കൊച്ചി: ജില്ലയിലെ പ്രളയബാധിത മേഖലകളിലെ നഷ്ടം വിലയിരുത്താന്‍ കേന്ദ്രസംഘം ജില്ലയില്‍ സന്ദര്‍ശനം നടത്തി. ധനകാര്യ മന്ത്രാലയം ഉപദേഷ്ടാവ് ആഷു മാത്തൂര്‍, ജലവിഭവ മന്ത്രാലയം റിസോഴ്‌സ് കമ്മീഷണര്‍ ടി.എസ്. മെഹ്‌റ, ദേശീയ ദുരന്ത നിവാരണ അതോറിറ്റി ജോയിന്റ് സെക്രട്ടറി അനില്‍ കുമാര്‍ സംഘി എന്നിവരടങ്ങുന്ന സംഘമാണ് ജില്ലയില്‍ സന്ദര്‍ശനം നടത്തിയത്.
പറവൂര്‍, ആലുവ, താലൂക്കുകളിലാണ് സംഘം സന്ദര്‍ശനം നടത്തിയത്. പ്രളയത്തെ തുടര്‍ന്നുണ്ടായ നാശനഷ്ടങ്ങള്‍ ജില്ല കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള കേന്ദ്ര സംഘത്തിനു മുന്നില്‍ അവതരിപ്പിച്ചു.
ജില്ലയില്‍ ലഭിച്ച 47% അധിക മഴയെ തുടര്‍ന്ന് നടത്തിയ മുന്നൊരുക്കങ്ങളും തയാറെടുപ്പുകളും കേന്ദ്രസംഘത്തിനു മുന്നില്‍ കളക്ടര്‍ വിശദമാക്കി.
വെള്ളം വന്‍തോതില്‍ പെരിയാറിലെത്തിയതോടെ ആലുവ, പറവൂര്‍ പ്രദേശങ്ങള്‍ പൂര്‍ണ്ണമായി വെള്ളത്തിനടിയിലായി. 1,15,250 പേരെയാണ് വിവിധ സേനാവിഭാഗങ്ങള്‍ രക്ഷപെടുത്തിയത്. ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ  12889, പോലീസ്68928, എന്‍ഡിആര്‍എഫ്600, ആര്‍മി10500, നേവി16843. കൂടാതെ മത്സ്യത്തൊഴിലാളികളുടെ 400 ബോട്ടുകളും രക്ഷാപ്രവര്‍ത്തനത്തിനിറങ്ങി. 969 ദുരിതാശ്വാസ ക്യാംപുകളിലായി 4.2 ലക്ഷം പേരാണുണ്ടായിരുന്നത്.
പ്രളയാന്തര പ്രവര്‍ത്തനങ്ങളും അവ നടപ്പാക്കുന്നതിന് സ്വീകരിച്ച സുതാര്യത ഉറപ്പാക്കുന്ന നടപടികളും കളക്ടര്‍ വിശദീകരിച്ചു. ദുരിതാശ്വാസ കിറ്റ് വിതരണവും അടിയന്തര ധനസഹായ വിതരണവും കുറ്റമറ്റ രീതിയില്‍ പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞു. പോരായ്മകളുണ്ടെങ്കില്‍ അത് കൃത്യമായി പരാതിപ്പെടാനുള്ള സംവിധാനവുമൊരുക്കി. കൂടാതെ എല്ലാ വിവരങ്ങളും പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കി. ഇത്തരത്തിലുള്ള സോഷ്യല്‍ ഓഡിറ്റിംഗ് സമീപനം ഇന്ത്യയില്‍ തന്നെ ആദ്യമായാണ് നടപ്പാക്കുന്നതെന്ന് കളക്ടര്‍ വ്യക്തമാക്കി.
പ്രളയത്തില്‍ അകപ്പെട്ടവരെ കണ്ടെത്തുന്നതിനായി നടത്തിയ തെരച്ചിലിനും രക്ഷാപ്രവര്‍ത്തനത്തിനുമായി 60 കോടി രൂപയാണ് ജില്ലയില്‍ ചെലവഴിച്ചത്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി 35,54,96,000 രൂപയാണ് ചെലവഴിച്ചത്.
