*ഇടമലക്കുടി കുടുംബാരോഗ്യ കേന്ദ്രം യാഥാർത്ഥ്യം
*മന്ത്രി വീണാ ജോർജ് ഉദ്ഘാടനം നിർവഹിക്കും
കേരളത്തിലെ ഏക ആദിവാസി പഞ്ചായത്തായ ഇടമലക്കുടി പഞ്ചായത്തിലെ ഇടമലക്കുടി കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ഉദ്ഘാടനം മേയ് 25ന് രാവിലെ 10 മണിക്ക് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നിർവഹിക്കും.
അന്നേ ദിവസം ചട്ടമൂന്നാൽ പ്രാഥമികാരോഗ്യ കേന്ദ്രം പ്രവർത്തനോദ്ഘാടനം, മേയ് 26ന് വാഴത്തോപ്പ് കുടുംബാരോഗ്യ കേന്ദ്രം, മാങ്കുളം കുടുംബാരോഗ്യ കേന്ദ്രം എന്നിവയുടെ ഉദ്ഘാടനവും മന്ത്രി നിർവഹിക്കും. സർക്കാരിന്റെ രണ്ടാം നൂറുദിന പരിപാടിയോടനുബന്ധിച്ചാണ് ഇവ യാഥാർത്ഥ്യമാക്കിയത്. എംഎൽഎ എ. രാജ ചടങ്ങിൽ അധ്യക്ഷത വഹിക്കും.
1.25 കോടി രൂപ ചെലവഴിച്ച് കെട്ടിടം ഉൾപ്പെടെയുള്ള ആധുനിക സജ്ജീകരണങ്ങളൊരുക്കിയാണ് ഇടമലക്കുടി കുടുംബാരോഗ്യ കേന്ദ്രം യാഥാർത്ഥ്യമാക്കിയതെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. ഇടമലക്കുടി, ചട്ടമൂന്നാർ ആശുപത്രികൾക്ക് 8 വീതം സ്ഥിരം തസ്തികകൾ അനുവദിച്ചു. ഇടമലക്കുടിയിൽ 3 സ്ഥിര ഡോക്ടർമാർ, ഫാർമസിസ്റ്റ്, ഹോസ്പിറ്റൽ അറ്റന്റഡർ, നഴ്സിംഗ് അസിസ്റ്റന്റ്, ഓഫീസ് ക്ലാർക്ക് എന്നിവരെ നിയമിച്ചു. ലാബ് ടെക്നീഷ്യനെ ഉടൻ നിയമിക്കുന്നതാണ്. ഇതുകൂടാതെ 4 താത്ക്കാലിക സ്റ്റാഫ് നഴ്സുമാരേയും നിയമിച്ചു.
കുടുംബാരോഗ്യ കേന്ദ്രമായി മാറുമ്പോൾ ചികിത്സയോടൊപ്പം, ലാബ് പരിശോധനകൾ, രോഗ പ്രതിരോധ പ്രവർത്തനങ്ങൾ, കുട്ടികളുടെ കുത്തിവെയ്പ്പ് എന്നിവ ലഭ്യമാക്കുന്നതാണ്. അത്യാവശ്യ ഘട്ടങ്ങളിൽ രോഗികളെ ചികിത്സയ്ക്കായി മൂന്നാറിൽ എത്തിക്കുന്നതിനായി ഫോർ വീൽ ഡ്രൈവുള്ള ജീപ്പും നൽകി. ജീവനക്കാർക്ക് ഇടമലക്കുടിയിൽ താമസിക്കുന്നതിനായി ക്വാർട്ടേഴ്‌സ് സംവിധാനം ഉറപ്പാക്കിയതായും മന്ത്രി വ്യക്തമാക്കി.
ആദിവാസികൾ മാത്രം താമസിക്കുന്ന ഇടമലക്കുടി, മൂന്നാർ ടൗണിൽ നിന്നും 36 കിലോമീറ്റർ വടക്ക് മാറി വന്യമൃഗങ്ങളുടെ സാന്നിധ്യമുള്ള കൊടും വനത്തിനുള്ളിലാണ്. ഇവിടെയൊരു മികച്ച ആരോഗ്യ കേന്ദ്രം ഒരുക്കുക എന്നത് ദീർഘകാല സ്വപ്നമായിരുന്നു. പെട്ടിമുടിയിൽ നിന്നും 20ലധികം കിലോമീറ്റർ കാൽ നടയായാണ് ആരോഗ്യ പ്രവർത്തകർ നേരത്തെ ഇടമലക്കുടിയിൽ കുട്ടികളുടെ കുത്തിവെയ്പ് ഉൾപ്പടെയുള്ള പ്രവർത്തങ്ങൾക്കായി എത്തിയിരുന്നത്. അതിനും മാറ്റം വരുന്നു. ഈ സർക്കാർ നടത്തിയ തുടർച്ചയായ ഇടപെടലുകളുടെ ഫലമാണ് ഇടമലക്കുടി കുടുംബാരോഗ്യ കേന്ദ്രം യാഥാർത്ഥ്യമാകുന്നത്.