പൊതുജനങ്ങളുടെ പരാതികൾ വേഗത്തിൽ തീർപ്പ് കൽപ്പിക്കുന്നതിനായി മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരം ആവിഷ്‌ക്കരിച്ച പൊതുജന പരാതി പരിഹാര അദാലത്തിന് ജില്ലയിൽ തുടക്കമായി. ജില്ലാ കലക്ടർ യു.വി. ജോസിന്റെ നേതൃത്വത്തിൽ വടകര സെന്റ് ആന്റണീസ് ഹൈസ്‌ക്കൂളിൽ നടന്ന അദാലത്തിൽ 364 അപേക്ഷകൾ പരിഗണിച്ചു. ഇതിൽ 233 എണ്ണം നവംബർ 10 വരെ ലഭിച്ചവയും 131 എണ്ണം ഇന്നലെ അദാലത്ത് വേദിയിൽ സ്വീകരിച്ചവയും ആയിരുന്നു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും 3,69,000 രൂപ അനുവദിച്ചു. എം.എൽ.എമാരായ സി.കെ. നാണു, ഇ.കെ. വിജയൻ, പാറക്കൽ അബ്ദുള്ള, നഗരസഭാ ചെയർമാൻ കെ.ശ്രീധരൻ, വാർഡ് കൗൺസിലർ ഇ.പ്രേമകുമാരി എന്നിവർ സന്നിഹിതരായിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി, റേഷൻ കാർഡുകൾ ബി.പി.എൽ ആക്കി മാറ്റൽ എന്നിവയ്ക്കുള്ള അപേക്ഷകൾ ഒഴികെയാണ് അദാലത്തിന്റെ പരിഗണനയ്ക്കായി നിശ്ചയിച്ചിരുന്നത്. ഡെപ്യൂട്ടി കലക്ടർമാരായ പി.പി. കൃഷ്ണൻകുട്ടി, രോഷ്‌നി നാരായണൻ, വടകര തഹസിൽദാർ പി.കെ. സതീഷ് കുമാർ, വിവിധ വകുപ്പുകളുടെ ജില്ലാതല മേധാവികൾ തുടങ്ങിയവർ പരാതികൾ പരിഗണിച്ചു.

ഇ.എം.എസ് ഭവന പദ്ധതി: സർക്കാരിലേക്ക് ശുപാർശ ചെയ്യും

ഇ.എം.എസ് ഭവന പദ്ധതി പ്രകാരം വീട് നിർമ്മിക്കുന്നതിന് ധനസഹായം ലഭിച്ചവർക്ക് തുടർന്നുള്ള ഗഡു ലഭിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നം സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരാൻ തീരുമാനിച്ചു. പാലയാട് നട കേളോത്ത് കുഞ്ഞിക്കണ്ണൻ സമർപ്പിച്ച പരാതിയിലാണ് നടപടി. ഭവന നിർമ്മാണത്തിന് തുടർ ധനസഹായം മുടങ്ങിയവരായി 160 ഓളം കുടുംബങ്ങൾ മണിയൂർ ഗ്രാമപഞ്ചായത്തിലുണ്ട്. ഒരു കോടിയിലധികം രൂപയാണ് ഈ വകയിൽ വിതരണം ചെയ്യാനുള്ളത്. പ്രശ്‌നം സർക്കാറിന്റെ അടിയന്തിര ശ്രദ്ധയിൽ കൊണ്ടുവരുന്നതിന് ജില്ലാ കലക്ടർ ബന്ധപ്പെട്ട അധികാരികൾക്ക് നിർദ്ദേശം നൽകി.

സുനാമി കോളനി: പട്ടയപ്രശ്‌നം പരിഹരിക്കും

അഴിയൂർ സുനാമി കോളനിയിലെ 43 വീട്ടുകാരുടെ പട്ടയപ്രശ്‌നം അടിയന്തിരമായി പരിഹരിക്കാൻ നടിപടി സ്വീകരിക്കാൻ ജില്ലാ കലക്ടർ ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകി. ഇതിലേക്കായി കോളനിവാസികളിൽ നിന്ന് പട്ടയത്തിനായുള്ള പ്രത്യേക ഫോറത്തിൽ അപേക്ഷകൾ സ്വീകരിക്കും. 2010 മുതൽ കോളനിയിൽ താമസിക്കുന്ന ആയിശ യൂസഫ് തുടങ്ങി 43 പേരുടെ അപേക്ഷകളി•േലാണ് നടപടി.
ഒൻപത് വർഷമായി മണിയൂർ പഞ്ചായത്തിലെ ലക്ഷംവീട് കോളനിയിൽ താമസിച്ചുവരുന്ന സമീറ കുന്നത്തുകരയ്ക്ക് പട്ടയം അനുവദിക്കുന്നതിനുള്ള തുടർ നടപടികൾ സ്വീകരിക്കാൻ തീരുമാനിച്ചു. നിലവിൽ അവകാശിയില്ലാത്ത കോളനിയിൽ ഷെഡ് കെട്ടി താമസിക്കുകയാണ് സമീറ. മണിയൂർ പഞ്ചായത്തിന്റെ അനുവാദ പ്ത്രിക സ്വീകരിച്ച് പട്ടയം അനുവദിക്കുന്നതിനുള്ള നടപടി സ്വീകരിക്കാൻ കലക്ടർ വടകര തഹസിൽദാർക്ക് നിർദ്ദേശം നൽകി.
പട്ടിക ജാതി- വർഗ്ഗ ഭൂരഹിത ഭവന നിർമ്മാണ പദ്ധതി പ്രകാരം ഭൂമി അനുവദിച്ചത് കുറവുണ്ടെന്ന് കാണിച്ച് പാലയാട് വടക്കെപ്പുറം വയൽ വേലായുധന്റെ അപേക്ഷയി•േൽ പരിഹാര നടപടി സ്വീകരിക്കാൻ കലക്ടർ നിർദ്ദേശിച്ചു. 1991 ൽ 4 സെന്റ് ഭൂമി വീതം അനുവദിച്ച പദ്ധതി പ്രകാരം തനിക്ക് 3.63 സെന്റ് മാത്രമാണ് ലഭിച്ചതെന്നായിരുന്നു വേലായുധന്റെ പരാതി. പദ്ധതി പ്രകാരം മറ്റുള്ളവർക്ക് 4 സെന്റ് വീതം ലഭിച്ചിട്ടുള്ളതായും പരാതിക്കാരൻ ചൂണ്ടിക്കാട്ടി.
2011ൽ വേങ്ങ കൃഷി നടത്തിയ വകയിൽ ലഭിക്കേണ്ടിയിരുന്ന കാർഷിക ആനുകൂല്യം ലഭ്യമാക്കാൻ നടപടി സ്വീകരിക്കരിക്കാൻ കൃഷി ഡെപ്യൂട്ടി ഡയറക്ടറെ ചുമതലപ്പെടുത്തി. വില്ല്യാപ്പള്ളി കീഴത്ത് സുരേന്ദ്രനാണ് പരാതിക്കാരൻ. 28,556 രൂപയാണ് ലഭിക്കാനുള്ളത്. ആനുകൂല്യം നൽകുന്നതിന് അന്നത്തെ കൃഷി ഡെപ്യൂട്ടി ഡയറക്ടർ ശുപാർശ ചെയ്തിരുന്നു.