കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് പ്രൊജക്റ്റ് (കെ.എസ്.ടി.പി.) ജില്ലയിൽ നിർമ്മിക്കുന്ന റോഡുകളുടെ നിർമ്മാണ പുരോഗതി വിലയിരുത്തുന്നതിനായി മന്ത്രിതല സംഘം ജൂൺ എട്ടിന് സ്ഥലം സന്ദർശിക്കും. റവന്യു ഭവനനിർമ്മാണ വകുപ്പ് മന്ത്രി കെ രാജന്റെ നേതൃത്വത്തിൽ കലക്ടറുടെ ചേംബറിൽ നടന്ന അവലോകന യോഗത്തിലാണ് തീരുമാനം.
കെ.എസ്.ടി.പി. ജില്ലയിൽ നിർമ്മിക്കുന്ന റോഡുകളുടെ നിർമ്മാണ പുരോഗതി വിലയിരുത്താൻ ഉന്നത സംഘം വാഴക്കോട് പ്ലാഴി റോഡ്, കൊടുങ്ങല്ലൂർ തൃശൂർ റോഡ് എന്നിവയാണ് സന്ദർശിക്കുക. റവന്യു മന്ത്രിക്ക് പുറമെ എംഎൽഎമാർ, ജനപ്രതിനിധികൾ, കലക്ടർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ സംഘത്തിലുണ്ടാകും. ഇതിനായുള്ള പ്രവർത്തന പദ്ധതി ജൂൺ എട്ടിന് ചേരുന്ന അവലോകന യോഗത്തിൽ തയ്യാറാക്കും.
ജൂൺ ആറ്, ഏഴ് തിയ്യതികളിലായി ചീഫ് എഞ്ചിനീയർ ലിസി കെ എസ്, പ്രോജക്ട് ഡയറക്ടർ പ്രേം കൃഷ്ണൻ, പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി എന്നിവരുടെ നേതൃത്വത്തിൽ ഉള്ള സംഘം സന്ദർശിച്ച് പുരോഗതി വിലയിരുത്തും.
മന്ത്രിതല സന്ദർശനത്തിന് മുമ്പായി കെ എസ് ടി പി ഉദ്യോഗസ്ഥരോട് നിർമ്മാണ പുരോഗതി നേരിട്ട് സന്ദർശിച്ച് റിപ്പോർട്ട് സമർപ്പിക്കാനും ആവശ്യപ്പെട്ടു. ജില്ലാ കലക്ടറുടെ നേതൃത്വത്തിൽ എല്ലാ ആഴ്ചയിലും പുരോഗതി വിലയിരുത്തുന്നതിനായി അവലോകന യോഗം ചേരണമെന്നും നിർദ്ദേശിച്ചു.
സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ, മുരളി പെരുനെല്ലി എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവീസ് മാസ്റ്റർ തുടങ്ങിയവർ റോഡ് നിർമ്മാണ പുരോഗതി വേഗത്തിലാക്കുന്നതിനുള്ള നിർദ്ദേശങ്ങൾ നൽകി.
യോഗത്തിൽ ജില്ലാ കലക്ടർ വി ആർ കൃഷ്ണ തേജ അദ്ധ്യക്ഷത വഹിച്ചു. ലാൻഡ് അക്വിസിഷൻ ഡെപ്യൂട്ടി കലക്ടർ യമുനദേവി പി ടി, പ്രൊജക്ട് ഡയറക്ടർ പ്രേം കൃഷ്ണൻ, കെഎസ്ടിപി പ്രതിനിധികൾ, ഓൺലൈനായി ചീഫ് എൻജിനീയർ ലിസി കെ എസ് തുടങ്ങിയവർ പങ്കെടുത്തു.