ന്യായവിലയ്ക്ക് സര്‍ക്കാര്‍ വാങ്ങിയ മൂവായിരം ടണ്‍ തോട്ടണ്ടി ദിവസങ്ങള്‍ക്കുള്ളില്‍ എത്തിക്കാനാകുമെന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. കാപ്പെക്സില്‍ നിന്നും 2012, 2013 വര്‍ഷങ്ങളില്‍ വിരമിച്ച തൊഴിലാളികളുടെ ഗ്രാറ്റുവിറ്റി വിതരണം ചാത്തിനാംകുളം ഫാക്ടറിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ന്യായവിലയ്ക്ക് ലഭിക്കുന്ന തോട്ടണ്ടി ഉപയോഗിക്കുക വഴി വ്യവസായം ലഭാകരമായി നടത്താനാകും. കശുവണ്ടി വികസന കോര്‍പറേഷനും കാപക്സിനും തോട്ടണ്ടി നല്‍കുക വഴി രണ്ടു സ്ഥാപനങ്ങളുടേയും നഷ്ടം കുറച്ച് ക്രമേണ ലാഭത്തിലേക്ക് എത്തിക്കാനും സാധിക്കും. ഇതോടൊപ്പം നേരിട്ട് വിപണനം നടത്തിയും ലാഭത്തിന്റെ തോത് ഉയര്‍ത്താമെന്നാണ് പ്രതീക്ഷ.
രണ്ടു സ്ഥാനപങ്ങള്ക്കുമായി 300 കോടി രൂപ സര്‍ക്കാര്‍ നല്‍കിക്കഴിഞ്ഞു. ബാധ്യത തീര്‍ത്തുള്ള പ്രവര്‍ത്തനമാണ് ഇതുവഴി സാധ്യമായത്. 21 കോടി രൂപ ഗ്രാറ്റുവിറ്റി കുടിശിക തീര്‍ക്കാനായി നല്കി. ഇതില്‍ അഞ്ചു കോടി രൂപയും കാപ്പെക്സിനാണ്. 2014, 2015 വര്‍ഷങ്ങളിലെ കുടിശിക ഇക്കൊല്ലം ഡിസംബറോടെ നല്‍കുന്നതിനുള്ള നീക്കത്തിലാണ്. തൊഴില്‍ ദിനങ്ങള്‍ പരമാവധി ഉയര്‍ത്താന്‍ കഴിഞ്ഞ സാഹചര്യത്തില്‍ അടുത്ത വര്‍ഷം 200 തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി.
എം.ബി.ബി.എസ് പ്രവേശനം ലഭിച്ച കശുവണ്ടി തൊഴിലാളികളുടെ മക്കള്‍ക്കുള്ള കാഷ് അവാര്‍ഡ് മന്ത്രി സമ്മാനിച്ചു.
കാപക്സ് ചെയര്മാന് പി. ആര്. വസന്തന് അധ്യക്ഷനായി. ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ കരിങ്ങന്നൂര്‍ മുരളി, ടി.സി. വിജയന്, കോതേത്ത് ഭാസുരന്‍, സുഭഗന്‍, മാനേജിംഗ് ഡയറക്ടര്‍ ആര്. രാജേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.