ദേശീയ പുകയില നിയന്ത്രണ പരിപാടിയുടെ ജില്ലാതല ഏകോപന സമിതി യോഗം ഡപ്യുട്ടി കളക്ടർ പി. എൻ പുരുഷോത്തമന്റെ അധ്യക്ഷതയിൽ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്നു. മൂന്ന് മാസം നീണ്ടു നിൽക്കുന്ന രൂപരേഖ തയ്യാറാക്കി. പുതിയ അധ്യയന വർഷം ലഹരിക്കെതിരെയുള്ള പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ എല്ലാ വകുപ്പുകളും കൂട്ടായി പ്രവർത്തിക്കണമെന്ന് ഡപ്യുട്ടി കളക്ടർ നിർദ്ദേശിച്ചു.

ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും നൂറ് വാരി ചുറ്റളവിൽ പുകയില വിൽപ്പന ഇല്ലാതാക്കും.
രണ്ടാഴ്ച നീളുന്ന സ്കൂൾ തല ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കുക, പ്രവർത്തന മികവിന് സ്കൂളുകൾക്കും കുട്ടികൾക്കും സമ്മാനങ്ങൾ നൽകുക, പൊതുസ്ഥലങ്ങളിൽ പുകയില നിരോധന ബോർഡുകൾ സ്ഥാപിക്കുക. അന്യസംസ്ഥാന തൊഴിലാളി ക്യാമ്പുകളിൽ നിരോധിത പുകയില ഉൽപ്പന്ന പരിശോധന നടത്തുക തുടങ്ങിയ കാര്യങ്ങൾ യോഗത്തിൽ തിരുമാനിച്ചു.

ആർദ്രം പദ്ധതി നോഡൽ ഓഫീസർ  ഡോ.ഷാജി സി.കെ. യോഗത്തിന്റെ ഉദ്ദേശങ്ങൾ വിവരിച്ചു. കേരള വോളന്ററി ഹെൽത്ത് സർവ്വീസസ് എക്സിക്യുട്ടീവ് ഡയറക്ടർ സാജു.വി.ടി, ജില്ലാ മാസ് മീഡിയ ഓഫീസർ ഷാലിമ , എൻ സി ഡി സ്റ്റാഫ് ഹേമമാലിനി എന്നിവർ ആരോഗ്യ വകുപ്പിന്റെ പ്രവർത്തനങ്ങൾ വിശദീകരിച്ചു. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ശരത് ബാബു, ടാക്സ് ഓഫീസർ പ്രഭാത് കെ.പി, ജോയിന്റ് ബി.ഡി.ഒ സന്തോഷ്കുമാർ, ഡപ്യൂട്ടി ലേബർ ഓഫീസർ ഉണ്ണികൃഷ്ണൻ വി.എൻ, ഡി.ഡി.എഡ്യുക്കേഷൻ പ്രേമൻ എ, ഫുഡ് സെഫ്റ്റി ഓഫീസർ ഡോ.ജോസഫ് കുര്യാക്കോസ് എന്നിവർ യോഗത്തിൽ സംസാരിച്ചു. ഉദ്യോഗസ്ഥരും ആരോഗ്യ വകുപ്പ് പ്രോഗ്രാം ഓഫീസർമാരും യോഗത്തിൽ പങ്കെടുത്തു.