ശുചീകരണപ്രവര്‍ത്തനങ്ങള്‍ക്കായി 80,35,50,000 രൂപയും ചെലവിട്ടു. 80,355 കുടിവെള്ള കിണറുകളാണ് ജില്ലയില്‍ പ്രളയത്തെ തുടര്‍ന്ന് മലിനമായത്. പല കിണറുകളും തകരുകയും ചെയ്തു. ഇത് പുനര്‍നിര്‍മ്മിക്കുന്നതടക്കമുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തിയത്.
5530 ടണ്‍ അജൈവ മാലിന്യങ്ങളാണ് പ്രളയബാധിത മേഖലകളില്‍ നിന്ന് ശേഖരിച്ചത്. 4690 ടണ്‍ മാലിന്യം ബ്രഹ്മപുരത്തേക്ക് നീക്കി. കാര്‍ഷിക മേഖലയില്‍ 204 കോടിയുടെ നഷ്ടമാണുണ്ടായിരിക്കുന്നത്. 3234 ഹെക്ടറിലെ പഴവര്‍ഗങ്ങളുടെ കൃഷി നശിച്ചു. 14162 കര്‍ഷകരെയാണ് ഇതു ബാധിച്ചത്. 1758 ഹെക്ടറിലെ പച്ചക്കറി കൃഷി നാശം 2570 കര്‍ഷകരെ ബാധിച്ചു. 120 ഹെക്ടറിലെ നെല്‍കൃഷി നാശം 376 കര്‍ഷകരെ ബാധിച്ചു. 282 ഹെക്ടറിലെ സുഗന്ധ വിളകള്‍ നശിച്ചു. ഇത് 2149 കര്‍ഷകരെ ബാധിച്ചു. മറ്റു കൃഷികള്‍ 1087 ഹെക്ടറില്‍ നശിച്ചു. 6361 ഹെക്ടര്‍ കൃഷിഭൂമിയും 120 ഹെക്ടര്‍ നെല്‍പ്പാടങ്ങളുമാണ് വെള്ളത്തിനടിയിലായത്. കൂടാതെ പ്രളയ ശേഷം മണ്ണിന്റെ ഫലഭൂയിഷ്ഠിയില്‍ കാര്യമായ വ്യത്യാസമുണ്ടായിട്ടുണ്ട്. മണ്ണിന്റെ പോഷകഗുണങ്ങള്‍ വലിയ തോതില്‍ നഷ്ടപ്പെട്ടതായും കണ്ടെത്തിയിട്ടുണ്ട്. നാളികേരം, കുരുമുളക് തുടങ്ങിയ വിളകളില്‍ അണുബാധയും കണ്ടുതുടങ്ങിയിട്ടുണ്ട്. വാര്‍ഷിക വിളകള്‍ക്കു വേണ്ടി എടുത്തിട്ടുള്ള വായ്പകള്‍ തിരിച്ചടയ്ക്കുന്നതിനും കര്‍ഷകര്‍ പ്രയാസപ്പെടുന്നുണ്ട്.
33,92,000 രൂപയുടെ നഷ്ടമാണ് ഫീഷറീസ് വകുപ്പ് കണക്കാക്കിയിരിക്കുന്നത്.
96 ബോട്ടുകള്‍ പൂര്‍ണ്ണമായി തകര്‍ന്നു. 63 ബോട്ടുകള്‍ക്ക് ഭാഗിക നാശമുണ്ടായി. 213 വലകള്‍ പൂര്‍ണ്ണമായും 346 വലകള്‍ ഭാഗികമായും നശിച്ചു.
ആരോഗ്യമേഖലയില്‍ 10237.87 ലക്ഷം രൂപയുടെ നഷ്ടമാണുണ്ടായിരിക്കുന്നതെന്ന് ജില്ല മെഡിക്കല്‍ ഓഫീസര്‍ ഡോ. എന്‍.കെ. കുട്ടപ്പന്‍ പറഞ്ഞു.
