സംസ്ഥാന വനിതാ കമ്മീഷന്‍ കൊല്ലം ആശ്രാമം ഗസ്റ്റ് ഹൗസില്‍ നടത്തിയ അദാലത്തില്‍ ഏഴു കേസുകളില്‍ തീര്‍പ്പ് കല്പ്പിച്ചു. കമ്മീഷന്‍ അധ്യക്ഷ എം.സി. ജോസഫൈന്‍, അംഗങ്ങളായ ഷാഹിദ കമാല്‍, അഡ്വ. എം.എസ് താര എന്നിവര്‍ നേതൃത്വത്തിലായിരുന്നു അദാലത്ത്.
58 കേസുകള്‍ പരിഗണിച്ചു. 25 കേസുകള്‍ അടുത്ത സിറ്റിംഗില്‍ പരിഗണിക്കും. അഞ്ചു പരാതികള്‍ കോടതി നടപടികള്‍ക്കായും  നാലെണ്ണം പോലീസ് അന്വേഷണത്തിനായും  മാറ്റിവച്ചു.
പരാതികളില്‍ ഭൂരിഭാഗവും കുടുംബപ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടവയാണെന്ന്  വനിതാകമ്മിഷന്‍ അധ്യക്ഷ പറഞ്ഞു. മദ്യത്തിന്റെയും മറ്റ് ലഹരിവസ്തുക്കളുടെയും ഉപയോഗമാണ് പല പരാതികള്‍ക്കും കാരണമാകുന്നത്.
ലീഗല്‍ കണ്‍സള്‍ട്ടന്‍സി സ്ഥാപനത്തിലെ ട്രേഡ് യൂണിയന്‍ പ്രശ്‌നനങ്ങളുമായി ബന്ധപ്പെട്ട് ജീവനക്കാരിയായ അഭിഭാഷക നല്‍കിയ പരാതിയില്‍ നിയമ നടപടി സ്വീകരിക്കാനും സ്ത്രീത്വത്തെ അപകീര്‍ത്തിപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങള്‍ ഒഴിവാക്കാനും കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.
  ജീവനാംശ തുക നല്‍കുന്നതില്‍ ഭര്‍ത്താവ് വീഴ്ച വരുത്തിയെന്നു കാട്ടി ആദിവാസി യുവതി സമര്‍പ്പിച്ച പരാതിയും തീര്‍പ്പാക്കി. കുടിശ്ശിക തുകയായ  23,000 രൂപയും  ഈ മാസത്തെ ജീവനാംശത്തോടൊപ്പം 2000 രൂപ കൂടി ചേര്‍ത്ത് 7000 രൂപയും നല്‍കാന്‍ കമ്മീഷന്‍ ആവശ്യപ്പെട്ടു.
വിവാഹമോചനത്തില്‍ നിന്ന് യുവദമ്പതികളെ പിന്തിരിപ്പാക്കാനും വനിതാ കമ്മീഷന്റെ ഇടപെടല്‍ വഴിയൊരുക്കി. കൗണ്‍സലിംഗ് നടത്തിയാണ് കുടുംബകോടതിയിലെ കേസ് പിന്‍വലിക്കാനുള്ള തീരുമാനത്തിലേക്ക്  ദമ്പതികളെ എത്തിച്ചത്.
അഡ്വ. ആര്‍.സരിത, അഡ്വ. പിങ്കിള്‍ ശശി, വനിതാ സെല്‍ എസ്. ഐ. എസ്. വത്സലകുമാരി, കൗണ്‍സലര്‍ സിസ്റ്റര്‍ സംഗീത തുടങ്ങിയവര്‍ പങ്കെടുത്തു. ഒക്‌ടോബര്‍ ഒന്നിനാണ് അടുത്ത സിറ്റിംഗ്.