ഇടുക്കി മെഡിക്കല്‍ കോളേജില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ അക്കാദമിക മികവിനായി അടിസ്ഥാനസൗകര്യങ്ങളും സംവിധാനങ്ങളും ഒരുക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. എംഎല്‍എയുടെ ആസ്ഥിവികസനഫണ്ടില്‍ നിന്നും കോളേജിന് അനുവദിച്ച ബസ് ഫ്‌ളാഗ് ഓഫ് ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുക സര്‍ക്കാരിന്റെ കടമയാണെന്നും അതിന് സാധ്യമായതെല്ലാം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.

26 ലക്ഷം രൂപ മുതല്‍ മുടക്കി 44 സീറ്റുകളുള്ള ബസാണ് കോളേജിന് അനുവദിച്ചത്. മെഡിക്കല്‍ കോളേജിന് അനുവദിച്ച രണ്ടാമത്തെ ബസാണിത്. പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി ബിനു, ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ്, വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് പോള്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ കെ. ജി സത്യന്‍, ജില്ലാ ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ സി. വി വര്‍ഗീസ്, അനില്‍ കൂവപ്ലാക്കല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.