വിവരാവകാശ നിയമപ്രകാരം ലഭിക്കുന്ന അപേക്ഷകൾക്ക് മറ്റു നിയമപ്രകാരം ഫീസ്, കോസ്റ്റ് എന്നിവ ഈടാക്കാൻ പാടുള്ളതല്ല എന്ന് വിവരാവകാശ കമ്മീഷണർ എ എ ഹക്കീം പറഞ്ഞു. തൃശൂർ കളക്ടറേറ്റ് കോണ്ഫറന്സ് ഹാളില് നടത്തിയ ഹിയറിംഗിനെ തുടർന്ന് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിവരാവകാശ പ്രകാരം നൽകിയ അപേക്ഷയിൽ ഈ നിയമത്തിൽ പറയുന്ന ഫീസ് മാത്രമേ ഈടാക്കാൻ പാടുള്ളൂ എന്ന് ഹൈക്കോടതി വിധിയുണ്ട്. വിവരം വെളിപ്പെടുത്തരുത് എന്ന് അറിയിച്ച് മൂന്നാംകക്ഷി സമർപ്പിക്കുന്ന കത്തിന്റെ പകർപ്പും വെളിപ്പെടുത്താൻ പാടുള്ളതല്ല. വിവരാവകാശ അപേക്ഷകൾക്ക് മറുപടി നൽകാൻ ഉദ്യോഗസ്ഥർ 30 ദിവസം വരെ കാത്തിരിക്കരുത്.
മനുഷ്യന്റെ ജീവനും സ്വാതന്ത്ര്യത്തിനും ഭീഷണി ആയേക്കാവുന്ന വിവരങ്ങള് 48 മണിക്കൂറിനകം അപേക്ഷകന് ലഭിച്ചിരിക്കണം. അല്ലാത്തവ പരമാവധി വേഗത്തില് നല്കണം. വിവരം ലഭ്യമാക്കാന് തടസ്സമുണ്ടാകുന്ന ഘട്ടത്തില് പോലും 30 ദിവസത്തില് കൂടുതല് എടുക്കാന് പാടില്ല. അത്തരം ഘട്ടത്തില് ബന്ധപ്പെട്ട ഓഫീസര് കാലതാമസത്തിനുള്ള കാരണം ബോധ്യപ്പെടുത്തണം.

നിരവധി അന്വേഷണങ്ങൾ ഒരൊറ്റ അപേക്ഷയിൽ ചോദിക്കുന്ന ഘട്ടത്തിൽ കൃത്യമായ മറുപടി നൽകാൻ കഴിഞ്ഞില്ലെന്ന് കാരണത്താൽ ഉദ്യോഗസ്ഥരെ ശിക്ഷിക്കാൻ കഴിയില്ല. അഴിമതി നിർമാർജനം ചെയ്യുന്നതിനും സർക്കാർ ഓഫീസുകൾ സുതാര്യവും കാര്യക്ഷമവുമായി പ്രവർത്തിക്കുന്നതിനും ഈ നിയമം ഫലപ്രദമായി ഉപയോഗിക്കാൻ പൊതുജനങ്ങൾ പൊതുജനങ്ങൾ തയ്യാറാവണം. എന്നാൽ നിസ്സാര കാര്യങ്ങൾക്കും വ്യക്തിതാൽപര്യങ്ങൾക്കും ശത്രുസംഹാരത്തിനും ഈ നിയമം ദുരുപയോഗം ചെയ്യരുതെന്നും കമ്മീഷൻ ഓർമിപ്പിച്ചു.

