സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടെയും വില്‍പ്പനക്കാരുടെയും ക്ഷേമനിധി ബോര്‍ഡ് അംഗങ്ങളുടെ മക്കള്‍ക്കുള്ള വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിന്റെ ജില്ലാതല വിതരണോദ്ഘാടനം ടി. സിദ്ദീഖ് എം.എല്‍.എ നിര്‍വ്വഹിച്ചു. ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡ് ജീവനക്കാരുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കുന്നുണ്ടെന്ന് എം.എല്‍.എ പറഞ്ഞു. ലോട്ടറി വില്‍പ്പനയ്ക്ക് നേതൃത്വം നല്‍കുന്ന സാധാരണക്കാരായ ജീവനക്കാരുടെ മക്കള്‍ക്ക് വിദ്യാഭ്യാസം, വിവാഹം, പെന്‍ഷന്‍ തുടങ്ങി വിവിധ മേഖലകളില്‍ നടത്തുന്ന ഇടപെടല്‍ അശ്വാസകരമാണെന്നും എം.എല്‍.എ പറഞ്ഞു.
കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ കല്‍പ്പറ്റ നഗരസഭ ചെയര്‍മാന്‍ മുജീബ് കേയംതൊടി അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടര്‍ ഡോ. രേണുരാജ് മുഖ്യാതിഥിയായി.
കെ.എസ്.എല്‍.എ.എസ്.ഡബ്ല്യു.എഫ്.ബി മെമ്പര്‍ പി.ആര്‍ ജയപ്രകാശ് മുഖ്യപ്രഭാഷണം നടത്തി. പ്ലസ് ടു മുതല്‍ പ്രൊഫഷണല്‍ കോഴ്സുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് വിതരണമാണ് നടന്നത്. ജില്ലാ ഭാഗ്യക്കുറി ഓഫീസര്‍ ഡോ. കവിത. വി. നാഥ്, മാനന്തവാടി സബ് ലോട്ടറി ഓഫീസ് അസി. ജില്ലാ ലോട്ടറി ഓഫീസര്‍ സി.ബി സന്ദേശ്, ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസര്‍ ടി.എസ് രാജു, ലോട്ടറി യൂണിയന്‍ നേതാക്കളായ ടി.എസ് സുരേഷ്, ഷിബു പോള്‍, എം.എ ജോസഫ്, സന്തോഷ്. ജി. നായര്‍, പി.കെ സുബൈര്‍, എസ്.പി രാജവര്‍മ്മന്‍ തുടങ്ങിയവര്‍ സംസാരിച്ചു.