അടിസ്ഥാന സൗകര്യങ്ങള്‍ക്കുണ്ടായ നാശത്തിന് 10075.50 ലക്ഷം രൂപയുടെ നഷ്ടവും ഉപകരണങ്ങള്‍ക്ക് 113.31 ലക്ഷം രൂപയുടെ നഷ്ടവും ഫര്‍ണ്ണിച്ചര്‍, ഉപകരണങ്ങള്‍ നഷ്ടപ്പെട്ട ഇനത്തില്‍ 24.61 ലക്ഷവും മരുന്നുകള്‍ നഷ്ടമായ ഇനത്തില്‍ 24.45 ലക്ഷം രൂപയുടെ നഷ്ടവും കണക്കാക്കുന്നു.
വ്യവസായ മേഖലയില്‍ 489.56 കോടി രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. ഹാന്‍ഡ്‌ലൂം രംഗത്തിനുണ്ടായ നഷ്ടം ഉള്‍പ്പെടുത്താതെയാണിത്.
ജില്ലയില്‍ വീടുകള്‍ക്കുണ്ടായ നാശത്തെ തുടര്‍ന്ന് ആകെ 52911.50 ലക്ഷം രൂപയുടെ നഷ്ടമാണുണ്ടായിരിക്കുന്നത്. തകര്‍ന്ന വീടുകളുടെ കണക്കെടുപ്പ് അതിവേഗം പുരോഗമിക്കുകയാണെന്ന് കളക്ടര്‍ അറിയിച്ചു. റീബില്‍ഡ് കേരള ആപ്പ് വഴി വിവരശേഖരണത്തിന് 7000 വൊളന്റിയര്‍മാരാണ് രംഗത്തുള്ളത്. ഈ മാസം 23 ഓടെ വിവരശേഖരണം പൂര്‍ത്തിയാക്കാനാകും. ശേഖരിച്ച വിവരങ്ങള്‍ തദ്ദേശ സ്ഥാപന എക്‌സ്‌ക്യൂട്ടീവ് എന്‍ജിനീയര്‍ അല്ലെങ്കില്‍ ഓവര്‍സീയര്‍ വെരിഫൈ ചെയ്യണം. തുടര്‍ന്ന് പഞ്ചായത്ത് സെക്രട്ടറിയും വെരിഫൈ ചെയ്ത ശേഷമാണ് കണക്കുകള്‍ സ്ഥിരീകരിക്കുക. 94950 വീടുകളുടെ സര്‍വേ പൂര്‍ത്തിയായി.
2105 കിലോമീറ്റര്‍ റോഡുകളെ പ്രളയം ബാധിച്ചു. 780 കിലോമീറ്റര്‍ റോഡ് പൂര്‍ണ്ണമായി തകര്‍ന്നു. 4251.58 ലക്ഷം രൂപയുടെ നഷ്ടമാണ് കെഎസ്ഇബി കണക്കാക്കുന്നത്. ഊര്‍ജ ഉത്പാദനം, പ്രസരണം, വിതരണം എന്നീ മേഖലകളെ പ്രളയം ബാധിച്ചു.
ആര്‍ ഡി ഒ എസ്. ഷാജഹാന്‍, ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ പി.ഡി.ഷീല ദേവി, ഡി എം ഒ ഡോ. എന്‍.കെ. കുട്ടപ്പന്‍, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ എസ്. മഹേഷ്, ആലുവ തഹസില്‍ദാര്‍ കെ.ടി. സന്ധ്യാദേവി, പറവൂര്‍ തഹസില്‍ദാര്‍ ഹരീഷ്, ഹരിത കേരളം മിഷന്‍ കോഓര്‍ഡിനേറ്റര്‍ സുജിത് കരുണ്‍, വിവിധ വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
