കേരള സംസ്ഥാന മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷൻ ആലപ്പുഴ സർക്കാർ അതിഥി മന്ദിരത്തിൽ വെച്ച് 17 ന് കമ്മീഷൻ ചെയർമാൻ ജസ്റ്റിസ് പി. എസ്. ഗോപിനാഥന്റെ അദ്ധ്യക്ഷതയിൽ സിറ്റിങ് നടത്തി. രാവിലെ 10 മണിക്ക് ആരംഭിച്ച സിറ്റിംഗിൽ കമ്മീഷൻ മെമ്പർമാരായ അഡ്വ. വി.വി. ശശീന്ദ്രൻ, കൂട്ടായി ബഷീർ, ടി.ജെ. ആഞ്ചലോസ് എന്നിവർ പങ്കെടുത്തു. ആലപ്പുഴ ജില്ലാ സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ, ജോയിന്റ് ഡയറക്ടർ വിവിധ സഹകരണ ബാങ്കുകളുടെയും ദേശസാൽക്യത ബാങ്കുകളുടെയും മാനേജർമാർ അപേക്ഷകർ എന്നിവർ പങ്കെടുത്തു.
കടാശ്വാസ കമ്മീഷന്റെ ശിപാർശ പ്രകാരം സർക്കാർ അനുവദിച്ച കടാശ്വാസ തുക വായ്പാ കണക്കിൽ വരവ് വെച്ചതിലും ബാങ്കുകൾക്ക് ലഭിച്ച കടാശ്വാസ തുക വായ്പാ കണക്കിൽ ചേർക്കാത്തതിലും കടാശ്വാസ തുക ലഭിച്ചിട്ടും ഈടാധാരങ്ങൾ തിരികെ നല്കാത്തതിലും പരാതികൾ ലഭിച്ചു. അമിത പലിശ ഈടാക്കിയതിലും നിർബന്ധിച്ച് വായ്പ പുതുക്കിയത് കാരണം അർഹതപ്പെട്ട കടാശ്വാസം തടയപ്പെട്ടതിലുംപരാതികൾ കമ്മീഷന് ലഭിച്ചു.

വിവിധ ധനകാര്യ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട 32 കേസുകൾ അദാലത്തിൽ പരിഗണിച്ചു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പുന്നപ്ര ശാഖകളിൽ നിന്നും ബാങ്ക് പ്രതിനിധി ഹാജരാകാത്തതിനാൽ ആ ബാങ്കുമായി ബന്ധപ്പെട്ട കേസ് മാറ്റിവെച്ചു.

കേരള സംസ്ഥാന പിന്നോക്ക വികസന കോർപ്പറേഷനിൽ നിന്നും വായ്പയെടുത്ത ഒരു കേസിൽ 51,111/- രൂപയും മത്സ്യഫെഡിൽ നിന്നെടുത്ത ഒരു വായ്പയ്ക്ക് 43,956/- രൂപയും കടാശ്വാസം അനുവദിക്കുന്നതിന് കമ്മീഷൻ ശിപാർശ ചെയ്തു.
കടാശ്വാസ തുക ലഭിച്ചിട്ടും ഈട് പ്രമാണം തിരികെ നല്കാത്ത പരാതികളിൽ മുൻ അദാലത്തിലെ ഉത്തരവ് പാലിച്ച് കൊണ്ട് 2 കേസുകൾക്ക് ഈടാധാരം തിരികെ നല്കി മേൽ നടപടി അവസാനിപ്പിച്ചു. കമ്മീഷൻ മുൻ ഉത്തരവ് പാലിക്കാൻ സഹകരണ ജോയിന്റ് രജിസ്ട്രാർ കൂടുതൽ സമയം ആവശ്യപ്പെട്ടതും എതൃകക്ഷികൾ കൂടുതൽ സമയം ആവശ്യപ്‌പെട്ടതും പരാതിക്കാർ ഹാജരാകാത്തതുമായ 9 കേസുകൾ അടുത്ത അദാലത്തിൽ പരിഗണിക്കുന്നതിനായി മാറ്റി.
ആലപ്പുഴ ജില്ലാ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട കേസുകളിൽ ബാങ്ക് സെക്രട്ടറി ഹാജരാകാത്തതിനാലും കേസ നിലനിൽക്കുന്നതിനാലും അടുത്ത അദാലത്തിലേക്ക് മാറ്റി.

പുതുക്കിയ വായ്പയെന്ന് കടാശ്വാസം ശിപാർശ ചെയ്യാതിരുന്ന ഒരു കേസിൽ പഴയ വായ്പയുടെ തുടർച്ചയാണെന്ന് കടാശ്വാസം ശിപാർശ ചെയ്യാൻ ജോയിന്റ് രജിസ്ട്രാർ/ജോയിന്റ് ഡയറക്ടറോട് നിർദ്ദേശിച്ചു.

കടാശ്വാസം അനുവദിച്ചിട്ടും കടക്കണക്ക് തീർപ്പാക്കാത്ത വിദ്യാഭ്യാസ വായ്പയിൻമേലുള്ള ആർബിട്രേഷൻ നടപടികൾ നിർത്തിവെച്ച് വായ്പ കാലഹരണപ്പെട്ടതിനാൽ കടക്കണക്ക് തീർപ്പാക്കാൻ നർദ്ദേശിച്ച് ഉത്തരവായി. കണിച്ചുകുളങ്ങര റൂറൽ ഹൗസിങ്ങ് സൊസൈറ്റിയിൽ നിന്നുള്ള ഒരു വായ്പയ്ക്ക് കടാശ്വാസം ലഭ്യമായതിനെ തുടർന്ന് ബാക്കി തുക ഒറ്റ തവണ തീർപ്പാക്കൽ പദ്ധതി പ്രകാരം അടച്ചു തീർപ്പാക്കാൻ നടപടി സ്വീകരിക്കാൻ ഹൗസിങ്ങ് ഫെഡറേഷന് നിർദ്ദേശം നൽകാൻ തീരുമാനിച്ചു.
കമ്മീഷൻ മുമ്പാകെ സമർപ്പിക്കപ്പെട്ട പുതിയ പരാതികൾ അടുത്ത അദാലത്തിൽ കേൾക്കുന്നതിനായി കമ്മീഷൻ നിർദ്ദേശിച്ചു.