*കൊറിയൻ അംബാസഡർ മന്ത്രിയെ സന്ദർശിച്ചു
കേരളത്തിൽ വ്യവസായരംഗത്തു നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്നവർക്ക് എല്ലാ പശ്ചാത്തല സൗകര്യവും ഒരുക്കുമെന്നു വ്യവസായ വകുപ്പ് മന്ത്രി ഇ.പി. ജയരാജൻ പറഞ്ഞു. കേരളത്തിൽ ബിസിനസ് ടു ബിസിനസ് മീറ്റിൽ പങ്കെടുക്കാനെത്തിയ കൊറിയൻ അംബാസഡർ ബോംഗ്-കി ഷിൻ, പ്രതിനിധികൾ എന്നിവരുമായി ആശയവിനിമയം നടത്തുകയായിരുന്നു മന്ത്രി.
കേരളത്തിൽ സമീപകാലത്ത് നിക്ഷേപക സൗഹൃദ സമീപനവും ലളിത നടപടിക്രമങ്ങളും ആവിഷ്‌കരിച്ചതിനാൽ വിദേശ സംരംഭകർ വിവിധ രംഗങ്ങളിൽ ബിസിനസ് തുടങ്ങാൻ താത്പര്യപ്പെട്ടുവരികയാമെന്ന് മന്ത്രി പറഞ്ഞു. ഇന്ത്യയും കൊറിയയുമായുള്ള ഉഭയകക്ഷി ബന്ധങ്ങളും ഇരു രാജ്യങ്ങളും തമ്മിലുള്ള ബിസിനസ് താത്പര്യങ്ങൾക്ക് വളരാൻ പ്രചോദനം നൽകുന്നതാണ്. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഉയർന്ന ജനസാന്ദ്രതയും ഭൂമിയുടെ കുറവും കേരളം നേരിടുന്ന വലിയ പ്രശ്‌നമാണെന്നതിനാൽ പരിസ്ഥിതി സൗഹൃദമായതും മലിനീകരണ സാധ്യതകൾ കുറഞ്ഞതുമായ വ്യവസായങ്ങൾ ആരംഭിക്കുന്നതിനാണ് സംസ്ഥാനം താത്പര്യപ്പെടുന്നത്. ഇപ്പോൾ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ സംസ്ഥാനം കൂടുതൽ നിക്ഷേപക സൗഹൃദമാക്കാൻ നടപടികൾ സ്വീകരിച്ചുവരികയാണ്. 2018 ജൂലൈയിലെ നാഷണൽ കൗൺസിൽ ഓഫ് അപ്ലൈഡ് ഇക്കണോമിക് റിസർച്ച് റിപ്പോർട്ട് അനുസരിച്ച് കേരളത്തിന് ആറാം റാങ്കാണ്. 2017ൽ അത് ഏഴും 2016ൽ പത്തുമായിരുന്നു. സംസ്ഥാനത്തിന്റെ വ്യവസായ വാണിജ്യ നയം പ്രധാനമായും ഇലക്ട്രോണിക്‌സ്, പ്രതിരോധം, ഭക്ഷ്യസംസ്‌കരണം, ഐടി-ലൈഫ് സയൻസ് പാർക്കുകൾ എന്നിവയ്ക്കാണ്. വ്യവസായാവശ്യത്തിനുള്ള ഭൂമിവിതരണവും ഭൂമി പാട്ടവ്യവസ്ഥകളും വളരെ ഉദാരമായി നടക്കുകയാണ്. കൊച്ചി-മംഗലാപുരം വ്യാവസായിക ഇടനാഴി ആറു ജില്ലകളിലൂടെ കടന്നുപോകുന്നതിനാൽ വടക്കൻ കേരളത്തിന്റെ വികസനത്തിന് വൻ സാധ്യതകൾ ഉണ്ടായിരിക്കുകയാണ്.
തുറമുഖ നിർമാണം, കപ്പൽ റിപ്പയർ യാഡ്, ഇലക്ട്രോണിക് ഹബ്ബുകൽ, പവർ യൂണിറ്റുകൾ, ഭക്ഷ്യ സംസ്‌കരണം, ഫാർമസ്യൂട്ടിക്കൽസ് എന്നീ മേഖലകളിൽ കേരളം കൂടുതൽ നിക്ഷേപങ്ങൾ തേടുകയാണെന്നും മന്ത്രി പറഞ്ഞു.
ഇന്ത്യയുടെ തെക്കേയറ്റത്തുള്ള സംസ്ഥാനമാണെങ്കിൽപോലും കേരളം വ്യാവസായിക വളർച്ചയ്ക്കുവേണ്ടി പോസിറ്റീവായ നിലപാടുകൾ സ്വീകരിക്കുന്ന സംസ്ഥാനമാണെന്നും കേരളത്തിന്റെ വ്യാവസായിക വളർച്ചയുടെ ഭാഗമാകാൻ കൊറിയയ്ക്കു താത്പര്യമുണ്ടെന്നും കൊറിയൻ അംബാസഡർ പറഞ്ഞു.
മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി വി.എസ്. സെന്തിൽ, വ്യവസായ വകുപ്പ് സെക്രട്ടറി ഇളങ്കോവൻ തുടങ്ങിയവർ സംബന്ധിച്ചു.