*കൈയേറ്റം ഒഴിപ്പിക്കാൻ സ്‌പെഷ്യൽ ഡ്രൈവ്

സർക്കാർ ഭൂമി കൈയേറ്റം കണ്ടെത്തുന്നതിനും തടയുന്നതിനും ഒഴിപ്പിക്കുന്നതിനും ലാന്റ് റെവന്യു കമ്മീഷണറെയും അസി. കമ്മീഷണറെയും മറ്റു ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്തി മോണിറ്ററിംഗ് സെൽ രൂപീകരിച്ചു. സർക്കാർ ഭൂമി കൈയേറ്റം സംബന്ധിച്ച് ജില്ലാ കളക്ടർമാർ, തഹസിൽദാർമാർ എന്നിവരിൽ നിന്ന് സെൽ റിപ്പോർട്ട് തേടും. കൈയേറ്റം സമയബന്ധിതമായി ഒഴിപ്പിക്കുന്നതിന് ഇടപെടുകയും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് ആവശ്യമായ മാർഗനിർദേശങ്ങൾ നൽകുകയും ചെയ്യും.
മാദ്ധ്യമങ്ങളിൽ ഭൂമി കൈയേറ്റം സംബന്ധിച്ച് വരുന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ സ്ഥല പരിശോധന നടത്തി നടപടി സ്വീകരിക്കാൻ സെല്ലിന് അധികാരമുണ്ടാവും. അധികാര സ്ഥാപനങ്ങളുടെ സ്‌റ്റേ ഉത്തരവുകൾ ഒഴിപ്പിച്ചെടുക്കാനുള്ള ചുമതലയും ഇവർക്കുണ്ട്.
കോടതിയിൽ നിലനിൽക്കുന്ന കേസുകളിൽ സർക്കാരിന്റെ ഭാഗം വാദിക്കുന്നതിനും സ്‌റ്റേറ്റ്‌മെന്റുകളും കൗണ്ടർ അഫിഡവിറ്റുകളും ഫയൽ ചെയ്യുന്നതിനും സത്വര നടപടി സ്വീകരിക്കും. സബ് കളക്ടർമാരുടെയും ആർ. ഡി. ഒ മാരുടെയും നേതൃത്വത്തിൽ സർക്കാർ ഭൂമികളുടെയും പുറമ്പോക്കുകളുടെയും ഇടവഴികളുടെയും കൈയേറ്റം ഒഴിപ്പിക്കുന്നതിന് സ്‌പെഷ്യൽ ഡ്രൈവ് നടത്താനും സെല്ലിനെ ചുമലതപ്പെടുത്തിയിട്ടുണ്ട്. കോടതി ഇടപെടലുകൾ കാരണം ഒഴിപ്പിക്കാനാവാത്ത കൈയേറ്റങ്ങളെക്കുറിച്ചുള്ള വിവരം ജില്ലാ കളക്ടർമാർ മോണിറ്ററിംഗ് സെല്ലിന് റിപ്പോർട്ട് ചെയ്യാൻ നിർദ്ദേശിച്ചിട്ടുണ്ട്.