മാവേലിക്കര: ജില്ലയിലെ പ്രളയ ബാധിത പ്രദേശങ്ങളില്‍ നടത്തിയ രക്ഷാപ്രവര്‍ത്തനത്തിനിടെ പരിക്കേറ്റ റവന്യൂ ജീവനക്കാരനെ ജില്ലാ കളക്ടര്‍ എസ്. സുഹാസ് സന്ദര്‍ശിച്ചു. ചെറിയനാട് സ്‌പെഷ്യല്‍ വില്ലേജ് ഓഫീസര്‍ വി.കെ. സന്ദീപിനാണ് രക്ഷാപ്രവര്‍ത്തനത്തിനിടെ കാലില്‍ മുറിവേറ്റത്. മൂന്നു ദിവസത്തോളം പരിക്കുമായി അദ്ദേഹം രക്ഷാപ്രവര്‍ത്തനത്തില്‍ സജീവമായിരുന്നു. കാലില്‍ ഉണ്ടായ മുറിവുമായി ഒരു മാസമായി ഇപ്പോള്‍ വിശ്രമത്തിലാണ്. മാവേലിക്കരയിലെ വീട്ടിലെത്തിയ ജില്ലാ കളക്ടര്‍ ശസ്ത്രക്രിയ ഉള്‍പ്പെടെയുണ്ടായ എല്ലാ ചികിത്സാ ചിലവുകള്‍ക്കും ജില്ലാ ഭരണകൂടത്തിന്റെ ഭാഗത്ത് നിന്നുള്ള എല്ലാ സഹായങ്ങള്‍ക്കും ഉറപ്പ് നല്‍കിയാണ് മടങ്ങിയത്. മാവേലിക്കര തഹസില്‍ദാര്‍ എസ്. സന്തോഷ് കുമാര്‍ കളക്ടറോടൊപ്പം ഉണ്ടായിരുന്നു.