കട്ടപ്പന പഴയ ബസ് സ്റ്റാന്റില്‍ കെ എസ് ആര്‍ ടി സി സബ് ഡിപ്പോയുടെ ഓണ്‍ലൈന്‍ ബുക്കിംഗ് ഓഫീസ് തുറന്നു. വെള്ളയാംകുടിയില്‍ പ്രവര്‍ത്തിച്ചിരുന്ന കെ എസ് ആര്‍ ടി സി സബ് ഡിപ്പോ കഴിഞ്ഞ മഴക്കെടുതിയില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് അപകടാവസ്ഥയിലായതോടെയാണ് കട്ടപ്പന പഴയ ബസ് സ്റ്റാന്റിലേക്ക് താല്ക്കാലികമായി പ്രവര്‍ത്തനം മാറ്റിയത്. ഇത്തരത്തില്‍ പ്രവര്‍ത്തിച്ചു വന്നിരുന്ന കെ എസ് ആര്‍ ടി സി സ്റ്റേഷന്‍ മാസ്റ്റര്‍ ഓഫീസാണ് പഴയസ്റ്റാന്റില്‍ തന്നെയുള്ള നഗരസഭാ കെട്ടിടത്തില്‍ ഓണ്‍ലൈന്‍ റിസര്‍വേഷന്‍ അനൗണ്‍സ്‌മെന്റ്, അന്വേഷണ സൗകര്യങ്ങളോടെ ഇപ്പോള്‍ പ്രവര്‍ത്തനമാരംഭിച്ചിരിക്കുന്നത്.  കേരളത്തിലെ എല്ലാ മേഖലകളിലേക്കും സര്‍വ്വീസ് നടത്തുന്ന കെ എസ് ആര്‍ ടി സി ഓണ്‍ലൈന്‍ ബുക്കിംഗ് സൗകര്യമുള്ള എല്ലാ ബസുകള്‍ക്കും ഇവിടെ നിന്നും റിസര്‍വേഷന്‍ ചെയ്യാം. പുതിയ ഓഫീസിന്റെ ഉദ്‌ലാടനം റോഷി അഗസ്റ്റിന്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. കട്ടപ്പന ടൗണ്‍ഷിപ്പ് വികസിച്ചു വരുന്ന സാഹചര്യത്തില്‍ കട്ടപ്പന കെ എസ് ആര്‍ ടി സി സബ് ഡിപ്പോയുടെ നവീകരണത്തിന് ആദ്യ പരിഗണന നലകുമെന്ന് എം.എല്‍.എ പറഞ്ഞു. വെള്ളയാംകുടിയിലെ ഡിപ്പോ സ്ഥലത്തു തന്നെ ഇതിനായി മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കും. ജില്ലയില്‍ കെ എസ് ആര്‍ ടി സി സര്‍വ്വീസ് ലാഭകരമാക്കുന്നതിനുള്ള സത്വര നടപടികള്‍ സ്വീകരിക്കേണ്ടത് അനിവാര്യമാണെന്നും എം.എല്‍.എ പറഞ്ഞു. കട്ടപ്പന നഗരസഭാ ചെയര്‍മാന്‍ മനോജ് എം തോമസ് അധ്യക്ഷത വഹിച്ചു.പൊതുജനങ്ങളുടെയും ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും പൊതു പ്രവര്‍ത്തകരുടെയും കൂട്ടായ പരിശ്രമമാണ് കട്ടപ്പന കെ എസ് ആര്‍ ടി സി യുടെ പുനര്‍ജീവനം ഇത്രവേഗത്തില്‍ സാധ്യമാക്കിയതെന്ന് കെ എസ് ആര്‍ ടി സി ഡയറക്ടര്‍ ബോര്‍ഡംഗം സി.വി വര്‍ഗീസ് പറഞ്ഞു. ഓണ്‍ലൈന്‍ ബുക്കിംഗ് ഓഫീസിന് ആവശ്യമായ കംപ്യൂട്ടര്‍ ലഭ്യമാക്കുന്നതിനുള്ള സഹായം നല്കുമെന്ന് കട്ടപ്പന മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ ഉദ്ഘാടന യോഗത്തില്‍ അറിയിച്ചു. നഗരസഭാ കൗണ്‍സിലര്‍മാരായ സി.കെ മോഹനന്‍, മനോജ് മുരളി, ജലജ ജയസൂര്യ, ലീലാമ്മ ഗോപിനാഥ്, കെ.വി സുമോദ്, ബെന്നി കല്ലൂപുരയിടം, എം.സി.ബിജു, ബെന്നി കുര്യന്‍, റ്റിജി.എം.രാജു, സണ്ണി കോലത്ത്, കട്ടപ്പന മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികളായ അഡ്വ. എം.കെ.തോമസ്, സിബി കൊല്ലംകുടിയില്‍ കെ എസ് ആര്‍ ടി സി എ. റ്റി .ഒ കെ.ജയകുമാര്‍, സി.ആര്‍ മുരളി ,തോമസ് പെരുമന, ഷാജി നെല്ലിപ്പറമ്പില്‍ തുടങ്ങിയവര്‍ സംസാരിച്ചു.വിവിധ രാഷ്ട്രീയ സംഘടനാ പ്രതിനിധികള്‍, പൊതുപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.