ആലപ്പുഴ ജില്ലയിലെ പ്രളയബാധിത മേഖലങ്ങളിലെ നാശനഷ്ടം വിലയിരുത്തി കേന്ദ്രസംഘത്തിന്റെ പര്യടനം പൂർത്തിയാക്കി കൊല്ലത്തേക്ക് യാത്രയായി. ധനകാര്യമന്ത്രാലം ഉപദേഷ്ടാവ് ആഷു മാത്തൂർ, ജലവിഭവ വകുപ്പ് റിസോഴ്‌സ് കമ്മീഷണർ ടി.എസ്.മെഹ്‌റ, ദേശീയ ദുരന്തനിവാരണ അതോറിട്ടി ജോയിന്റ് സെക്രട്ടറി അനിൽകുമാർ സാങ്ഖി എന്നിവരടങ്ങിയ സംഘമാണ് ജില്ലയിൽ രണ്ടുദിവസത്തെ നാശനഷ്ട പരിശോധനയ്ക്ക് എത്തിയത്. രാവിലെ അമ്പലപ്പുഴ താലൂക്കിലെ കടൽക്ഷോഭ പ്രദേശങ്ങളാണ് സംഘം ആദ്യം സന്ദർശിച്ചത്. ജില്ല കളക്ടർ എസ്.സുഹാസ് ഉൾപ്പടെയുള്ള ഉദ്യോഗസ്ഥർ സംഘത്തെ അനുഗമിച്ചു.
നീർക്കുന്നത്തെ മാധവമുക്കിലായിരുന്നു ആദ്യസന്ദർശനം. ഇവിടെ കടൽക്ഷോഭത്തിൽ തകർന്ന വീടുകളും കടൽത്തീരവും സംഘം കണ്ടു. പതിനഞ്ചു മിനുട്ടോളം പ്രദേശത്ത് ചെലവഴിച്ച സംഘം കടൽകയറ്റത്തെ പ്രതിരോധിക്കാനുള്ള ജിയോട്യൂബ് പ്രയോഗിക്കുന്നത് ആരാഞ്ഞു. പ്രദേശത്ത് ഇട്ടിട്ടുള്ള രണ്ടു മീറ്റർ വലിപ്പമുള്ള ജിയോ ട്യൂബുകളേക്കാൾ മികച്ചത് ഉപയോഗിക്കുന്നതാകും ഉചിതമെന്ന് സംഘം അഭിപ്രായപ്പെട്ടു. തുടർന്ന് സംഘം മീനൂട്ട് കടവിലേക്കു പോയി. അവിടെയുള്ള 20 മീറ്റർ വലിപ്പമുള്ള ജിയോ ട്യൂബ് സംഘം പരിശോധിച്ചു. ഇത്തരത്തിലുള്ള മണൽനിറച്ച ട്യൂബുകളാണ് പ്രദേശത്തിന് നല്ലതെന്ന് സമീപവാസികൾ പറഞ്ഞു. പ്രദേശത്ത് കടൽക്ഷോഭത്തിൽ തകർന്ന പത്തോളം വീടുകളും സംഘം കണ്ടു.
വലിയ ജിയോ ട്യൂബിന് ടെൻഡർ ക്ഷണിച്ചിരിക്കുകയാണെന്ന് ഇറിഗേഷൻ എക്‌സിക്യൂട്ടീവ് എഞ്ചിനിയർ പറഞ്ഞു. ഭരണാനുമതി ലഭിച്ചിട്ടില്ലാത്തതിനാലാണ് ജിയോ ട്യൂബ് വിരിക്കാൻ താമസിക്കുന്നതെന്നും ഇക്കാര്യം താൻ സെക്രട്ടറി തലത്തിൽ തുടരന്വേഷണം നടത്താമെന്നും കളക്ടർ പറഞ്ഞു. വളഞ്ഞവഴിയിലും കടൽക്ഷോഭത്തിൽ തകർന്ന വീടുകളും മറ്റും കണ്ട സംഘത്തിന് ചിത്രം വ്യക്തമായി. കടൽക്ഷോഭത്തിന്റെ ആഘാതം ഓരോ വർഷവും കൂടിവരുന്നതായും നിലവിൽ കടലുള്ള ഭാഗത്തു നിന്ന് അഞ്ചു വർഷം മുമ്പ് ഒരു കിലോമീറ്ററിലധികം പുറത്തായിരുന്നു കടലെന്നും സംഘത്തെ ധരിപ്പിച്ചു. കടലിനോടു ചേർന്ന് ക്ഷോഭത്തിൽ തകർന്ന ഫിഷ്‌ലാന്റിങ് സെന്ററും കണ്ട സംഘം പിന്നീട് തോട്ടപ്പള്ളിയിലേക്കാണ് പോയത്.
തോട്ടപ്പള്ളി സ്പിൽവേയ്ക്കു സമീപം കുറച്ചുനേരം ചെലവഴിച്ച സംഘം സ്പിൽവേയുടെ പ്രവർത്തനം വിശദമായി ചോദിച്ചറിഞ്ഞു. തുടർന്ന് പ്രളയത്തിൽ പൊഴി മുറിച്ച് വെള്ളം കടലിലേക്ക് ഒഴുക്കിയ തോട്ടപ്പള്ളി പൊഴിക്കു സമീപത്തെ പാർക്കിന്റെ പരിസരത്തെത്തിയ സംഘം പ്രദേശമാകെ നിരീക്ഷിച്ചു. പൊഴിക്കിരുവശവും പൊഴിമുറിച്ചതിനെ തുടർന്നുണ്ടായ മണൽകൂന സംഘത്തിന്റെ ശ്രദ്ധയിൽപെട്ടു. എല്ലാവർഷവും വർഷകാലത്ത് പൊഴിമുറിച്ചാണ് കുട്ടനാട്ടിലെ വെള്ളം പുറത്തേക്ക് ഒഴിക്കുന്നതെന്നും ഇക്കുറിയും ഫലപ്രദമായി ഇതു ചെയ്യാനായെന്നും സംഘത്തെ ധരിപ്പിച്ചു. രാവിലെ ആലപ്പുഴ ബീച്ചും സംഘം സന്ദർശിച്ചിരുന്നു