കേരളസംസ്ഥാന യുവജനകമ്മീഷൻ ചെയർപേഴ്‌സൺ കുമാരി ചിന്താജറോമിന്റെ നേതൃത്വത്തിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ സിറ്റിങ്ങ് നടത്തി. വിവിധ പരാതികളിൽ കമ്മീഷൻ പരാതിക്കാരെ കേട്ട് പരിഹാരം കാണുകയുണ്ടായി. കമ്മീഷനുമുമ്പാകെ 15 പരാതികൾ പരിഗണനക്ക് വന്നതിൽ ഒരു കേസുമായി ബന്ധപ്പെട്ടവർ ഹാജരായില്ല. പരിഗണിക്കപ്പെട്ട 14 കേസുകളിൽ ആറു കേസുകളാണ് കമ്മീഷൻ സിറ്റിങ്ങിൽ പരിഹരിച്ചത്. ഇതിൽ ജീല്ലയിലെ ഒരു ഏജൻസിവഴി മംഗലാപുരത്ത് ബി.എസ്.സി.നേഴ്‌സിങ്ങിനു പഠിച്ച കുട്ടികൾക്ക് സർട്ടിഫിക്കറ്റ് ലഭിക്കാത്ത പ്രശ്‌നത്തിന് ശാശ്വത പരിഹാരമായി. ജീല്ലാ പോലീസ് മേധാവിയുമായി ഇടപെട്ടാണ് ഇത്തരം മൂന്നു പ്രശനങ്ങൾക്ക് തീർപ്പുണ്ടാക്കിയത്. എം പാനൽ വഴി കെ.എസ്.ആർ.റ്റി.സി കണ്ടക്ടറായ യുവാവിന് ടിക്കറ്റ് പ്രശ്‌നത്തിന്റെ പേരിൽ തൊഴിൽ നഷ്ടപ്പെട്ടതായ പരാതിയിൽ പുനർനിയമനം നൽകാൻ ഡി.റ്റി.ഒ നടപടിയെടുത്തതോടെ പരിഹരിക്കപ്പട്ടു.
കേന്ദ്രസർവ്വകലാശാല ഹോസ്റ്റലിൽ നിന്നു പുറത്താക്കിയതായ വിദ്യാർത്ഥിയുടെ പരാതിയിലും പരിഹാരമായി.ഹോസ്റ്റലിൽ തിരിച്ചെടുക്കുന്നതോടെയാണിത്. മറ്റു രണ്ടുപരാതികളിൽ ഹൈക്കോടതി പരിഗണന ഉള്ളവയാണെന്ന് കമ്മീഷൻ വ്യക്തമാക്കി.മംഗൽപാടി പിഎച്ച് സിയിൽ രോഗിയുമായി ബന്ധപ്പെട്ട വിഷയത്തിൽ രോഗികളോട് നിഷേധസമീപനം ഉണ്ടായിട്ടില്ലെന്ന് ഡി എം ഒ അറിയിച്ചു.
കണ്ടക്ടർബാക്കി നല്കാത്തതുമായി ബന്ധപ്പെട്ട വിഷയം ഉൾപ്പെടെ മൂന്നു പുതിയ പരാതികളും കമ്മീഷൻ മുമ്പാകെ ലഭിച്ചു. വിദ്യാർത്ഥികളിൽ നിന്നും നിരന്തരം പരാതികൾ ലഭിച്ചു വരുന്ന സാഹചര്യത്തിൽ കമ്മീഷൻ പിന്നീട് കേന്ദ്രസർവകലാശാല സന്ദർശിച്ചു. കമ്മീഷൻ അംഗം കെ മണികണ്ഠൻ,സെക്രട്ടറി ഡി സന്തോഷ്‌കുമാർ ,എം സലിം ജില്ലായൂത്ത് കോ-ഓഡിനേറ്റർ എ വി ശിവപ്രസാദ് എന്നിവർ സിറ്റിംഗിൽ പങ്കെടുത്തു.
