ജില്ലാ പഞ്ചായത്തിന്റെ 2022-23 സാമ്പത്തിക വര്‍ഷത്തെ ജനകീയസൂത്രണത്തിന്റെ ഭാഗമായി കോട്ടപ്പടി പഞ്ചായത്തില്‍ ‘എനി ടൈം മില്‍ക്ക്’ പദ്ധതി ആരംഭിച്ചു. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് നിര്‍വഹിച്ചു. ക്ഷീര സാഗരം പദ്ധതിയുടെ ഭാഗമായി ഗുണഭോക്താക്കളില്‍ നിന്നും ഗുണമേന്മയുള്ള പശുവിന്‍ പാല്‍ ശേഖരിച്ച് ആവശ്യക്കാരിലേക്ക് എത്തിക്കുന്നതാണ് ‘എനി ടൈം മില്‍ക്ക്’ പദ്ധതി.

കോട്ടപ്പടി പഞ്ചായത്ത് നാഗഞ്ചേരിയില്‍ കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിലാണ് പദ്ധതി ആരംഭിച്ചത്. ജില്ലയില്‍ കോട്ടപ്പടിക്കു പുറമെ നെടുമ്പാശേരി – നായത്തോട്, ഇളങ്കുന്നപുഴ എന്നിവിടങ്ങളിലാണ് പദ്ധതി ആരംഭിക്കുന്നത്.

കോട്ടപ്പടി പഞ്ചായത്ത് പ്രസിഡന്റ് മിനി ഗോപി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സനിത റഹീം മുഖ്യ പ്രഭാഷണം നടത്തി. കുടുംബശ്രീ ജില്ലാ മിഷന്‍ അസിസ്റ്റന്റ് കോ- ഓഡിനേറ്റര്‍ കെ. ആര്‍. രജിത പദ്ധതി വിശദീകരിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ എം.ജെ.ജോമി, റാണിക്കുട്ടി ജോര്‍ജ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ മനോജ് മൂത്തേടന്‍, ശാരദ മോഹന്‍, ഷൈമി വര്‍ഗീസ്, പഞ്ചായത്ത് അംഗം മെറ്റിന്‍ മാത്യു, സി. ഡി. എസ്. ചെയര്‍പേഴ്‌സണ്‍ ഓമന രമേശ് തുടങ്ങിയവര്‍ പങ്കെടുത്തു.