പഞ്ചായത്ത് വിഹിതം കൊണ്ട് മാത്രം തികയാത്ത ഇടങ്ങളില്‍ ബാങ്ക് വായ്പ ലഭ്യമാക്കി ലൈഫ് വീടുകളുടെ നിര്‍മാണം ത്വരിതപ്പെടുത്തുമെന്ന് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. നെടുമ്പന പഞ്ചായത്തില്‍ ലൈഫ് രണ്ടാംഘട്ട ധനസഹായ വിതരണവും ഇവിടെ നിര്‍മിച്ച കോണ്‍ഫറന്‍സ് ഹാളിന്റെ  സമര്‍പ്പണവും നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
പദ്ധതിവിഹിതത്തില്‍ ബാങ്ക് വായ്പ ഉള്‍പ്പെടുത്തി ഉപഭോക്താവിന് സാമ്പത്തിക ഭാരമില്ലാതെ വീടൊരുക്കാനാണ് ശ്രമിക്കുന്നത്. അടുത്ത ഘട്ടത്തില്‍ ഭൂരഹിതര്‍ക്കായി സ്ഥലം വാങ്ങി വീട് നിര്‍മിച്ചു നല്‍കും. വീടു നിര്‍മാണത്തിനായി തൊഴിലുറപ്പ്  പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിക്കുന്ന ഇഷ്ടിക സൗജന്യമായി നല്‍കി സാമ്പത്തിക ആശ്വാസം പകരാനാണ് തീരുമാനം.
നെടുമ്പനിയില്‍ രണ്ടാം ഘട്ടത്തില്‍ തെരഞ്ഞെടുക്കപ്പെട്ട 233 പേര്‍ക്കാണ് തുകവിതരണം നടത്തിയത്. വീടുകളുടെ നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കാനാകുമെന്നും മന്ത്രി പറഞ്ഞു.
നെടുമ്പന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. നാസറുദീന്‍ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗം സി.പി. പ്രദീപ്, സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷരായ സന്തോഷ്‌കുമാര്‍, കെ. ഉഷാകുമാരി, ടി.എന്‍. മന്‍സൂര്‍, നെടുമ്പന ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എല്‍. അനിത, സെക്രട്ടറി ഹാരിസ് മുഹമദ് കോയ, ബ്ലോക്ക്     പഞ്ചായത്ത് അംഗങ്ങളായ പള്ളിമണ്‍ സന്തോഷ്, ഷാഹിദ ഷാനവാസ് മറ്റു ജനപ്രതിനിധികള്‍, ലൈഫ് പദ്ധതി ഗുണഭോക്താക്കള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.