ആലപ്പുഴ: കെട്ടിട നികുതി സംബന്ധിച്ച പരാതികൾ വ്യാപകമാകുന്നുവെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷണർ കെ.വി സുധാകരൻ. ആലപ്പുഴയിൽ നടന്ന തെളിവെടുപ്പിൽ പരാതികൾ പരിഗണിക്കുകയായിരുന്നു അദ്ദേഹം. തെറ്റായ ഉത്തരവ് ചൂണ്ടികാണിച്ച് പഞ്ചായത്ത് അധികൃതർ ഉടമസ്ഥരുടെ പക്കൽനിന്ന് ഇരട്ടി തുക നികുതിയായി ആവശ്യപ്പെടുന്നുവെന്ന തരത്തിലുള്ള പരാതികളാണ് വർധിക്കുന്നത്. പുതിയ ഉത്തരവിനെക്കുറിച്ച് പഞ്ചായത്ത് ഉദ്യോഗസ്ഥർക്കും വ്യക്തതയില്ലെന്നും അദ്ദേഹം പറഞ്ഞു. മുളക്കുഴ ഗ്രാമപഞ്ചായത്തിൽ 2014വരെ 121 രൂപ കെട്ടിട നികുതി അടച്ചിരുന്ന സ്ഥാനത്ത് 1251 രൂപ അടയ്ക്കാൻ പഞ്ചായത്ത് അധികൃതർ ആവശ്യപ്പെട്ട പരാതി അദ്ദേഹം ഉദാഹരണമായി ചൂണ്ടിക്കാട്ടി. പരാതികൾ വർധിക്കുന്ന സാഹചര്യത്തിൽ ഉത്തരവിനെകുറിച്ച് പഞ്ചായത്ത് ഡയറക്ടറോട് വ്യക്തത തേടുമെന്നും അദ്ദേഹം പറഞ്ഞു.
ഒരു അപേക്ഷയിൽ രണ്ട് അവകാശ സർട്ടിഫിക്കറ്റ് നൽകിയതിൽ വ്യക്തത ആവശ്യപ്പെട്ടുള്ള പരാതിയും കമ്മീഷൻ പരിഗണിച്ചു. രണ്ടാമത് നൽകിയിരിക്കുന്ന അവകാശ സർട്ടിഫിക്കറ്റിൽ ജനനത്തീയതി രേഖപ്പെടുത്തിയിട്ടുണ്ട്. സാധാരണഗതിയിൽ അവകാശ സർട്ടിഫിക്കറ്റിൽ ജനനത്തീയതി രേഖപ്പെടുത്താറില്ല. ഈ അവകാശ സർട്ടിഫിക്കറ്റ് കൃത്രിമമാണെന്നായിരുന്നു പരാതി.2014 ജൂൺ ഒമ്പതിന് നൽകിയ അപേക്ഷയിൽ 2013 ഏപ്രിൽ മാസത്തെ അന്വേഷണ റിപ്പോർട്ടാണ് നൽകിയിരിക്കുന്നത്. ഇതെങ്ങനെ സംഭവിച്ചുവെന്നും ഒരേ അപേക്ഷയിൽ രണ്ട് തരത്തിലുള്ള സർട്ടിഫിക്കറ്റ് എങ്ങനെ നൽകിയെന്നും ആർ.ഡി ഓഫീസിനോട് വിശദീകരണം തേടുമെന്നും കമ്മീഷൻ അറിയിച്ചു.21 പരാതികളാണ് പരിഗണിച്ചത്. ആലപ്പുഴ വെസ്റ്റ് വില്ലേജിനെതിരെ ധാരാളം പരാതികളാണ് ലഭിക്കുന്നതെന്ന് കമ്മീഷൻ നിരീക്ഷിച്ചു.