*മെഡിക്കല്‍ കോളേജ് റോഡിന് 20 ലക്ഷം രൂപ അനുവദിച്ചു


ഇടുക്കി മെഡിക്കല്‍ കോളേജില്‍ പുതുതായി പണിത പോലീസ് എയ്ഡ് പോസ്റ്റിന്റെയും ന്യൂ ബ്ലോക്കിലെ ലാബിന്റെയും ഉദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിച്ചു. രോഗികള്‍ക്കും ജീവനക്കാര്‍ക്കും ആവശ്യമായ സുരക്ഷാക്രമീകരണങ്ങള്‍ ഒരുക്കുന്നതിന്റെ ഭാഗമായാണ് ആശുപത്രിയിലെ പുതിയ ബ്ലോക്കില്‍ പോലീസിന്റെ എയ്ഡ് പോസ്റ്റ് പ്രവര്‍ത്തനം ആരംഭിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

മെഡിക്കല്‍ കോളേജിലേക്കുള്ള റോഡിന് 20 ലക്ഷം രൂപ അനുവദിച്ചതാണ് മന്ത്രി അറിയിച്ചു. റോഡിന്റെ നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കും. മെഡിക്കല്‍ കോളേജില്‍ പുതിയ ബില്‍ഡിങ്ങില്‍ അത്യാധുനിക സൗകര്യങ്ങളോടെ നിര്‍മ്മാണം പൂര്‍ത്തികരിച്ച ആശാധര ലബോറട്ടറിയുടെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ടി ബിനു പരിപാടിയില്‍ അധ്യക്ഷത വഹിച്ചു.

ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ്, ജില്ലാ പോലീസ് മേധാവി വി. യു കുര്യാക്കോസ് , വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് പോള്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ കെ. ജി സത്യന്‍, ജില്ലാ ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ സി. വി വര്‍ഗീസ്, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ബാലകൃഷ്ണന്‍ പി.കെ, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. സുരേഷ് വര്‍ഗീസ്, സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്.പി ജില്‍സണ്‍ മാത്യു, കക്ഷിരാഷ്ട്രീയ നേതാക്കളായ അനില്‍ കൂവപ്ലാക്കല്‍, സിഎം അസ്സീസ്, സണ്ണി ഇല്ലിക്കല്‍, മെഡിക്കല്‍ കോളേജ് ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.