ആദ്യ സന്ദര്‍ശനം ഏഴാറ്റുമുഖത്ത്
അവലോകന യോഗത്തിനു ശേഷം കേന്ദ്ര സംഘം ഏഴാറ്റുമുഖത്ത് സന്ദര്‍ശനം നടത്തി. ഇടമലയാര്‍ ജലസേചന പദ്ധതിയ്ക്ക് കീഴിലുള്ള ചാലക്കുടി ഡൈവേര്‍ഷന്‍ സ്‌കീമിന്റെ ഭാഗമായുള്ള കനാല്‍ ബണ്ട് തകര്‍ന്നത് സംഘം സന്ദര്‍ശിച്ചു. പുഴയുടെ ഇടതുകര എറണാകുളം ജില്ലയിലും വലതുകര തൃശൂര്‍ ജില്ലയിലുമാണ് സ്ഥിതി ചെയ്യുന്നത്. ചാലക്കുടി പുഴ ഗതിമാറി ഒഴുകിയതിനാല്‍ ഇടതുകര (ലെഫ്റ്റ് ബാങ്ക് മെയിന്‍ കനാല്‍) കനാലിന്റെ 200 മീറ്റര്‍ വലത് ബണ്ട് പൂര്‍ണമായും ഒഴുകിപ്പോയി. കനാലിന്റെ വലതു ഭിത്തിയിലൂടെ ഇപ്പോള്‍ വെള്ളം പുറത്തേക്ക് പോയ്‌ക്കൊണ്ടിരിക്കുകയാണ്. 185 കിലോ മീറ്ററുള്ള കനാലിന്റെ 0.2 കി.മീ മുതല്‍ 0.5 കി.മീ വരെയുള്ള ഭാഗങ്ങളിലാണ് കേടുപാടുകള്‍ സംഭവിച്ചിരിക്കുന്നത്. ഇടതു കരയിലെ പതിനൊന്ന് പഞ്ചായത്തുകളിലേക്കും ഒരു മുനിസിപ്പാലിറ്റിയിലേക്കും ജലസേചനം, കുടിവെള്ളം, കിണര്‍ റീചാര്‍ജിംഗ് എന്നിവയ്ക്കായി വെള്ളം നല്‍കുന്നത് ഇവിടെ നിന്നാണ്. പ്രളയാനന്തരം സമീപ പ്രദേശങ്ങളില്‍ അനുഭവിക്കുന്ന വരള്‍ച്ചയ്ക്ക് പരിഹാരം കാണാന്‍ കനാലിന്റെ കേടുപാടുകള്‍ എത്രയും പെട്ടെന്ന് പരിഹരിച്ചേ മതിയാകൂ. 7759 ഹെക്ടര്‍ കൃഷിസ്ഥലങ്ങള്‍ക്ക് വെള്ളം ലഭ്യമാക്കുന്ന കനാലാണ് തകര്‍ന്നിരിക്കുന്നത്. ഏഴാറ്റുമുഖത്തു നിന്നുമാണ് കനാലിന്റെ ആരംഭം. ഇടമലയാര്‍ ഇറിഗേഷന്‍ പ്രൊജക്ട് ഡിവിഷന്‍ ചാലക്കുടി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ വി. ജയശ്രീ കേന്ദ്രസംഘത്തിനു മുന്നില്‍ വിശദവിവരങ്ങള്‍ വ്യക്തമാക്കി.
റോജി ജോണ്‍ എം എല്‍ എ പ്രദേശത്ത് തകര്‍ന്ന വീടുകളുടെ വിവരങ്ങള്‍ കേന്ദ്ര സംഘത്തിനു മുന്നില്‍ വിശദീകരിച്ചു. തുടര്‍ന്ന് പ്രളയത്തില്‍ തകര്‍ന്ന മേരി പവിയാനോസിന്റെ വീട് സംഘം സന്ദര്‍ശിച്ചു.
