മത്സ്യത്തൊഴിലാളികൾക്ക് ചെങ്ങന്നൂരിന്റെ ആദരം

ആലപ്പുഴ: കടലിന്റെ മക്കളുടെ ധൈര്യം , സാഹസികത , ത്യാഗം എന്നിവ നേരിട്ട് കണ്ടറിയാൻ ചെങ്ങന്നൂർകാർക്ക് സാധിച്ചെന്നും അവരുടെ ത്യാഗം തിരിച്ചറിയപ്പെടുന്നതോടൊപ്പം അവരുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിന് സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും പൊതുമരാമത്ത് മന്ത്രി ജി.സുധാകരൻ പറഞ്ഞു.
ചെങ്ങന്നൂർ ഐ എച്ച് ആർ ഡി എൻജിനീയറിങ് കോളേജ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ഹൃദയപൂർവ്വം ചെങ്ങന്നൂർ ‘ആദരവ് 2018 ‘ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി . ചടങ്ങിൽ ഫിഷറീസ് വകുപ്പ് മന്ത്രി ജെ . മേഴ്‌സിക്കുട്ടിയമ്മ അധ്യക്ഷയായി. സ്വന്തം ജീവൻ പോലും പണയപ്പെടുത്തി ചെങ്ങന്നൂരിലെ വിലപ്പെട്ട ജീവിതങ്ങളെ തിരിച്ചു നൽകിയ മത്സ്യത്തൊഴിലാളികളുൾപ്പെടെയുള്ളവരെ ആദരിക്കുന്നതിനായി സർക്കാർ സംഘടിപ്പിച്ചതായിരുന്നു പരിപാടി . മത്സ്യത്തൊഴിലാളികൾ, സംസ്ഥാന കേന്ദ്രസർക്കാരിന്റെ കീഴിലുള്ള വിവിധ വകുപ്പുകൾ, , സാമൂഹ്യ സന്നദ്ധ സംഘടനകൾ, മറ്റു മനുഷ്യസ്‌നേഹികൾ തുടങ്ങിയവരെ ചടങ്ങിൽ ആദരിച്ചു. കാലങ്ങളായി മത്സ്യത്തൊഴിലാളികൾ അവഗണന നേരിടുകയാണെന്ന് മന്ത്രി ജി.സുധാകരൻ ഉദ്ഘാടനപ്രസംഗത്തിൽ പറഞ്ഞു. മത്സ്യത്തൊഴിലാളികളുടെ ജീവിതം എത്ര സാഹസികവും ത്യാഗ പൂർണവും ആണെന്ന് അവരെ ആദരിക്കുന്ന ഈ വേളയിൽ നമ്മൾ തിരിച്ചറിയണം. ചെങ്ങന്നൂർ ഉൾപ്പെടെയുള്ള സംസ്ഥാനത്ത വിവിധ ഭാഗങ്ങളിൽ പ്രളയകാലത്ത് ആയിരങ്ങളുടെ ജീവൻ രക്ഷിച്ച മത്സ്യത്തൊഴിലാളികളൈ മന്ത്രി അഭിനന്ദിച്ചു. കേരളത്തിന്റെ തീരപ്രദേശങ്ങളിൽ സുരക്ഷാഭിത്തി പണിത് മത്സ്യത്തൊഴിലാളികളുടെ സംരക്ഷണം ഉറപ്പാക്കും. കേരളത്തിന്റെ അതിജീവനം പുതിയ പാഠ്യ വിഷയമാകുമെന്നും ജീവിതത്തെ കൂടുതൽ ക്രിയാത്മകമായി സമീപിക്കുന്ന സന്തുലിതമായ സംസ്‌കാരിക ജീവിതത്തിലേക്ക് നമ്മൾ തിരിച്ചെത്തുമെന്നും മന്ത്രി പറഞ്ഞു. മത്സ്യത്തൊഴിലാളികൾക്ക് പ്രളയകാലത്തുണ്ടായ എല്ലാ നഷ്ടവും സർക്കാർ നികത്തുമെന്ന് ഫിഷറീസ് വകുപ്പ്് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ അധ്യക്ഷപ്രസംഗത്തിൽ പറഞ്ഞു. കൊല്ലത്തുനിന്ന് 106 വള്ളങ്ങളാണ് രക്ഷാപ്രവർത്തനത്തിന് എത്തിയത് . വകുപ്പ് തലത്തിൽ 669 വള്ളങ്ങൾ രക്ഷാപ്രവർത്തനത്തിനെത്തി. മുന്നൂറോളം വള്ളങ്ങൾ അല്ലാതെയും വന്നു. രക്ഷാപ്രവർത്തനത്തിൽ കേടായ വള്ളങ്ങൾ നന്നാക്കി നൽകിവരികയാണ് . പൂർണമായി നശിച്ച വള്ളങ്ങൾക്ക് പകരം നൽകും. അടിയന്തരസാഹചര്യം നേരിടാൻ ഫിഷറീസ് വകുപ്പ്് കൺട്രോൾ റൂമും ചെങ്ങന്നൂരിൽ ആരംഭിച്ചിരുന്നതായി മന്ത്രി പറഞ്ഞു. മത്സ്യത്തൊഴിലാളികളുടെ രക്ഷാപ്രവർത്തനം അതിജീവനത്തിന് പുതയ ചരിത്രമാണ് രചിച്ചതെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് വന്ന രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ട മത്സ്യത്തൊഴിലാളികളെ മന്ത്രി ജി. സുധാകരൻ ആദരിച്ചു. രക്ഷാപ്രവർത്തനത്തിനിടെ ജീവഹാനി സംഭവിച്ച വരെയും പ്രളയത്തിൽ മരിച്ചവരെയും സ്മരിച്ചുകൊണ്ടാണ് ചടങ്ങുകൾ ആരംഭിച്ചത്. ചടങ്ങിൽ മത്സ്യത്തൊഴിലാളികൾക്കുപുറമേ പൊലീസ്, നേവി, ആർമി, ഫയർ ആൻഡ് റസ്‌ക്യൂ, വിവിധ വകുപ്പുകൾ എന്നിവരെയും ആദരിച്ചു. ജില്ലയിലെ പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകീകരിച്ചതിന് ജില്ലാ കളക്ടർ എസ്.സുഹാസിനെയും ചെങ്ങന്നൂരിൽ അഞ്ച് ദിവസത്തോളം തങ്ങി രക്ഷാപ്രവർത്തനത്തിന് ചുക്കാൻ പിടിക്കുകയും ആയിരത്തോളം പോലീസിനെ രക്ഷാപ്രവർത്തനത്തിന് നിയോഗിക്കുകയും ചെയ്ത ജില്ലാ പോലീസ് ചീഫ് എസ്.സുരേന്ദ്രനെയും ചടങ്ങിൽ മന്ത്രി ജി.സുധാകരൻ ആദരിച്ചു. രക്ഷാപ്രവർത്തനത്തിലേർപ്പെട്ട മത്സ്യത്തൊഴിലാളികൾക്കും ജീവനക്കാർക്കും പ്രത്യേക അഭിനന്ദന പത്രവും കൈമാറി. ചെങ്ങന്നൂർ എം.എൽ.എ സജിചെറിയാൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ കൊടിക്കുന്നിൽ സുരേഷ് എം.പി., എം.എൽ.എമാരായ ആർ.രാജേഷ്, കെ.ബി.ഗണേഷ്‌കുമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാൽ, മത്സ്യഫെഡ് ചെയർമാൻ പി.പി.ചിത്തരഞ്ജൻ, തദ്ദേശ സ്ഥാപനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു.