ആലപ്പുഴ:പ്രളയാനന്തര നവകേരള സൃഷ്ടിക്കായുള്ള ധനസമാഹരണയജ്ഞം ചെങ്ങന്നൂരിൽ കഴിഞ്ഞ ദിവസം സമാപിച്ചെങ്കിലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സഹായം പ്രവഹിക്കുകയാണ്. ഇന്നലെ വൈകീട്ട് വരെയായി ധനസമാഹരണയജ്ഞത്തിനുശേഷം മാത്രം നിധിയിലേക്കു സംഭാവനയായി ലഭിച്ചത്. 3.75 കോടി രൂപയാണ്. അമ്പലപ്പുഴ മണ്ഡലത്തിന്റെ വിഹിതം 9.2 കോടിയായി ഉയർന്നപ്പോൾ ചേർത്തല മണ്ഡലത്തിൽ നിന്ന് നിധിയിലേക്കു ലഭിച്ചത് 5.3 കോടി രൂപയാണ്. നിധി സമാഹരണത്തിനു ശേഷം മാത്രം അമ്പലപ്പുഴയിൽ 2.53 കോടിയും ചേർത്തലയിൽ 26.94 ലക്ഷം രൂപയും ലഭിച്ചു. കുട്ടനാട്ടിൽ 75000 രൂപയും കായങ്കുളത്ത് 54.56 ലക്ഷം രൂപയും മാവേലിക്കരിയിൽ 39.32 ലക്ഷം രൂപയും സഹായമായെത്തി.
സ്വർണം, ഭൂമി, ഡോളർ,യൂറോ എന്നിവയായും നിധിയിലേക്കു വലിയ സഹായമാണ് എത്തിയത്. 1.16 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണമാണ് ധനസമാഹരണയജ്ഞത്തിന്റെ ഭാഗമായി വിവിധ കേന്ദ്രങ്ങളിൽ ലഭിച്ചത്. ചേർത്തലയിൽ 40000 രൂപയും അമ്പലപ്പുഴയിലും കായങ്കുളത്തും 33000 രൂപ വീതവും ഹരിപ്പാട് 10000 രൂപയും വിലമതിക്കുന്ന സ്വർണാഭരണമാണ് കിട്ടിയത്. 45 ലക്ഷം രൂപ വിലമതിക്കുന്ന ഭൂമിയാണ് യജ്ഞവേദികളിൽ കിട്ടിയത്. അരൂർ മണ്ഡലത്തിൽ എട്ടുലക്ഷവും ചേർത്തലയിൽ അഞ്ചുലക്ഷവും ചെങ്ങന്നൂരിൽ 32 ലക്ഷവും ഉൾപ്പടെ 45 ലക്ഷം രൂപ വിലവരുന്ന ഭൂമി കിട്ടി. 75.60 ലക്ഷം രൂപയ്ക്കു തുല്യമായ ഡോളർ സംഭാവനയായി കിട്ടിയപ്പോൾ 10 ലക്ഷം രൂപയ്ക്കു സമാനമായ യൂറോയും നിധിയിലേക്കു വന്നു.