കുത്തിയതോട് സെന്റ് സേവ്യേഴ്‌സ് പള്ളി
തുടര്‍ന്ന് പ്രളയത്തില്‍ തകര്‍ന്നു വീണ് ആറുപേര്‍ മരണപ്പെട്ട കുത്തിയതോട് സെന്റ്. ഫ്രാന്‍സിസ് സേവ്യേഴ്‌സ് പള്ളിമേട കേന്ദ്ര സംഘം സന്ദര്‍ശിച്ചു. ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് കേന്ദ്ര സംഘം എത്തിയത്. തകര്‍ന്നു വീണ പള്ളിമേടയും പരിസരവും കേന്ദ്ര സംഘം വിശദമായി വീക്ഷിച്ചു. കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള പ്രളയത്തിന്റെ ദുരിതങ്ങള്‍ സംഘത്തോട് വിവരിച്ചു. വി.കെ ഇബ്രാഹിം കുഞ്ഞ് എം എല്‍ എ യും സ്ഥലത്തെത്തി. തുടര്‍ന്ന് സംഘം പള്ളിയും സന്ദര്‍ശിച്ചു. ഭിത്തികള്‍ പൊട്ടി അപകടത്തില്‍ നില്‍ക്കുന്ന പള്ളി ഇതേ വരെ തുറന്നു കൊടുത്തിട്ടില്ല. കുര്‍ബാനകളും നടത്തിയിട്ടില്ല. പതിനഞ്ച് മിനിറ്റോളം കേന്ദ്ര സംഘം പള്ളിയില്‍ ചെലവഴിച്ചു. ഓഗസ്റ്റ് 16 ന് വൈകീട്ട് ഏഴിനാണ് പ്രളയത്തെ തുടര്‍ന്ന് പള്ളിമേട തകര്‍ന്ന് ആറു പേര്‍ മരിച്ചത്. വീടുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് പള്ളിമേടയില്‍ അഭയം തേടിയവരാണ് അപകടത്തില്‍ പെട്ടത്. കുന്നുകര പഞ്ചായത്ത് പ്രസിഡന്റ് ഫ്രാന്‍സിസ് തറയിലും സ്ഥലത്തെത്തിയിരുന്നു. തുടര്‍ന്ന് കണക്കന്‍ കടവില്‍ പ്രളയത്തില്‍ പൂര്‍ണ്ണമായി തകര്‍ന്ന അഗസ്റ്റിന്‍ ദേവസിയുടെ വീട്ടിലും സംഘമെത്തി.
കുറുമ്പന്‍തുരുത്ത്
പ്രളയക്കെടുതിയില്‍ ദുരിതമനുഭവിച്ച പറവൂര്‍ താലൂക്കിലെ നാശനഷ്ടങ്ങള്‍ കേന്ദ്രസംഘം വിലയിരുത്തി. കുറുമ്പന്‍തുരുത്ത് സെന്റ് ജോസഫ് പള്ളിയിലും പരിസര പ്രദേശങ്ങളിലുമുണ്ടായ നാശ നഷ്ടങ്ങള്‍ പറവൂര്‍ എംഎല്‍എ വി.ഡി സതീശന്‍ സംഘത്തിന് വിശദീകരിച്ച്  കൊടുത്തു. പള്ളിക്ക് സമീപമുണ്ടായിരുന്ന ഏഴ് സെന്റ് സ്ഥലവും റോഡും ഇപ്പോള്‍ പുഴയെടുത്തിരിക്കുകയാണ്. കുടിവെള്ള പൈപ്പും പ്രളയത്തിന്റെ കുത്തൊഴുക്കില്‍ തകര്‍ന്നിരുന്നു. കുറുമ്പത്തുരുത്ത് സ്വദേശി എം.ടി ജോണിയുടെ വീടിന്റെ മുന്‍ഭാഗത്തെ മുറിയുടെ അടിവശം വെള്ളപ്പൊക്കത്തില്‍ ഒലിച്ചുപോയി. വീടിന്റെ മറ്റു ഭാഗങ്ങളില്‍ വിള്ളലും കേടുപാടുകളും സംഭവിച്ചിട്ടുണ്ട്. ആറ് ദിവസത്തോളം ആറടി ഉയരത്തിലാണ് ഇവിടെ വെള്ളം കെട്ടി നിന്നത്. അതിന് ശേഷം ചേന്ദമംഗലം കരിമ്പാടം കൈത്തറി നെയ്ത്ത് സഹകരണ സംഘത്തില്‍ എത്തിയ ഉദ്യോഗസ്ഥര്‍ നെയ്ത്ത് ശാലയും സന്ദര്‍ശിച്ചു. കൈത്തറിയിലെ എല്ലാ അസംസ്‌കൃത വസ്തുക്കള്‍ക്കും നാശം സംഭവിച്ചു. ഏകദേശം ഏഴ് കോടി രൂപയുടെ നഷ്ടം കൈത്തറി മേഖലയ്ക്ക് ഉണ്ടായതായി എംഎല്‍എ പറഞ്ഞു.
