പുനര്‍നിര്‍മാണത്തിനായി പരമാവധി തുക ശേഖരിക്കും:  രാജു ഏബ്രഹാം എംഎല്‍എ
പ്രളയത്തില്‍ കനത്ത നാശം നേരിട്ട കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പരമാവധി തുക ശേഖരിച്ചു നല്‍കുമെന്ന് രാജു ഏബ്രഹാം എംഎല്‍എ പറഞ്ഞു. റാന്നി അങ്ങാടി പഞ്ചായത്തിലെ പേട്ടയില്‍ വാര്‍ഡ് തലത്തിലുള്ള ജനകീയ ഗൃഹസന്ദര്‍ശന ധനസമാഹരണത്തിനു നേതൃത്വം നല്‍കി സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയിലെ എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളിലെയും ഓരോ വാര്‍ഡിലും ബന്ധപ്പെട്ട മെമ്പറുടെ നേതൃത്വത്തില്‍ ജനപ്രതിനിധികളും, സാമൂഹിക പ്രവര്‍ത്തകരും,  ജില്ലാ കളക്ടര്‍ നിയോഗിച്ച ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്ന സ്‌ക്വാഡുകള്‍ വീടുകളും സ്ഥാപനങ്ങളും വ്യക്തികളേയും സന്ദര്‍ശിച്ച് 17 ,18 ധനസമാഹരണം നടത്തും.
തകര്‍ന്നു പോയ വീടുകളുടെ നിര്‍മാണം, അറ്റകുറ്റപ്പണി, റോഡുകളുടെ നവീകരണം ഉള്‍പ്പെടെ നാനാവിധ പുനര്‍നിര്‍മാണ പ്രക്രികയകളാണ് സംസ്ഥാന സര്‍ക്കാര്‍ നടത്താന്‍ ഉദ്ദേശിക്കുന്നത്.  ജില്ലയുടെ ചുമതലയുള്ള ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി തോമസിന്റെ അധ്യക്ഷതയില്‍ എംഎല്‍എമാരും ജില്ലാ കളക്ടറും ജില്ലയിലെ വകുപ്പ് തല മേധാവികളും പങ്കെടുത്ത യോഗമാണ് ഇത്തരത്തില്‍ നൂതനമായ പദ്ധതി ആവിഷ്‌കരിക്കാന്‍ തീരുമാനിച്ചത്. നമ്മുടെ സംസ്ഥാനത്ത് എല്ലാ വീടുകളും സ്ഥാപനങ്ങളും സന്ദര്‍ശിച്ച് ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥന്മാരുടെയും നേതൃത്വത്തില്‍ ധനസമാഹരണം നടത്തുന്ന ആദ്യത്തെ ജില്ലയായി പത്തനംതിട്ട മാറിയിരിക്കുകയാണ്. എല്ലാവരുടേയും സഹായം അഭ്യര്‍ഥിക്കുന്നതായും എംഎല്‍എ പറഞ്ഞു. തോമസു കുട്ടി മണിമലേത്തില്‍ നിന്ന് ആദ്യസംഭാവന എംഎല്‍എ സ്വീകരിച്ചു. വാര്‍ഡ് അംഗം ബി. സുരേഷ്, നിസാം കുട്ടി, ശ്രീനി ശാസ്താംകോവില്‍, പഞ്ചായത്ത്, റവന്യു വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.