കണ്ണൂര്‍: എസ് എസ് എല്‍ സി പരീക്ഷയില്‍ ഉന്നത വിജയം നേടിയതിന് ലഭിച്ച സ്വര്‍ണ്ണപ്പതക്കം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കി വിദ്യാര്‍ത്ഥിനി. ഇരിണാവ് വീവേഴ്‌സ് സൊസൈറ്റി സെക്രട്ടറി അനില്‍കുമാറിന്റെ മകള്‍ നന്ദന അനില്‍കുമാറാണ് തന്റെ നേട്ടത്തിന് ലഭിച്ച സമ്മാനം നവകേരളനിര്‍മ്മാണത്തിനായി നല്‍കിയത്. സ്വര്‍ണ്ണപ്പതക്കം വ്യവസായ മന്ത്രി ഇ പി ജയരാജനില്‍ നിന്ന് സ്വീകരിച്ച ശേഷം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കായി തിരികെ നല്‍കുകയായിരുന്നു നന്ദന. കഴിഞ്ഞ എസ് എസ് എല്‍ സി പരീക്ഷയില്‍ ചെറുകുന്ന് ഗവ. ഗേള്‍സ് ഹൈസ്‌കൂളില്‍ നിന്നും മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയാണ് നന്ദന മികച്ച വിജയം സ്വന്തമാക്കിയത്.

സഹപാഠികളില്‍ പലരും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവനകള്‍ നല്‍കുന്നത് കണ്ടപ്പോള്‍ മുതല്‍ തനിക്കും നാടിനായി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹം തോന്നിയെന്ന് നന്ദന പറയുന്നു. സ്വര്‍ണ്ണപ്പതക്കം സമ്മാനിക്കുന്നതിനു മുന്നോടിയായി മന്ത്രി ഇ പി ജയരാജന്‍ നടത്തിയ പ്രസംഗത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കിയവരുടെ കഥകള്‍ കേട്ടപ്പോഴാണ് താന്‍ നേടിയ സ്വര്‍ണ്ണപ്പതക്കം ദുരിതാശ്വാസനിധിയിലേക്ക് നല്‍കാന്‍ തീരുമാനിച്ചത്. തീരുമാനത്തെ നന്ദനയുടെ കുടുംബവും പിന്തുണച്ചു. നന്ദനയുടെ അച്ഛന്‍ അനില്‍ കുമാര്‍ നേരത്തേ ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസനിധിയിലേക്ക് നല്‍കിയിരുന്നു. സര്‍ സെയ്ദ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അധ്യാപികയായ പി ബിന്ദുവാണ് നന്ദനയുടെ അമ്മ. അനിയന്‍ ഫിദല്‍ എ കുമാര്‍ ഇരിണാവ് യു പി സ്‌കൂളില്‍ ആറാം ക്ലാസില്‍ പഠിക്കുന്നു. നിലവില്‍ ചെറുകുന്ന് ഗവ. ബോയ്‌സ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ പ്ലസ് വണ്‍ സയന്‍സ് വിദ്യാര്‍ത്ഥിനിയാണ് നന്ദന.