മാട്ടുപുറം, ചെമ്മായം പാലം
മാട്ടുപുറത്തെ ഏത്തവാഴ കൃഷിയിടത്തില്‍ സംഘമെത്തി. മാട്ടുപുറം മേഖലയിലെ ആയിരത്തോളം ഏത്തവാഴകള്‍ക്ക് പ്രളയത്തില്‍ നാശനഷ്ടം സംഭവിച്ചു. ഓണത്തിന് മുന്നോടിയായി നടത്തിയ കൃഷിയാണ് വെള്ളം കയറി നശിച്ചത്. ഇവിടുത്തെ സന്ദര്‍ശനത്തിന് ശേഷം പ്രളയത്തില്‍ തകര്‍ന്ന കോട്ടുവള്ളി പഞ്ചായത്തിലെ ചെമ്മായം പാലത്തില്‍ സംഘമെത്തി. വെള്ളത്തിന്റെ കുത്തൊഴുക്കില്‍ പാലത്തിന്റെ നാല് തൂണുകളാണ് ഒലിച്ചുപോയത്. ഇപ്പോള്‍ അപകടാവസ്ഥയിലുള്ള പാലത്തിലൂടെ ഗതാഗതവും കാല്‍നടയാത്രയും പൂര്‍ണമായും നിരോധിച്ചിരിക്കുകയാണ്. പുഴയില്‍ സ്ഥാപിച്ചിരുന്ന മത്സ്യക്കൂടുകളുടെയും ചീനവലകളുടെയും അവശിഷ്ടങ്ങള്‍ ശക്തിയായി ഇടിച്ചാണ് പാലത്തിന് കേടുപാടുകള്‍ സംഭവിച്ചത്. അഞ്ചടിയോളം വെള്ളം ഉയര്‍ന്ന ഈ പ്രദേശത്തെ വീടുകളുടെ മതിലുകള്‍ തകര്‍ന്ന് കിടക്കുന്നതും സംഘം നിരീക്ഷിച്ചു.
ഏലൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രം
പ്രളയത്തെ തുടര്‍ന്ന് പ്രവര്‍ത്തനം അനിശ്ചിതാവസ്ഥയിലായ ഏലൂര്‍ പി.എച്ച്.സി കേന്ദ്ര സംഘം സന്ദര്‍ശിച്ച് തകരാറുകള്‍ വിലയിരുത്തി. പ്രളയ സമയത്ത്  കെട്ടിടത്തിന്റെ സണ്‍ഷൈഡ് വരെ  വെള്ളം പൊങ്ങുകയും ഉപകരണങ്ങള്‍ ഉള്‍പ്പെടെ നാശനഷ്ടങ്ങള്‍ സംഭവിക്കുകയും ചെയ്തിട്ടുണ്ട്. രണ്ട് ലക്ഷം രൂപയുടെ മരുന്നുകളാണ് പ്രളയനന്തരം ഇവിടെ നശിച്ചത്. കൂടാതെ 20 ലക്ഷം രൂപയുടെ ഉപകരണങ്ങളും നശിച്ചിട്ടുണ്ട്.
നിലവില്‍ കെട്ടിടം പ്രവര്‍ത്തനത്തിന് അനുയോജ്യമല്ലെന്ന് മുന്‍സിപ്പല്‍ എന്‍ജിനീയറുടെ പരിശോധനയില്‍ പറയുന്നുണ്ട്. പുതിയ കെട്ടിടം നിര്‍മ്മിക്കണമെന്നാണ് ആരോഗ്യ വകുപ്പ് അധികൃതര്‍ ആവിശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ കേന്ദ്രസംഘം കെട്ടിടം പരിശോധിക്കുകയും ഐഐടി, എന്‍ഐടി യില്‍ നിന്ന് സാങ്കേതിക  വിദഗ്ധരെ കൊണ്ട്  പരിശോധിച്ച് ഫിറ്റ്‌നസ് വിലയിരുത്താമെന്ന് പറയുകയും ചെയ്തു.
