കൊച്ചി : മൂലമ്പിള്ളി പിഴല പാലം നിര്‍മ്മാണം നവംബര്‍ 30നകം പൂര്‍ത്തിയാക്കുമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍ പറഞ്ഞു. സ്ഥലം സന്ദര്‍ശിച്ച് പാലത്തിന്റെ നിര്‍മ്മാണ പുരോഗതി നേരിട്ട് മന്ത്രിയുടെ സംഘം വിലയിരുത്തി. എസ് ശര്‍മ എംഎല്‍എ , ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള, ജിഡ ടെക്‌നിക്കല്‍ കണ്‍സള്‍ട്ടന്റ് കുര്യന്‍ മാത്യു , ജിഡ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംഘത്തിലുണ്ടായിരുന്നു. രാവിലെ ജിഡ ഓഫീസില്‍ നടന്ന അവലോകന യോഗത്തിന് ശേഷമാണ് സ്ഥലം സന്ദര്‍ശിച്ചത്. യോഗത്തില്‍ പാലത്തിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിലയിരുത്തി.

പാലത്തിന്റെ 60 സ്പാനില്‍ 54 എണ്ണത്തിന്റെയും നിര്‍മ്മാണം പൂര്‍ത്തിയായി. യാതൊരു തടസ്സവും കൂടാതെയാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. തുടര്‍ന്നുള്ള പണികള്‍ അധികം തൊഴിലാളികളെ ഉപയോഗിച്ച് വേഗത്തില്‍ പൂര്‍ത്തിയാക്കും. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതിന് ചില സാങ്കേതിക തടസം മാത്രമാണ് നേരിടുന്നത്. അത് ഉടനടി പരിഹരിക്കുമെന്ന് മന്ത്രി പറഞ്ഞു. ജിഡയുടെ കീഴിലുള്ള വിശാലമായ മറ്റ് പ്രോജക്റ്റ്കള്‍ മുഖ്യമന്ത്രി ചെയര്‍മാനായ കൗണ്‍സില്‍ ചര്‍ച്ചചെയ്തു തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

മൂലമ്പിള്ളി ചാത്തനാട് റോഡ് പദ്ധതിയുടെ ഭാഗമായി ആദ്യ പാദത്തില്‍ നിര്‍മ്മിക്കുന്ന മൂലമ്പിള്ളി പിഴല പാലത്തിന്റെ എണ്‍പത് ശതമാനം പണി ഇത് വരെ പൂര്‍ത്തീകരിച്ചു. 607 മീറ്റര്‍ നീളമുള്ള പാലത്തിന് 81.75 കോടി രൂപയാണ് ചെലവ്. രണ്ടാം പാദ പ്രവര്‍ത്തനമായ വലിയ കടമക്കുടി ചാത്തനാട് പാലത്തിന് 52 കോടി രൂപയാണ് ചെലവ്. 75 ശതമാനം പണി ഇത് വരെ പൂര്‍ത്തീകരിച്ചു. സ്ഥലമെടുപ്പ് കഴിഞ്ഞാല്‍ ഉടന്‍ തന്നെ പണി പൂര്‍ത്തീകരിക്കും.

എം എല്‍ എ യുടെയും മറ്റ് ജനപ്രതിനിധികളുടെയും ആവശ്യപ്രകാരം ദ്വീപ് നിവാസികള്‍ക്കായി ബോട്ട് സര്‍വ്വീസ് ഇന്നലെ മുതല്‍ ജിഡയുടെ നേതൃത്വത്തില്‍ ആരംഭിച്ചു. വലിയ കടമക്കുടി പാലിയം തുരുത്ത് പിഴല വടക്ക് ചേന്നൂര്‍ കോതാട് പിഴല തെക്ക് മൂലമ്പിള്ളി ചിറ്റൂര്‍ എന്നീ ജെട്ടികളെ ബന്ധിപ്പിച്ചാണ് ബോട്ട് സര്‍വീസ് നടത്തുന്നത്. പിഴല കടമക്കുടി, കടമക്കുടി ചാത്തനാട് അപ്പ്രോച്ച് പാലങ്ങളുടെയും പണി പൂര്‍ത്തീകരിക്കുന്നതിന് സ്ഥലം ഏറ്റെടുക്കുന്നതിലുള്ള കാലതാമസമാണ് നേരിടുന്നത്. നിലവിലുള്ള റോഡുമായി പാലത്തെ ബന്ധിപ്പിക്കുന്നതിന് കണക്ടിവിറ്റി പാലം പണിയും. ഇതിനായി മൂന്നുപേരുടെ ഭൂമി ഉടന്‍ തന്നെ ഏറ്റെടുക്കും. ഭൂമി ഏറ്റെടുത്ത് ഒരുമാസത്തിനുള്ളില്‍തന്നെ ടെന്‍ഡര്‍ ടെന്‍ഡര്‍ വിളിച്ച് പണി ആരംഭിച്ച് ആറ് മാസത്തിനുള്ളില്‍ പണി പൂര്‍ത്തീകരിക്കും.14.50 കോടി രൂപയാണ് പണിക്ക് കണക്കാക്കുന്നത്.

എട്ട് തീരദേശ പഞ്ചായത്തുകളാണ് ജിഡയുടെ പരിധിയില്‍ വരുന്നത്. ഇതിനോടകം ജിഡയുടെ നേതൃത്വത്തില്‍ ഈ പഞ്ചായത്തുകളില്‍ 11 പദ്ധതികള്‍ പൂര്‍ത്തീകരിച്ചു. 20 പദ്ധതികളുടെ നിര്‍മ്മാണം പുരോഗമിക്കുകയാണ്.