സർവകലാശാല വിദ്യാർഥികൾ വിവിധ മണ്ഡലങ്ങളിലായി പിരിച്ചെടുത്ത് നിധിയിലേക്കു സംഭാവനയായി നൽകിയത് 11.98 ലക്ഷം രൂപയാണ്. അരൂർ മണ്ഡലത്തിലെ കോളജുകളിൽ നിന്നായി 5000 രൂപയും ചേർത്തലയിലെ കോളജുകളിൽ നിന്നായി 55000 രൂപയും ആലപ്പുഴയിലെ കോളജുകളിൽ നിന്നായി 1.07 ലക്ഷം രൂപയും അമ്പലപ്പുഴയിലെ സ്ഥാപനങ്ങളിൽ നിന്നായി 76800 രൂപയും ഹരിപ്പാട് നിന്ന് 40001 രൂപയും കായങ്കുളത്ത് നിന്ന് 7.3 ലക്ഷവും ചെങ്ങന്നൂർ മണ്ഡലത്തിലെ കോളജുകളിൽ നിന്നായി 1.83 ലക്ഷം രൂപയുമാണ് വിദ്യാർഥികളുടേതായി നിധിയേക്കു വന്നത്. അമ്പലപ്പുഴയിൽ 44 ലക്ഷം രൂപയും ചെങ്ങന്നൂരിൽ 1.84 ലക്ഷം രൂപയും മറ്റിനങ്ങളിലായി നിധിയിലേക്കു കിട്ടി. മണ്ഡലംതല നിധി സമാഹരണവേളയിൽ ഏർപ്പെടുത്തിയ കളക്ഷൻ കേന്ദ്രങ്ങളിൽ മാത്രം 21.83 കോടി രൂപ ചെക്കായും ഡി.ഡി.യായും കിട്ടി. കളക്ട്രേറ്റിൽ 5.04 ലക്ഷം രൂപയ്ക്കുള്ള ചെക്കാണ് നിധിയിലേക്കു കിട്ടിയത്. മണ്ഡലംതല പരിപാടിയിൽ 1.31 കോടി രൂപ പണമായി ലഭിച്ചപ്പോൾ കളക്ട്രേറ്റിൽ രണ്ടു ലക്ഷം രൂപയും പണമായി ലഭിച്ചു.
എസ്.എൻ.ഡി.പി.യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഒരു കോടി രൂപയാണ് വാഗ്ദാനം ചെയ്തിരുന്നത്. ഇതിനു പുറമേ കണിച്ചുകുളങ്ങര ക്ഷേത്രം ട്രസ്റ്റിന്റെ വകയായും അദ്ദേഹം അഞ്ചു ലക്ഷം കൂടി നൽകിയിട്ടുണ്ട്. ഹുണ്ടായ് മോട്ടോർ കമ്പനി 25 ലക്ഷം രൂപ നൽകിയപ്പോൾ വി.ആർ.കൃഷ്ണതേജയുടെ ശ്രമഫലമായി മറ്റൊരു 10.23 ലക്ഷം കൂടി ലഭിച്ചു. എസ്.ഡി.കോളേജ് മുൻപ്രിൻസിപ്പാൾ സുരേഷിന്റെ സഹോദരൻ 3.60 ലക്ഷം രൂപയ്ക്കുള്ള 5000 ഡോളറാണ് നൽകിയത്.
കഴിഞ്ഞ 14ന് പൊതുമരാമത്തുമന്ത്രി ജി.സുധാകരൻ, ഭക്ഷ്യമന്ത്രി പി.തിലോത്തമൻ എന്നിവരുടെ നേതൃത്വത്തിൽ മാവേലിക്കര നിയമസഭ മണ്ഡലത്തിൽ നിന്നാണ് ധനസമാഹരണയജ്ഞത്തിന് തുടക്കം കുറിച്ചത്. പുതിയ കണക്കു പ്രകാരം അരൂരിൽ നിന്ന് 2.54 കോടി രൂപയാണ് ലഭിച്ചത്. നേരത്തെയിത്. 2.44 കോടി രൂപയായിരുന്നു. ചേർത്തല മണ്ഡലത്തിൽ നിന്ന് 5.30 കോടി രൂപയും ആലപ്പുഴയിൽ 2.30 കോടി രൂപയും അമ്പലപ്പുഴയിൽ 9.20 കോടി രൂപയും കുട്ടനാട്ടിൽ 1.30 കോടി രൂപയും ഹരിപ്പാട് 1.74 കോടി രൂപയും കായങ്കുളത്ത് 2.44 കോടി രൂപയും മാവേലിക്കരയിൽ 2.22 കോടി രൂപയും ചെങ്ങന്നൂരിൽ 2.77 കോടി രൂപയുമാണ് ലഭിച്ചത്. ആകെ 29, 86,56,325 രൂപയാണ് ജില്ലയിൽ നിന്ന് നവകേരളത്തിനായി ജനങ്ങൾ നൽകിയതെന്നും ജനങ്ങളുടെ വിശ്വാസത്തിന്റെ അടയാളമാണ് തുടർന്നും ലഭിക്കുന്ന സഹായമെന്നും മന്ത്രിമാർ വ്യക്തമാക്കി. വരും ദിവസങ്ങളിലും സഹായപ്രവാഹം തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്.