പട്ടയം എന്ന ചിരകാല സ്വപ്നം പൂവണിഞ്ഞ സന്തോഷത്തിലാണ് രാധയും മകൻ അതീന്ദ്രനും. നാലു വർഷമായി തുടരുന്ന കുടുംബത്തിന്റെ ആഗ്രഹം സഫലമായതിന്റെ സന്തോഷമാണ് ഇവർക്ക്. എടപ്പാൾ വെങ്ങിനിക്കരയിൽ താമസിക്കുന്ന 64 കാരിയായ രാധയുടെ ഏറെ നാളത്തെ ആഗ്രഹമായിരുന്നു താമസിച്ചുവരുന്ന ഭൂമിക്ക് പട്ടയം ലഭ്യമാക്കുക എന്നത്. പട്ടയത്തിനായി പലകുറി അപേക്ഷ നൽകിയെങ്കിലും പല കാരണങ്ങളാൽ അപേക്ഷ നിഷേധിക്കപ്പെട്ടു.
ഒടുവിൽ രണ്ടാം പിണറായി സർക്കാർ തന്റെയും അമ്മയുടെയും സ്വപ്നം സാക്ഷാത്കരിച്ചതിലുള്ള സന്തോഷം മകൻ അതീന്ദ്രൻ മറച്ചുവെക്കുന്നില്ല. തങ്ങളുടെ കുടുംബത്തിന് പട്ടയം ലഭിക്കാൻ സഹായിച്ച എല്ലാവരോടും നന്ദിയുണ്ടെന്നും രാധ പറഞ്ഞു. വിധവയായ രാധയ്ക്ക് കൈവശാവകാശ സർട്ടിഫിക്കറ്റ് മാത്രമാണ് ഇതുവരെ ഉണ്ടായിരുന്നത്. കുടുംബത്തിന്റെ കിടപ്പാടത്തിന് പട്ടയം ലഭിച്ച സന്തോഷത്തിൽ മനസ് തുറന്ന് ചിരിക്കുകയാണ് രാധ.