ഗുഹാമുഖത്ത് പാറക്കെട്ട് ഇടിഞ്ഞതിനെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ നിരോധനം നീക്കിയതോടെ എടക്കല്‍ റോക്ക് ഷെല്‍ട്ടറില്‍ സന്ദര്‍ശകര്‍ എത്തിത്തുടങ്ങി. എടക്കലില്‍ കഴിഞ്ഞ 23നു നിര്‍ത്തിവച്ച ടൂറിസം പ്രവര്‍ത്തനങ്ങള്‍ നിയന്ത്രണങ്ങളോടെ ശനിയാഴ്ചയാണ് പുനരാരംഭിച്ചത്. പാറക്കെട്ട് ഇടിഞ്ഞ ഒന്നാം ഗുഹ ഒഴിവാക്കി സെക്കന്‍ഡ് പാത്തിലൂടെ ശിലാചിത്രങ്ങളുള്ള രണ്ടാം ഗുഹയില്‍ സന്ദര്‍ശനം നടത്തി അതെ വഴിയിലൂടെ സഞ്ചാരികള്‍ തിരിച്ചുവരുന്ന വിധത്തിലാണ് ക്രമീകരണം. രാവിലെ എട്ടു മുതല്‍ വൈകീട്ട് നാലുവരെയാണ് സന്ദര്‍ശനം അനുവദിക്കുക. പരമാവധി 30 പേരടങ്ങുന്ന ചെറുസംഘങ്ങളായാണ് സഞ്ചാരികളെ ഷെല്‍ട്ടറിലേക്കു കടത്തിവിടുക. പുതിയ ക്രമീകരണമനുസരിച്ച് പ്രവേശന പാതയില്‍ മൂന്നിടങ്ങളില്‍ തങ്ങിയതിനു ശേഷമായിരിക്കും രണ്ടാം ഗുഹയില്‍ സന്ദര്‍ശകര്‍ക്കു പ്രവേശനം.
ആഗസ്ത് 23നു രാവിലെ ജീവനക്കാരുടെ പതിവു പരിശോധയിലാണ് ഒന്നാം ഗുഹയുടെ പ്രവേശനകവാടത്തിനു പുറത്തു കല്ലു വീണതും തറയില്‍ നേരിയ വിള്ളല്‍ വീണതും ശ്രദ്ധയില്‍പ്പെട്ടത്. ഇതെത്തുടര്‍ന്നു മാനന്തവാടി പഴശ്ശികുടീരം മാനേജര്‍ അയച്ച ഇ-മെയില്‍ സന്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് വിനോദസഞ്ചാരം താല്‍ക്കാലികമായി വിലക്കിയത്. ഇതിനു പിന്നാലെ പുരാവസ്തുവകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി എടക്കലില്‍ സന്ദര്‍ശനം നടത്തിയിരുന്നു. 1984ല്‍ സംസ്ഥാന പുരാവസ്തു വകുപ്പ് ചരിത്രസ്മാരകമായി പ്രഖ്യാപിച്ച എടക്കലില്‍ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ നിയന്ത്രണത്തിലാണ് വിനോദസഞ്ചാരം. 2009 ഡിസംബര്‍ ഒന്നു മുതല്‍ സുല്‍ത്താന്‍ ബത്തേരി എം.എല്‍.എ ചെയര്‍മാനും ഡി.ടി.പി.സി സെക്രട്ടറി ചീഫ് എക്‌സിക്യുട്ടീവ് ഓഫിസറുമായ ഡെസ്റ്റിനേഷന്‍ മാനേജ്‌മെന്റ് കമ്മിറ്റിയാണ് ഭരണച്ചുമതല വഹിക്കുന്നത്.
കാലവര്‍ഷക്കെടുതികളുടെ പശ്ചാത്തലത്തില്‍ ചെറുകിട സംരംഭകരടക്കം നേരിടുന്ന വിഷമതകളും ജില്ലാ ഭരണകൂടത്തിന്റെ റിപോര്‍ട്ടും കണക്കിലെടുത്താണ് എടക്കലില്‍ സന്ദര്‍ശകരെ അനുവദിക്കാനുള്ള തീരുമാനമെന്നാണ് പുരാവസ്തുവകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. വി. വേണു എന്നിവര്‍ കഴിഞ്ഞ ദിവസം അറിയിച്ചത്. എടക്കല്‍ റോക്ക് ഷെല്‍ട്ടറിന്റെ സംരക്ഷണം ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയെ ഏല്‍പ്പിക്കേണ്ട സാഹചര്യമില്ലെന്നും അവര്‍ അഭിപ്രായപ്പെടുകയുണ്ടായി. റോക്ക് ഷെല്‍ട്ടറിന്റെ വാഹകശേഷി ശാസ്ത്രീയമായി നിര്‍ണയിക്കുന്നതിനു വിദഗ്ധ സമിതിയെ വൈകാതെ നിയോഗിക്കാന്‍ തീരുമാനമായിട്ടുണ്ട്. പുരാവസ്തു, ജിയോളജി, സോയില്‍ കണ്‍സര്‍വേഷന്‍ വകുപ്പ് പ്രതിനിധികളും ഉള്‍പ്പെടുന്നതായിരിക്കും വിദഗ്ധ സമിതി.