നിയമസഭാ സബ്ജക്ട് കമ്മിറ്റി തെളിവെടുപ്പ് നടത്തി
സംസ്ഥാനത്തെ സ്‌കൂളുകളും കോളെജുകളും അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ലഹരി വ്യാപനം ശാശ്വതമായി തടയുന്നതിന് പൊതുസമൂഹത്തെ അണിനിരത്തിയുള്ള ശക്തമായ പ്രതിരോധ സംവിധാനം ആവിഷ്‌ക്കരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി. രവീന്ദ്രനാഥ് പറഞ്ഞു. സർക്കാറിന്റെ ജനകീയ വിദ്യാഭ്യാസ പരിപാടിയായ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ കൂടി ഭാഗമാണ് വിദ്യാർഥികൾക്കിടയിലെ മദ്യ- ലഹരി ഉപയോഗം ഇല്ലാതാക്കുകയെന്നതെന്നും മന്ത്രി പറഞ്ഞു. കേരള നിയമസഭയുടെ വിദ്യാഭ്യാസം സംബന്ധിച്ച സബ്ജക്ട് കമ്മിറ്റി ‘വിദ്യാർഥികൾക്കിടയിലെ ലഹരി വസ്തുക്കളുടെ ഉപയോഗം’ സംബന്ധിച്ച് കലക്ടറേറ്റ് ഹാളിൽ നടത്തിയ തെളിവെടുപ്പിൽ സംസാരിക്കുകയായിരുന്നു വിദ്യാഭ്യാസ മന്ത്രി.
വിദ്യാർഥികൾക്കിടയിലെ ലഹരി ഉപയോഗം തടയുന്നതിന് ജനകീയ പങ്കാളിത്തത്തോടെയുള്ള പ്രവർത്തനങ്ങളാണ് വേണ്ടത്. തദ്ദേശ സ്വയംഭരണം, എക്‌സൈസ്, പൊലീസ്, വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹികനീതി തുടങ്ങിയ വകുപ്പുകളുടെ ഏകോപനം കൂടി വേണം. കുട്ടികൾ ലഹരി വ്യാപാരത്തിന്റെ ഇടനിലക്കാരാകുന്നത് തടയാനും വിദ്യാലങ്ങളുടെ സമീപത്ത് ലഹരി ലഭ്യത ഇല്ലാതാക്കാനും പ്രവേശന മാർഗങ്ങൾ അടക്കാനുമാണ് പ്രഥമ പരിഗണന. ഇതിനാണ് ബന്ധപ്പെട്ട വകുപ്പുകളുടെ സഹകരണം ആവശ്യമുള്ളത്. നടപടികൾ കർശനമാക്കുന്നതിന് നിയമഭേദഗതി ആവശ്യമെങ്കിൽ പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.
വിദ്യാർഥികളെയും രക്ഷിതാക്കളെയും ശാസ്ത്രീയമായി ബോധവത്ക്കരിക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. ഇതിനായി ഒരു മാസത്തിനകം പ്രത്യേക മൊഡ്യൂൾ തയ്യാറാക്കും. പൊതുസമൂഹത്തെ ബോധവത്ക്കരിക്കാൻ മാധ്യമങ്ങളുടെ സഹായവും വേണം. കൃഷിയും ലഹരി വിരുദ്ധ ബോധവത്ക്കരണവും ഉൾപ്പെടെ ചെറിയ ക്ലാസ് മുതൽ സ്‌കൂൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുന്നതിനെ കുറിച്ച് വിശദമായ പഠനം എസ്.സി.ഇ.ആർ.ടി ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. സ്‌കൂൾ പരീക്ഷയിൽ മാത്രമല്ല ജീവിതത്തിൽ അഭിമുഖീകരിക്കേണ്ടി വരുന്ന പരീക്ഷകളിലും എ പ്ലസ് നേടാൻ കുട്ടികളെ പ്രാപ്തരാക്കുകയാണ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ലക്ഷ്യമെന്നും ഇതിനായി വിദ്യാലയങ്ങളിലെ ഭൗതിക സാഹചര്യങ്ങളും പഠന സൗകര്യങ്ങളും ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തുന്നതിനുള്ള നടപടികൾ തുടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സ്‌കൂളുകളും കോളെജുകളും ലഹരി മുക്തമാക്കുന്നതിനെ കുറിച്ച് പൊതുജനങ്ങളിൽ നിന്ന് അഭിപ്രായം സ്വരൂപിക്കാൻ മൂന്ന് യോഗങ്ങളാണ് നിയമസഭയുടെ വിദ്യാഭ്യാസം സംബന്ധിച്ച സബ്ജക്ട് കമ്മിറ്റി സംഘടിപ്പിക്കുന്നത്. ആദ്യ യോഗം തിരുവനന്തപുരത്തായിരുന്നു. ഉടൻ എറണാകുളത്തും സിറ്റിങ് ഉണ്ട്. തെളിവെടുപ്പിൽ നിന്ന് ലഭിക്കുന്ന അഭിപ്രായങ്ങളും നിർദേശങ്ങളും ക്രോഡീകരിച്ച് മൊഡ്യൂൾ തയ്യാറാക്കുകയും സമയബന്ധിതമായി നടപ്പാക്കുകയും ചെയ്യുമെന്ന് വിദ്യാഭ്യാസ മന്ത്രി അറിയിച്ചു. കോഴിക്കോട് കലക്ടറേറ്റ് ഹാളിൽ നടന്ന തെളിവെടുപ്പിൽ എ.ഡി.എം ടി. ജനിൽകുമാർ, ജോയിന്റ് എക്‌സൈസ് കമ്മീഷണർ സന്തോഷ്, ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർ പി.കെ. സുരേഷ്, വിവിധ വകുപ്പുകളുടെ പ്രതിനിധികൾ, കോഴിക്കോട്- വയനാട് ജില്ലകളിലെ സ്‌കൂൾ അധ്യാപക- വിദ്യാർഥി- രക്ഷകർത്തൃ- പി.ടി.എ പ്രതിനിധികൾ, ജാഗ്രതാ സമിതികൾ, എൻ.എസ്.എസ് സെൽ, സർക്കാറിതര സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.