സംസ്ഥാന ന്യുനപക്ഷക്ഷേമ വകുപ്പിന്റെ കീഴില്‍ ന്യുനപക്ഷ വിഭാഗങ്ങളുടെ സാമൂഹിക ഉന്നമനത്തിനായി വിവാഹപൂര്‍വ സൗജന്യ കണ്‍സിലിംഗ് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഉന്നത വിദ്യഭ്യാസ- ന്യൂനപക്ഷ ക്ഷേമ- ഹജ്ജ് – വഖഫ് വകുപ്പ് മന്ത്രി ഡോ. കെ.ടി. ജലീല്‍ നിര്‍വഹിച്ചു. മതപരമായ കാര്യങ്ങളല്ല സൗജന്യ കൗണ്‍സിലിംഗില്‍ നല്‍കുന്നതെന്നും ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് മാത്രമല്ല അപേക്ഷിക്കുന്ന എല്ലാവര്‍ക്കും കൗണ്‍സിലിംഗ് സേവനം ലഭ്യമാകുമെന്നും മന്ത്രി പറഞ്ഞു. വിവാഹത്തിന് പ്രീമാരിറ്റല്‍ സര്‍ട്ടിഫിക്കറ്റ് കൂടി വേണമെന്ന് തീരുമാനിച്ചാല്‍ ഉചിതമായിരിക്കുമെന്നും എന്നാല്‍ നിര്‍ബന്ധമാക്കരുതന്നെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
എ. പ്രദീപ് കുമാര്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ കെ.എസ്.എം. ഡി. എഫ്.സി ചെയര്‍മാന്‍ പ്രൊഫ. എ.പി. അബ്ദുള്‍ വഹാബ് മുഖ്യ പ്രഭാഷണം നടത്തി. പ്രൊഫ. മോനമ്മ കൊക്കാട് രചിച്ച ന്യൂനപക്ഷ അവകാശ ങ്ങള്‍ എന്ന കൃതി മന്ത്രി ജെ.ഡി.റ്റി ഇസ്ലാം ഓര്‍ഫനേജ് ആന്റ് എജ്യുക്കേഷന്‍ ഇന്‍സ്റ്റിറ്റിയൂഷന്‍സ് പ്രസിഡന്റ് സി.പി. കുഞ്ഞു മുഹമ്മദിന് നല്‍കി പ്രകാശനം ചെയ്തു. വൈവാഹിക ജീവിതവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ സുസ്ഥിതിയും സമൂഹത്തിന്റെയും കുടുംബത്തിന്റെയും സുസ്ഥിതിയും കെട്ടുറപ്പുമാണ് പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നത്. മുസ്ലിം, ക്രിസ്ത്യന്‍, ജൈന, ബുദ്ധ, പാര്‍സി, സിഖ് എന്നീ ന്യൂനപക്ഷ സമുദായങ്ങള്‍ക്ക് ഈ സേവനം ഉപയോഗപ്പെടുത്താം. കാലിക്കറ്റ് യൂണിവേഴ്സിറ്റി സോഷ്യോളജി വകുപ്പും, തിരുവനന്തപുരം ലയോള കോളേജ് സൈക്കോളജി വകുപ്പും ചേര്‍ന്നാണ് സിലബസ് തയ്യാറാക്കിയത്. ദാമ്പത്യജീവിതത്തിലെ മുന്നൊരുക്കങ്ങള്‍, സന്തുഷ്ടകുടുംബജീവിതം, വിവാഹത്തിലെ നിയമ സദാചാര വശങ്ങള്‍, വിവാഹശേഷമുള്ള പഠനവും തൊഴിലും, ദമ്പതികളുടെ മനസ്സും ശരീരവും എന്നിവ അടങ്ങിയതാണ് സിലബസ്. സംസ്ഥാനത്താകെ 64 കേന്ദ്രങ്ങള്‍ അനുവദിച്ചിട്ടുണ്ട്. കോച്ചിംഗ് സെന്റര്‍ ഫോര്‍മൈനോറിറ്റി യൂത്ത് പ്രിന്‍സിപ്പല്‍മാരാണ് ജില്ലാതലത്തില്‍ ക്യാമ്പ് കോര്‍ഡിനേറ്റ് ചെയ്യുന്നത്. 18 വയസ്സ് തികഞ്ഞ സ്ത്രീകള്‍ക്കും 21 വയസ്സ് കഴിഞ്ഞ പുരുഷന്‍മാര്‍ക്കും കൗണ്‍സലിംഗില്‍ പങ്കെടുക്കാം. ജില്ലയില്‍ 11 കേന്ദ്രങ്ങള്‍ക്കാണ് അനുമതി നല്‍കിയിട്ടുള്ളത്.
ചടങ്ങില്‍ കോര്‍പ്പറേഷന്‍ കണ്‍സിലര്‍ ബിജുലാല്‍, ജെ.ഡി.റ്റി ഇസ്ലാം ഓര്‍ഫനേജ് ആന്റ് എജ്യുക്കേഷന്‍ ഇന്‍സ്റ്റിറ്റിയൂഷന്‍സ് സെക്രട്ടറി ഡോ.പി.സി.അന്‍വര്‍, കടക്കല്‍ അബ്ദുള്‍ അസീസ് മൗലവി, ഡോ. ഹുസൈന്‍ മടവൂര്‍, ഹുസൈന്‍ രണ്ടത്താണി തുടങ്ങിയവര്‍ പങ്കെടുത്തു. മൈനോറിറ്റി വെല്‍ഫയര്‍ ഡയറക്ടര്‍ എ.ബി. ഡോ. മൊയ്തീന്‍ കുട്ടി സ്വാഗതവും സി.സി.എം.വൈ പ്രിന്‍സിപ്പാള്‍ പ്രൊഫ. അബ്ദുറഹിമാന്‍ നന്ദിയും പറഞ്ഞു.