പങ്കജവല്ലിയമ്മ പ്രായം കൂടിയ പഠിതാവ്

സംസ്ഥാന സാക്ഷരതാ മിഷന്റെ നേതൃത്വത്തില്‍ നടക്കുന്ന ഒന്നും രണ്ടും വര്‍ഷ ഹയർസെക്കന്‍ഡറി തുല്യതാ കോഴ്‌സ് പരീക്ഷ സമാപിച്ചു. ജില്ലയില്‍ 465 പേരാണ് തുല്യതപരീക്ഷ എഴുതിയത്. ഇതില്‍ 378 പേര്‍ ഹയര്‍സെക്കന്‍ഡറി തുല്യത ഒന്നാം വാര്‍ഷിക പരീക്ഷയും 178 പേര്‍ രണ്ടാംവര്‍ഷ പരീക്ഷയും എഴുതി. 23 വയസ്സ് മുതല്‍ 68 വയസ്സ് വരെയുള്ളവരാണ് പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്തിരുന്നത്. ജിഎച്ച്എസ്എസ് മാനന്തവാടി, ജിഎച്ച്എസ്എസ് കണിയാമ്പറ്റ, എച്ച്എസ്എസ് സര്‍വജന സുല്‍ത്താന്‍ബത്തേരി ജിഎച്ച്എസ്എസ് കല്‍പ്പറ്റ എന്നീ സ്‌കൂളുകളായിരുന്നു തുല്യതാ പരീക്ഷാ കേന്ദ്രങ്ങള്‍.

ജില്ലയിൽ സുല്‍ത്താന്‍ബത്തേരി സര്‍വജന സ്കൂൾ കേന്ദ്രത്തിലാണ് ഏറ്റവും പ്രായം കൂടിയ പഠിതാവ് പരീക്ഷ എഴുതിയത്. 68 വയസ്സുള്ള പങ്കജവല്ലിയമ്മയാണ് പ്രായം കൂടിയ പഠിതാവ്. പ്രതിസന്ധികളെ പ്രായം കൊണ്ട് തോൽപ്പിച്ചാണ് പങ്കജവല്ലിയമ്മ തുല്യതാ പരീക്ഷയിലെ താരമായത്. 23 വയസ്സുള്ള കീര്‍ത്തി, പി.ആർ രഞ്ജിത്ത്, അസ്ലം എന്നിവരാണ് പരീക്ഷയിലെ പ്രായം കുറഞ്ഞ പഠിതാക്കള്‍.

സുൽത്താൻ ബത്തേരി നഗരസഭയിൽ നടന്ന ചടങ്ങിൽ ബത്തേരി മുനിസിപ്പല്‍ ചെയര്‍മാന്‍ ടി.കെ രമേശ് പങ്കജവല്ലിയമ്മയെ ആദരിച്ചു. മുനിസിപ്പാലിറ്റി വിദ്യാഭ്യാസ സ്റ്റാന്‍ന്റിംഗ്കമ്മിറ്റി ചെയര്‍മാന്‍ ടോം ജോസ് അധ്യക്ഷനായി. സാക്ഷരതാ മിഷന്‍ ജില്ലാ കോഡിനേറ്റര്‍ സ്വയ നാസര്‍ മുഖ്യപ്രഭാഷണം നടത്തി. വാർഡ് കൗണ്‍സിലര്‍ അസീസ് മാടാല, സർവ്വജന ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അബ്ദുല്‍ നാസര്‍ തുടങ്ങിയവർ സംസാരിച്ചു.