കോട്ടയം/എരുമേലി: മണ്ഡലകാലത്ത് ശബരിമലയില്‍ മണ്ഡലക്കാലത്ത് ഹരിതപെരുമാറ്റചട്ടം നിര്‍ബന്ധമാക്കുമെന്ന് ദേവസ്വം-ടൂറിസം-സഹകരണവകുപ്പ് മന്ത്രി കടകംപ്പള്ളി സുരേന്ദ്രന്‍ പറഞ്ഞു. ശബരിമല തീര്‍ത്ഥാടന മണ്ഡലകാലം ആരംഭിക്കുന്നതോടനുബന്ധിച്ച് ഒരുക്കങ്ങള്‍ അവലോകനം ചെയ്യുന്നതിന് കോട്ടയം/എരുമേലി ദേവസ്വം ഹാളില്‍ സംഘടിപ്പിച്ച യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമല തീര്‍ത്ഥാടനത്തിനെത്തുന്ന ഭക്തര്‍ ഇടത്താവളങ്ങളില്‍ പ്ലാസ്റ്റിക് ഉപയോഗിക്കുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തുമെന്നും പ്ലാസ്റ്റിക് വലിച്ചെറിയുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. എരുമേലി പേട്ടതുള്ളലിന് ഉപയോഗിക്കുന്ന കളര്‍ കുങ്കുമം ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്ന് കണ്ടെത്തിയിരുന്നതിനാല്‍ കളര്‍ കുങ്കുമത്തിന് പകരം ഹെര്‍ബല്‍ കുങ്കുമം ഉപയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു. 
 
പ്രളയക്കെടുതിയില്‍ ഉണ്ടായ നഷ്ടങ്ങള്‍ പരിഹരിക്കുന്നതിന് പമ്പാ പുനരുദ്ധാരണം യുദ്ധകാലാടിസ്ഥാനത്തില്‍ നടപ്പാക്കും. നവംബര്‍ 17 ന് മണ്ഡലകാലം തുടങ്ങുന്നതിന് രണ്ട് ദിവസം മുമ്പ് തന്നെ എല്ലാ നിര്‍മ്മാണപ്രവര്‍ത്തനങ്ങളും പൂര്‍ത്തീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ടാറ്റാ കണ്‍സ്ട്രക്ഷന്‍ ലിമിറ്റഡ് കമ്പനിയെയാണ് പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ ഏല്‍പ്പിച്ചിരിക്കുന്നത്. എരുമേലി തോട് ഉള്‍പ്പെടെ ജലാശയങ്ങളിലേക്ക് കക്കൂസ് മാലിന്യം തുറന്നു വിടുന്നവര്‍ക്ക് നോട്ടീസ് കൊടുത്തിട്ടുണ്ട്. പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണത്തിനായി പ്ലാസ്റ്റിക്  ഷ്രഡിങ് യൂണിറ്റ് എരുമേലി പഞ്ചായത്തില്‍ ആരംഭിച്ചിട്ടുണ്ട്. മാലിന്യ സംസ്‌കരണത്തിനായി ആവിഷ്‌കരിച്ച തുമ്പൂര്‍മുഴി മോഡല്‍ പദ്ധതിയുടെ പണി പൂര്‍ത്തിയായികൊണ്ടിരിക്കുകയാണ് അദ്ദേഹം പറഞ്ഞു.
 
        പി.സി ജോര്‍ജ് എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. ആന്റോ ആന്റണി എം പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സണ്ണി പാമ്പാടി, ഐജി ജയരാജ്, ജില്ലാ പോലീസ് മേധാവി ഹരിശങ്കര്‍, ആര്‍.ഡി.ഒ അനില്‍ ഉമ്മന്‍, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍, ദേവസ്വം കമ്മീഷണര്‍ എന്‍.വാസു ,ബോര്‍ഡംഗങ്ങളായ കെ.രാഘവന്‍, കെ. പി. ശങ്കരദാസ്, ദേവസ്വം ബോര്‍ഡ് ചീഫ് എഞ്ചിനീയര്‍ വി. ശങ്കരന്‍ പോറ്റി, എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ജി.കൃഷ്ണകുമാര്‍, ജമാത്ത് പള്ളി പ്രസിഡന്റ് അഡ്വ.ഷാജഹാന്‍, ക്ഷേത്ര ഉപദേശക സമിതിയംഗങ്ങള്‍, വിവിധ വകുപ്പിലെ ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.