18 കേസുകളാണ് കമ്മീഷൻ മുമ്പാകെ വന്നത്. നാല് പരാതികളും 14 അപ്പീലുകളും വന്നതിൽ 16 എണ്ണവും തീർപ്പാക്കി. രണ്ടെണ്ണത്തിൽ അന്വേഷണത്തിന് ഉത്തവിട്ടു. മൂന്നുപേർക്ക് കമ്മീഷൻ ഇടപെട്ട് രേഖകൾ ലഭ്യമാക്കി.
കോലഴി ഗ്രാമപഞ്ചായത്ത് ഒരു വ്യാപാര സ്ഥാപനത്തിൽ നിന്ന് തെറ്റായി കെട്ടിടനികുതി ഈടാക്കിയ വിഷയത്തിൽ അക്കൗണ്ടന്റ് ജനറലിന്റെ റിപ്പോർട്ടിന്റെ പിൻബലത്തിൽ ചില ഉദ്യോഗസ്ഥർക്കുമേൽ പിഴ ചുമത്തിയ സംഭവത്തിൽ പാലിശ്ശേരി എടക്കാട്ടിൽ മോഹൻദാസ് സമർപ്പിച്ച അപേക്ഷയിലെ രേഖകൾ കമ്മീഷൻ ഇടപെട്ട് തൽക്ഷണം ലഭ്യമാക്കി.
തൃശ്ശൂർ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ, ഇടുക്കി ജില്ലയിലെ കഞ്ഞിക്കുഴി പോലീസ് സ്റ്റേഷൻ എന്നിവയുമായി ബന്ധപ്പെട്ട കുഴൂർ മന്നമ്പുഴ എംഐ ബേബി എന്നയാൾ ആവശ്യപ്പെട്ട രേഖകൾ ലഭ്യമാക്കാത്തത് സംബന്ധിച്ച് ഉന്നത അന്വേഷണത്തിന് കമ്മീഷൻ ഉത്തരവിട്ടു.

ഗുരുവായൂർ നഗരസഭയിൽ എം വി അബ്ദുൽ അസീസിന്റെ പരാതിയിൽ സ്വീകരിച്ച നടപടികളിൽ ചട്ടലംഘനം ഉണ്ടായതിനെ തുടർന്ന് ബന്ധപ്പെട്ട ഓഫീസർക്കും, പൂത്തോൾ കാരന്തരത്ത് അശോക് കുമാർ ചാഴൂർ ഗ്രാമപഞ്ചായത്തിൽ ആവശ്യപ്പെട്ട രേഖ കൃത്യസമയത്ത് നൽകാതിരുന്നതിന് രണ്ട് വിവരാവകാശ ഓഫീസർമാർക്കെതിരെയും നടപടി എടുക്കാതിരിക്കാൻ കാരണം കാണിക്കാൻ കമ്മീഷൻ ഉത്തരവിട്ടു. അത്താണി സിൽക്കിലെ മാനേജിംഗ് ഡയറക്ടർ, പബ്ലിക് ഇൻഫർമേഷൻ ഓഫീസർ എന്നിവർക്കെതിരെ മുണ്ടപ്പള്ളി ഖാലിദ് സമർപ്പിച്ച പരാതിയിലും നടപടി എടുക്കാതിരിക്കാൻ കാരണം കാണിക്കാൻ കമ്മീഷണർ ഉത്തരവിട്ടു. വെറ്ററിനറി സർവകലാശാലയിൽ നടന്ന ദേശീയ സെമിനാറിന്റെ ഫൂട്ടേജ് ആവശ്യപ്പെട്ട് ബാംഗ്ലൂർ സ്വദേശി രോഹിത് ചോപ്ര സമർപ്പിച്ച അപേക്ഷയിൽ കൃത്യസമയത്ത് വിവരം ലഭ്യമാക്കാൻ കഴിയാത്തതിന് കാരണം കാണിക്കാൻ കമ്മീഷൻ ആവശ്യപ്പെട്ടു. അന്നമനട ഗ്രാമപഞ്ചായത്തിലെ ഇലഞ്ഞിപ്പള്ളി റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട രേഖകളും പൂങ്കുന്നം ഗവ. ഹൈസ്കൂളിലെ പേഴ്സണൽ രജിസ്റ്റർ രേഖകളും ആവശ്യപ്പെട്ട അപേക്ഷകളിൽ കൃത്യമായി മറുപടി നൽകാത്തത്തിന് അധികൃതരോട് കാരണം കാണിക്കാൻ കമ്മീഷൻ ആവശ്യപ്പെട്ടു.

ഏത് ഫയലും പരിശോധിക്കാൻ പൊതുജനങ്ങൾക്ക് അവകാശമുണ്ടെന്നും ജനങ്ങളോട് നാളെ കണക്കു പറയേണ്ടി വരും എന്ന ബോധം ജനിപ്പിക്കാൻ വിവരാവകാശ നിയമത്തിന് കഴിയുമെന്നും വിവരാവകാശ കമ്മീഷണർ എ എ ഹക്കീം പറഞ്ഞു.