തിന്റെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കുള്ള ധനസമാഹരണ വേദിയിൽ കൈയടി നേടി അലീന സന്തോഷ്. നെഹ്രുട്രോഫി വള്ളംകളിയുടെ ഭാഗമായി നടന്ന ഹൈസ്‌കൂൾ ജൂനിയർ വിഭാഗം വഞ്ചിപ്പാട്ട് മത്സരത്തിൽ തനിക്ക് ലഭിച്ച ഒന്നാം സമ്മാനത്തുക പ്രളയാനന്തര കേരരത്തിന്റെ പുനർസൃഷ്ടിക്കുള്ള ധന സമാഹരണത്തിന് നൽകിയാണ് അലീന താരമായത്. കാക്കാഴം ഗവ. ഹൈസ്‌കൂൾ ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ് അലീന സന്തോഷ്. അമ്പലപ്പുഴ നീർക്കുന്നം കണ്ണാം വീട്ടിൽ സന്തോഷിന്റെയും അമ്പലപ്പുഴ നോർത്ത് കുടുംബശ്രീ ചെയർപേഴ്സൺ റീനയുടെയും മകളാണ്. കഴിഞ്ഞ വർഷത്തെ സ്‌കൂൾ കലോത്സവത്തിൽ ജില്ലാതലത്തിൽ നാടകത്തിലെ മികച്ച നടിയായിരുന്നു. മോണോ ആക്ട് മത്സരത്തിലും പങ്കെടുത്തു. ബാലസംഘം വണ്ടാനം മേഖല പ്രസിഡൻറ് ആണ് അലീന സന്തോഷ്.