ആലപ്പുഴ: തന്റെ ആകെയുള്ള സമ്പാദ്യമായ ഒന്നരപ്പവന്റെ വളയാണ് ഇന്ദു ടീച്ചർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കായി പൊതുമരാമത്തുമന്ത്രി ജി.സുധാകരനെ ഏൽപ്പിച്ചത്. ആലപ്പുഴ നഗരസഭ ഇരവുകാട് വാർഡ് കൗൺസിലർ ആണ് ഇന്ദുടീച്ചർ എന്ന സൗമ്യ രാജ്.
അമ്പലപ്പുഴ നിയോജക മണ്ഡത്തിന്റെ ദുരിതാശ്വാസ ധനശേഖരണം നടന്ന ആലപ്പുഴ ഗവ.ഗേൾസ് ഹൈസ്‌കൂളിൽ നടന്ന ചടങ്ങിൽ ആണ് പൊതുപ്രവർത്തന രംഗത്ത് ഏറെ നാളായി പ്രവർത്തിക്കുന്ന ഇന്ദു ടീച്ചർ തന്റെ സമ്പാദ്യം ദുരിതാശ്വാസ നിധിയിലേക്കു നൽകിയത്. ഇറവുകാട് ടെംബിൾ ഓഫ് ഇംഗ്ലീഷ് സ്‌കൂളിൽ കഴിഞ്ഞ ഏഴു വർഷമായി പ്രിൻസിപ്പലായി സേവനമനുഷ്ടിക്കുകയാണ്. ഭർത്താവ് കെ.എസ്.എഫ്.ഇ. ജീവനക്കാരൻ വിനോദും മക്കളായ എട്ടാം ക്ലാസ്സിൽ പഠിക്കുന്ന മാധവും ഏഴാം ക്ലാസ്സിൽ പഠിക്കുന്ന മിഥിനും തന്റെ തീരുമാനത്തോട് 100 ശതമാനവും യോജിച്ചതായും ഇന്ദു ടീച്ചർ പറഞ്ഞു.
