കൊച്ചി: ജില്ലയില്‍ പ്രളയം രൂക്ഷമായി ബാധിച്ച പ്രദേശത്തെ പട്ടികജാതി കുടുംബങ്ങള്‍ക്ക് ഗ്യാസ് സ്റ്റൗ വിതരണം ആരംഭിച്ചു. ജില്ലാ ഭരണകൂടത്തിന്റയും ബി.പി.സി.എല്ലിന്റെയും പട്ടിക ജാതി വകുപ്പിന്റെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. പ്രളയത്തെ തുടര്‍ന്ന് ഗ്യാസ് സ്റ്റൗവ്കള്‍  നഷ്ടപ്പെടുകയോ ഉപയോഗശൂന്യമാവുകയോ ചെയ്ത കുടുംബങ്ങള്‍ക്കാണ് വിതരണം ചെയ്യുന്നത്.
പ്രളയക്കെടുതിയുടെ ഭാഗമായി വിതരണം ചെയ്യുന്നതിനായി 6000 ഗ്യാസ് സ്റ്റൗകളാണ് ബി.പി.സി.എല്ലിന്റെ സഹായത്തോടെ ലഭ്യമായിരിക്കുന്നത്. പ്രളയം ഏറെ ബാധിച്ച ആലങ്ങാട്, പറവൂര്‍, പാറക്കടവ് എന്നീ ബ്ലോക്കുകളിലാണ് ആദ്യഘട്ടത്തില്‍ വിതരണം ചെയ്യുന്നത്. ഇതനുസരിച്ച് ഇന്നലെ (17.09.18) ആലങ്ങാട്  ബ്ലോക്കില്‍ ഗ്യാസ് സ്റ്റൗ വിതരണം നടന്നു. ഇന്ന് (18.09.18) പറവൂര്‍ ബ്ലോക്കിലും നാളെ (19.09.18) പാറക്കടവ് ബ്ലോക്കിലും വിതരണം നടക്കും. 5000 ത്തിലധികം അപേക്ഷയാണ് ഗ്യാസ് സ്റ്റൗ ലഭ്യമാകുന്നതിനായി വിവിധ ബ്ലോക്കുകളില്‍ നിന്നായി ലഭിച്ചത്. ബാക്കി വരുന്ന ഗ്യാസ് സ്റ്റൗവുകള്‍ വരുംദിവസങ്ങളില്‍ പ്രളയം രൂക്ഷമായി ബാധിച്ച മറ്റ് പ്രദേശങ്ങളില്‍ വിതരണം ചെയ്യും.
നേരത്തെ അപേക്ഷ സമര്‍പ്പിച്ചവര്‍ക്കാണ് നിലവില്‍ ഗ്യാസ് സ്റ്റൗവ്കള്‍ വിതരണം ചെയ്യുന്നത്. നിലവില്‍ അപേക്ഷ നല്‍കാന്‍ സാധിക്കാത്ത അര്‍ഹരായവര്‍ വെള്ളക്കടലാസില്‍ അപേക്ഷകയുടെ പേരില്‍ മേല്‍വിലാസം, ജാതി, താലൂക്ക്, ഗ്യാസ് ഏജന്‍സിയുടെ പേര്, കണ്‍സ്യൂമര്‍ നമ്പര്‍ എന്നിവ രേഖപ്പെടുത്തി ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളില്‍ നല്‍കേണ്ടതാണ്. കൂടാതെ അപേക്ഷയോടൊപ്പം ഗ്യാസ് കണക്ഷന്‍ ഉള്ള പട്ടികജാതി കുടുംബമാണെന്നും, ഗ്യാസ് സ്റ്റൗ നഷ്ടപ്പെടുകയോ ഉപയോഗശൂന്യമാവുകയോ ചെയ്തതാണെന്ന വാര്‍ഡ് മെമ്പറുടെ സാക്ഷി പത്രം,  റേഷന്‍ കാര്‍ഡ്, എന്നിവയോടൊപ്പം വരും ദിവസങ്ങളിലും അപേക്ഷ സമര്‍പ്പിക്കാമെന്ന് പട്ടികജാതി വികസന ഓഫീസര്‍ ജോസഫ് ജോണ്‍ അറിയിച്ചു.

caption -പട്ടികജാതി വിഭാഗക്കാര്‍ക്കുള്ള സൗജന്യ ഗ്യാസ് സ്റ്റൗ ബി പി സി എല്‍ ഭാരവാഹികള്‍ ജില്ലാ കലക്ടര്‍ മുഹമ്മദ് വൈ സഫീറുള്ളയ്ക്ക് നല്‍ക്കുന്നു. പട്ടികജാതി വികസന ഓഫീസര്‍ ജോസഫ് ജോണ്‍ സമീപം