മുങ്ങിമരണം തടയുന്നതിന് പി.പി. സുമോദ് എം.എല്‍.എ. തരൂര്‍ നിയോജക മണ്ഡലത്തിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി നടപ്പാക്കുന്ന സ്വിം തരൂര്‍ സൗജന്യ ശാസ്ത്രീയ നീന്തല്‍ പരിശീലന പദ്ധതി രണ്ടാം ഘട്ടം മമ്പാട് കറ്റുകുളങ്ങര ക്ഷേത്രക്കുളത്തില്‍ നടന്നു. വടക്കഞ്ചേരി, കണ്ണമ്പ്ര, പുതുക്കോട്, കിഴക്കഞ്ചേരി ഗ്രാമപഞ്ചായത്തിലെ മുപ്പതോളം വിദ്യാര്‍ത്ഥികളാണ് പരിശീലനത്തില്‍ പങ്കെടുക്കുന്നത്. പരിപാടി പി.പി. സുമോദ് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ശേഷം എം.എല്‍.എയും കുട്ടികളോടൊപ്പം പരിശീലനത്തിന്റെ ഭാഗമായി. അടുത്ത ദിവസങ്ങളിലായി കാവശ്ശേരി ഗ്രാമപഞ്ചായത്ത് കേന്ദ്രീകരിച്ചും സ്വിം തരൂര്‍ നീന്തല്‍ പരിശീലനം സംഘടിപ്പിക്കും.
മെയ് 28 വരെയാണ് പരിശീലനം. റിട്ട. സൈനിക ഉദ്യോഗസ്ഥന്‍ ഉണ്ണികൃഷ്ണന്‍ മമ്പാട്, തൃശൂര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സ്‌റ്റേഷനിലെ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ വി.എസ്. സ്മിനേഷ് കുമാര്‍ എന്നിവരാണ് പരിശീലകര്‍. പരിപാടിയില്‍ കിഴക്കഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി. രാധാകൃഷ്ണന്‍ അധ്യക്ഷനായി. ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രേമലത, വാര്‍ഡ് അംഗം രതിക മണികണ്ഠന്‍ തുടങ്ങിയവര്‍ സംസാരിച്ചു.