കൊച്ചി: മൂവാറ്റുപുഴ നിയോജകമണ്ഡലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധിയില്‍ നിന്നും ചികിത്സാ ധനസഹായമായി 8.31-ലക്ഷം രൂപ കൂടി അനുവദിച്ചു . പതിനൊന്നാം ഘട്ട വിതരണത്തിനായാണ് തുക അനുവദിച്ചത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും 37പേര്‍ക്കാണ് 8.31ലക്ഷം രൂപ അനുവദിച്ചത്. അനുവദിച്ച തുക അപേക്ഷകരുടെ അക്കൗണ്ടുകളിലേയ്ക്കാണ് അയക്കുന്നത്. നാടിന്റെ വികസന പ്രവര്‍ത്തനങ്ങളോടൊപ്പം സര്‍ക്കാര്‍ ധനസഹായങ്ങള്‍ അര്‍ഹതപ്പെട്ടവരുടെ കൈകളിലെത്തുമ്പോഴെ നാടിന്റെ വികസനം യാഥാര്‍ത്ഥ്യമാകുകയുള്ളുവെന്ന് മൂവാറ്റുപുഴ എം.എല്‍.എ എല്‍ദോ എബ്രഹാം പറഞ്ഞു. നിയോജക മണ്ഡലത്തില്‍ വിവിധ രോഗങ്ങളാല്‍ ബുദ്ധിമുട്ട് അനുഭവിക്കുന്ന ആയിരകണക്കിന് വ്യക്തികള്‍ക്ക് ചികിത്സ ധനസഹായം വിതരണം ചെയ്തു കഴിഞ്ഞു. മൂവാറ്റുപുഴയില്‍ വെള്ളപൊക്കത്തെ തുടര്‍ന്നുണ്ടായ മഹാപ്രളയത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കുള്ള സര്‍ക്കാര്‍ ധനസഹായമായ നാല് ലക്ഷം രൂപയുടെ വിതരണവും പൂര്‍ത്തിയായി. എട്ട് പേര്‍ക്കായി 32 ലക്ഷം രൂപയാണ് വിതരണം ചെയ്തതെന്നും എല്‍ദോ എബ്രഹാം എം.എല്‍.എ പറഞ്ഞു.