പരിസരത്തെ നിരവധി സാധാരണക്കാരുടെ ആശ്രയകേന്ദ്രമായതിനാല്‍ നിലവില്‍ പി എച്ച് സി യുടെ പ്രവര്‍ത്തനം മറ്റൊരു കെട്ടിടത്തിലേക്ക്  മാറ്റിയിട്ടുണ്ട്. കേന്ദ്ര സംഘത്തോടൊപ്പം  വി.കെ ഇബ്രാഹിം കുഞ്ഞ് എംഎല്‍എ, ആര്‍ ഡി ഒ എസ് ഷാജഹാന്‍,  ദുരന്തനിവാരണ ഡെപ്യൂട്ടി കളക്ടര്‍ പി ഡി ഷീല ദേവി, സി.എം ഒ ഡോ.എന്‍ കെ കുട്ടപ്പന്‍, അഡീഷണല്‍ ഡിഎംഒ ഡോക്ടര്‍ ശ്രീദേവി, ഏലൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ ടി പി ഉഷ എന്നിവരും ഉണ്ടായിരുന്നു.
തുടര്‍ന്ന് അഞ്ച് കോടി രൂപയുടെ നഷ്ടം കണക്കാക്കുന്ന മേത്താനത്തെ ഓറിയന്റല്‍ ഫാന്‍ ഗോഡൗണിലും കേന്ദ്രസംഘം സന്ദര്‍ശനം നടത്തി.
കേരള അക്വാ വെഞ്ചേഴ്‌സ് ഇന്റര്‍ നാഷണല്‍ ലിമിറ്റഡ് (കാവില്‍) 
പ്രളയക്കെടുതിയില്‍ ഏറെ നാശനഷ്ടങ്ങള്‍ സംഭവിച്ച കേരള അക്വാ വെഞ്ചേഴ്‌സ് ഇന്റര്‍ നാഷണല്‍ ലിമിറ്റഡ് (കാവില്‍) കേന്ദ്ര സംഘം സന്ദര്‍ശിച്ചു. അലങ്കാര മത്സ്യങ്ങളുടെ ഉല്‍പ്പാദനവും കയറ്റുമതിയും വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച കാവില്‍ പ്രളയത്തെ തുടര്‍ന്ന് വലിയ നാശനഷ്ടങ്ങള്‍ സംഭവിച്ചിരുന്നു. ഒമ്പത് ഏക്കര്‍ സ്ഥലത്ത് നിലകൊള്ളുന്ന കാവില്‍ പൂര്‍ണമായും വെള്ളത്തിലായി. കേന്ദ്ര സംഘം കാവില്‍ പരിസരം ചുറ്റി കാണുകയും നഷ്ടങ്ങളുടെ വിവരങ്ങള്‍ ചോദിച്ചറിയുകയും ചെയ്തു. വെള്ളം പൊങ്ങിയ അളവുകള്‍ രേഖപ്പെടുത്തി. സ്ഥിതിവിവരങ്ങളെ കുറിച്ച് കാവില്‍ പ്രവര്‍ത്തകരോട് ചോദിച്ചറിഞ്ഞു.
1.62 കോടിയുടെ നഷ്ടമാണ് കാവിലിന് സംഭവിച്ചിരിക്കുന്നത്. കൂടാതെ ട്രെയിനിങ് സെന്ററില്‍ 34.5 ലക്ഷത്തിന്റെ നഷ്ടം സംഭവിച്ചിട്ടുണ്ട്. ജനറേറ്റര്‍ ഫര്‍ണിച്ചര്‍ ഉള്‍പ്പെടെയുള്ള വന്‍ നഷ്മാണ് സംഭവിച്ചിരിക്കുന്നത്. എല്ലാ രേഖകളും പ്രളയത്തെ തുടര്‍ന്ന് നശിച്ചിട്ടുണ്ട്.
ജില്ല കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ളയ്‌ക്കൊപ്പം ആര്‍ ഡി ഒ എസ്. ഷാജഹാന്‍, ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ പി.ഡി. ഷീല ദേവി, പറവൂര്‍ തന്നെ തഹസില്‍ദാര്‍ എം.എച്ച്. ഹരീഷ്, ആലുവ തഹസില്‍ദാര്‍ കെ.ടി. സന്ധ്യാദേവി, തുടങ്ങിയവരും സംഘത്തെ അനുഗമിച്ചു. ജില്ലയിലെ സന്ദര്‍ശനം പൂര്‍ത്തിയാക്കിയ സംഘം ആലപ്പുഴയിലേക്ക് തിരിച്ചു.