ആലപ്പുഴ: വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന സ്‌കോളർഷിപ്പുകൾക്ക് അനുമതി നൽകുന്നതിൽ സ്‌കൂളധികരികൾ വീഴ്ചവരുത്തരുതെന്ന് സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ. ആലപ്പുഴ കളക്ടറേറ്റിൽ സംഘടിപ്പിച്ച ന്യൂനപക്ഷ കമ്മീഷൻ സിറ്റിങിൽ സംസാരിക്കുകയായിരുന്നു കമ്മീഷൻ അംഗം ബിന്ദു.എം.തോമസ്. സ്ഥാപനമേധാവി അംഗീകരിച്ച് നൽകാത്തതിനെ തുടർന്ന് സ്‌കോളർഷിപ്പ് തുക നഷ്ടപ്പെട്ട വിദ്യാർഥിനിയുടെ പരാതി പരിഗണിക്കുമ്പോഴാണ് കമ്മീഷന്റെ നിരീക്ഷണം.
സ്‌കൂൾ അധികാരികളുടെ ഭാഗത്തുനിന്നുള്ള ഇത്തരം വീഴ്ചകൾ അംഗീകരിക്കാനാവില്ല. ഹയർ സെക്കൻഡറി സ്‌കൂളിൽ ക്ലർക്ക് തസ്തിക ഇല്ലാത്തതിനാലാണ് യഥാസമയം വിവരങ്ങൾ എഴുതിചേർക്കാൻ കഴിയാതിരുന്നതെന്നായിരുന്നു വിഷയത്തിൽ് സ്‌കൂൾ അധികാരികളുടെ വിശദീകരണം. സ്‌കോളർഷിപ്പ് നഷ്ടപ്പെട്ട വിദ്യാർഥിനിയ്ക്കുള്ള നഷ്്ടപരിഹാരം നൽകാമെന്നും സ്‌കൂൾ അധികൃതർ കമ്മീഷനെ അറിയിച്ചു. 75 കേസുകളാണ് പരിഗണിച്ചത്. 11 കേസുകൾ തീർപ്പാക്കി. മൂന്ന് കേസുകൾ പൂർണമായും പരിഹരിച്ചു. 28 പുതിയ പരാതികൾ സ്വീകരിച്ചു. അധ്യാപകർ പരസ്പരമുള്ള തർക്കങ്ങളും കമ്മീഷന് മുന്നിലെത്തുന്നുണ്ട്. അധ്യാപകർ പരസ്പരം മല്ലടിക്കുമ്പോൾ നഷ്ടപ്പെടുന്നത് വിദ്യർഥികളുടെ അധ്യയനമാണെന്നും ഇത് അനുവദിക്കാനാകില്ലെന്നും കമ്മീഷൻ പറഞ്ഞു.